തിരുവൈരാണിക്കുളം∙ മഹാദേവ ക്ഷേത്രത്തിൽ ഇത്തവണത്തെ നടതുറപ്പ് ഉത്സവത്തിൽ ഏറ്റവും തിരക്കേറിയ ദിവസങ്ങളായിരുന്നു കഴിഞ്ഞ 2 ദിവസം. അവധി ദിനങ്ങൾ അടുത്തു വന്നപ്പോൾ തിരക്ക് നിയന്ത്രണാതീതമായി.
ശനി രാവിലെ ആരംഭിച്ച ഭക്തജന പ്രവാഹം ഇന്നലെ രാത്രിവരെ നീണ്ടു.
ഇന്നലെ രാത്രി വരിയിൽ നിൽക്കുന്നവരെല്ലാം തൊഴുതുകഴിഞ്ഞ് നട അടച്ചപ്പോൾ അർധരാത്രിയോടടുത്തു. ഇന്നലെ വെളുപ്പിന് 4ന് നട
തുറക്കുകയും ചെയ്തു. അതിനാൽ നട
അടഞ്ഞു കിടന്നപ്പോഴും പുലർച്ചെ ദർശനം നടത്താനുള്ളവരുടെ വരി നീണ്ടുകൊണ്ടിരുന്നു. 12 ദിവസത്തെ നടതുറപ്പ് ഉത്സവം സമാപിക്കാൻ ഇനി 2 ദിവസം മാത്രം ശേഷിക്കെ ഇതുവരെ ദേവീ ദർശനം നടത്താൻ കഴിയാത്തവർ ഇനി എത്തിച്ചേരും.
വർഷത്തിൽ 12 ദിവസം മാത്രം ദർശനം നൽകുന്ന പാർവതീദേവിയുടെ നട
നാളെ അടച്ചാൽ അടുത്ത ധനുമാസ തിരുവാതിരയ്ക്കേ തുറക്കുകയുള്ളു.കനത്ത തിരക്കിനിടയിലും ഭക്തർക്ക് സുഗമമായ ദർശനം നടത്താൻ ക്ഷേത്ര ട്രസ്റ്റിന്റെ കൃത്യമായ ആസൂത്രണത്തിലൂടെ കഴിഞ്ഞു. വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതൽ ബുക്കിങ് കഴിഞ്ഞ 2 ദിവസങ്ങളിലായിരുന്നു. രണ്ടര ലക്ഷത്തോളം പേർ വെർച്വൽ ക്യൂ ബുക്കിങ് വഴി ദർശനം നടത്തി.
നടതുറപ്പ് ഉത്സവ നാളുകളിൽ ഏറ്റവും കൂടുതൽ ഭക്തർ നടത്തിയ വഴിപാട് ദേവീ നടയ്ക്കൽ മഞ്ഞൾപറ നിറയ്ക്കലാണ്. 10 ദിവസത്തിനുള്ളിൽ മഞ്ഞൾ പറ വഴിപാട് ഒരു ലക്ഷം പിന്നിട്ടു.
എല്ലാ ദിവസവും നട അടച്ചതിനു ശേഷം ജനങ്ങൾ ഒഴിഞ്ഞു പോയതിനു പിന്നാലെ ക്ഷേത്രവും പരിസരവും ക്യൂ ഗ്രൗണ്ടുകളും ഹരിത കർമ സേനയും ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ശുചീകരണ തൊഴിലാളികളും ചേർന്ന് വൃത്തിയാക്കുന്നു.
ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം മാലിന്യം വേർതിരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുകയാണ്. അതിനാൽ ജനത്തിരക്കിനിടയിലും ക്ഷേത്രവും പരിസരവും വൃത്തിയായി കിടക്കുന്നു.
ദർശനപുണ്യം തേടിയവർക്ക് സ്നേഹം വിളമ്പിയ മാതൃക
തിരുവൈരാണിക്കുളം∙ മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനുള്ള നീണ്ട
നിരയിൽ നിന്നു വലഞ്ഞ ഭക്തർക്ക് വെള്ളാരപ്പിള്ളി മസ്ജിദുന്നൂർ ജുമാ മസ്ജിദ് അധികൃതരുടെ കുളിർമയുള്ള കാരുണ്യം. പള്ളിയുടെ ഭാഗത്തേക്ക് ക്യൂ നീണ്ടപ്പോൾ വരിയിൽ നിൽക്കുന്നവർക്ക് തണുത്ത സംഭാരവും ലഘുഭക്ഷണവും നൽകി.
കൂടാതെ പള്ളി മുറ്റത്തെ തണലിൽ വിശ്രമിക്കാൻ ഇടം കൊടുക്കുകയും മസ്ജിദിന്റെ ശുചിമുറികൾ തീർഥാടകർക്ക് തുറന്നു കൊടുക്കുകയും ചെയ്തു.
ഇന്നലെ ദർശനത്തിനുള്ള ജനറൽ ക്യൂ ഗ്രൗണ്ട് കവിഞ്ഞ് പുറത്തേക്ക് നീണ്ടു. കെവിഎസ് യുപി സ്കൂൾ റോഡ് പിന്നിട്ട് തീർഥാടകരുടെ നിര വെള്ളാരപ്പിള്ളി മസ്ജിദുന്നൂർ ജുമാ മസ്ജിദും കഴിഞ്ഞു.
മണിക്കൂറുകൾ വരിയിൽ കാത്തു നിൽക്കുന്നവർ വലഞ്ഞു. ശുചിമുറിയിൽ പോകാനും കഴിയാതെ പലരും വിഷമിച്ചു.
ഇതിനിടെ ഉച്ചവെയിൽ കനത്ത സമയത്താണ് മസ്ജിദിന്റെ ഗേറ്റുകൾ തുറക്കപ്പെട്ടത്.
സംഭാരം നിറച്ച സ്റ്റീൽ പാത്രങ്ങളുമായി ഇമാം ഷെഹിൻ മുഹമ്മദ് ബാഖവി, മഹല്ല് പ്രസിഡന്റ് അബ്ദുലൈസ് , മുഹദ്ദീൻ അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ മഹല്ല് ഭാരവാഹികളും പരിസരവാസികളും പുറത്തേക്ക് വന്നു. ക്യൂവിന് അരികിലൂടെ ഉടനീളം നടന്ന അവർ തീർഥാടകർക്ക് സംഭാരം നൽകി അവരുടെ ദാഹത്തിനും വിശപ്പിനും ശമനം വരുത്തി .ഇതോടൊപ്പം മസ്ജിദ് അങ്കണത്തിലെ മരത്തണലും ശുചിമുറികളും തീർഥാടകർക്ക് ആശ്വാസമായി. മഹല്ല് ഭാരവാഹികളുടെയും പരിസരവാസികളുടെയും കരുതലിനു തീർഥാടകർ ഹൃദയം കൊണ്ടു നന്ദിയർപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

