കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജനഹിതം അറിയാൻ ഏറെയൊന്നും കാത്തിരിക്കേണ്ടെങ്കിലും പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടിക്കിഴിക്കലുകൾക്ക് അവസാനമില്ല. ശതമാനം കുറഞ്ഞാലും കൂടിയാലും യുഡിഎഫിന്റെ അടിത്തറയ്ക്കൊരു ഇളക്കവുമില്ലെന്നു കോൺഗ്രസ് നേതാക്കൾ പറയുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ 1300 വോട്ടുള്ള ഒരു ബൂത്തിൽ ചുരുങ്ങിയത് 30–40 വോട്ടർമാർ വിദേശത്തു പഠനത്തിനോ ജോലിക്കോ ആയി പോയിട്ടുള്ളവരാണ്.
വോട്ടർ പട്ടികയിൽ പേരുള്ള 80 % ആളുകളേ നാട്ടിലുള്ളൂ. ഇതാണു പോളിങ് ശതമാനത്തിലെ കുറവിനു കാരണമെന്ന് എല്ലാ പാർട്ടികളും ഒരുപോലെ സമ്മതിക്കുന്നു.
സർക്കാരിനെതിരെയുള്ള വിരുദ്ധ വികാരം ഉണ്ടെങ്കിൽ പോളിങ് ഉയരേണ്ടതായിരുന്നുവെന്ന് എൽഡിഎഫ് സമാധാനിക്കുന്നു. പഞ്ചായത്തുകളിൽ ആധിപത്യം തുടരുമെന്നു യുഡിഎഫും നില മെച്ചപ്പെടുത്തുമെന്ന് എൽഡിഎഫും പറയുന്നു.
∙ ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തുമെന്നു യുഡിഎഫ് ആണയിടുമ്പോൾ തിരിച്ചുപിടിക്കുമെന്ന് എൽഡിഎഫ് ഉറപ്പുപറയുന്നു. ബിജെപിക്ക് ജില്ലാ പഞ്ചായത്തിന്റെ പേരിൽ പ്രത്യേക അവകാശവാദമില്ല.
28 സീറ്റിൽ തിരഞ്ഞെടുപ്പിനു മുൻപുതന്നെ യുഡിഎഫിന് സ്ഥാനാർഥിയില്ലാത്തതിനാൽ കടമക്കുടി പോയി. ബാക്കി 27 ൽ 15–16 സീറ്റ് പിടിക്കുമെന്നാണു യുഡിഎഫ് പറയുന്നത്.
കഴിഞ്ഞ തവണ 9 സീറ്റുണ്ടായിരുന്ന എൽഡിഎഫ് സീറ്റ് എണ്ണം പറയുന്നില്ലെങ്കിലും അതിൽ നിന്നു മുന്നേറ്റമുണ്ടാക്കുമെന്ന് ഉറപ്പിക്കുന്നു.
∙ കോർപറേഷനിലാണു മൂന്നു മുന്നണികളുടെയും പ്രസ്റ്റീജ് പോരാട്ടം. യുഡിഎഫും എൽഡിഎഫും ഇവിടെ തുല്യശക്തികളാകാനാണു സാധ്യത.
ഒരു പക്ഷേ ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള അധികാരം ബിജെപിക്കും വന്നുകൂടായ്കയില്ല. അവകാശവാദങ്ങളിൽ ആരും അധികമങ്ങു മുന്നോട്ടു പോകുന്നുമില്ല.33 മുതൽ 42 സീറ്റ് വരെ സീറ്റ് ലഭിക്കുമെന്നാണു യുഡിഎഫ് പ്രതീക്ഷ.
ഏറ്റവും മോശം സാഹചര്യത്തിലാണു 33 സീറ്റ് യുഡിഎഫ് കാണുന്നത്. എന്നാൽ ഭരണം നിലനിർത്തുമെന്നും വ്യക്തമായ മേൽക്കൈ ഉണ്ടെന്നും എൽഡിഎഫ് അവകാശപ്പെടുന്നു.
38 മുതൽ 42 സീറ്റ് വരെയാണ് എൽഡിഎഫ് പ്രതീക്ഷ. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ എൽഡിഎഫ് സീറ്റ് 34 വരെ താഴാമെന്നും അവർ രഹസ്യമായി സമ്മതിക്കുന്നു.
നിലവിൽ 5 സീറ്റുള്ള ബിജെപി 7 സീറ്റുവരെ നേടുമെന്നാണു അവരുടെ കണക്കൂകൂട്ടൽ. ബിജെപി സീറ്റ് 4 ആയി കുറയാനും സാധ്യതയുണ്ട്.
39 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
∙ ജില്ലയിലെ 13 നഗരസഭകളിൽ യുഡിഎഫിനു ഭൂരിപക്ഷമുണ്ട്. ഇക്കുറി ആ പതിവു തെറ്റിക്കുമെന്ന് എൽഡിഎഫും കൂടുതൽ കരുത്തു കാണിക്കുമെന്ന് യുഡിഎഫും അവകാശപ്പെടുന്നു.
ചരിത്രത്തിൽ ആദ്യമായി ജില്ലയിൽ ഒരു നഗരസഭയിൽ ബിജെപി പ്രതീക്ഷ വയ്ക്കുന്നു– തൃപ്പൂണിത്തുറയിൽ. നിലവിൽ ഇവിടെ മുഖ്യ പ്രതിപക്ഷ കക്ഷിയാണു ബിജെപി.കോതമംഗലം നഗരസഭാ ഭരണം എൽഡിഎഫിൽ നിന്നു യുഡിഎഫിലേക്കു മാറാനാണു സാധ്യത കൂടുതൽ.
20 സീറ്റിനു മുകളിൽ ലഭിക്കുമെന്നു യുഡിഎഫ് അവകാശപ്പെടുമ്പോൾ എൽഡിഎഫ് പ്രതീക്ഷ കൈവിടുന്നില്ല. അതേ സമയം മൂവാറ്റുപുഴയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്താൻ സാധ്യതയുണ്ട്.
എൽഡിഎഫ് 17 – 20 സീറ്റ് പ്രതീക്ഷിക്കുമ്പോൾ യുഡിഎഫ് 20–23 ആണ് സാധ്യത കൽപിക്കുന്നത്. ബിജെപി 10 സീറ്റ് വരെ കണക്കാക്കുന്നു.
എൽഡിഎഫ് ഭരണത്തിലായിരുന്ന കൂത്താട്ടുകുളത്ത് ഇക്കുറി കാറ്റ് യുഡിഎഫിന് അനുകൂലമാണോ എന്ന് എൽഡിഎഫ് തന്നെ ആശങ്കപ്പെടുന്നു.
പാർട്ടി അംഗമായിരുന്ന കല രാജു കൂറുമാറി യുഡിഎഫ് പിന്തുണയോടെ ചെയർപഴ്സനായതോടെയാണു എൽഡിഎഫിന് ഇവിടെ ഭരണം നഷ്ടമായത്. ശക്തമായ മത്സരമായിരുന്നു എൽഡിഎഫിന്റേത്.
14–16 സീറ്റാണ് യുഡിഎഫ് പ്രതീക്ഷ പിറവത്ത് 16 സീറ്റ് വരെ നേടുമെന്നു യുഡിഎഫും നേരിയ മാർജിനെങ്കിലും ജയിക്കുമെന്ന് എൽഡിഎഫും വിശ്വസിക്കുന്നു. തൃപ്പൂണിത്തുറയിൽ ഏറ്റവും വലിയ കക്ഷിയാകുമെന്ന പ്രതീക്ഷയിലാണു ബിജെപി.
നിലവിൽ 17 സീറ്റുള്ള പാർട്ടി 23–24 സീറ്റ് പ്രതീക്ഷിക്കുന്നു. 53 ഡിവിഷനുള്ള നഗരസഭയിൽ 27 ആണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
എൽഡിഎഫ് മികച്ച ഭൂരിപക്ഷം അവകാശപ്പെടുമ്പോൾ കോൺഗ്രസിനു നിലമെച്ചപ്പെടുമെന്ന പ്രതീക്ഷയേ തൽക്കാലം ഉള്ളൂ.
മരടിൽ യുഡിഎഫ് ഭരണം തുടരാനാണു സാധ്യതയെന്നാണു പൊതു വിലയിരുത്തൽ. ആകെ 35 ഡിവിഷനുള്ള ഇവിടെ യുഡിഎഫ് 22 സീറ്റ് വരെ അവകാശപ്പെടുന്നു.
എൽഡിഎഫ് 19 പ്രതീക്ഷിക്കുന്നു. തൃക്കാക്കരയിൽ ഇക്കുറി ഭരണമാറ്റത്തിനു സാധ്യതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു.
ശക്തമായ മത്സരം നടന്ന ഇവിടെ ആരു ജയിച്ചാലും രണ്ടോ മൂന്നോ സീറ്റ് മാർജിനിലാവും ഭരണം. യുഡിഎഫ് 28– 30 സീറ്റ് പ്രതീക്ഷിക്കുന്നു.
എൽഡിഎഫ് പ്രതീക്ഷ 30 സീറ്റാണ്.46 ഡിവിഷനുള്ള കളമശേരിയിലും ശക്തമായ മത്സരമായിരുന്നു. ഭരണത്തുടർച്ചയിൽ ഒരു ആശങ്കയുമില്ലെന്നു യുഡിഎഫും ഇക്കുറി അട്ടിമറിക്കുമെന്നു എൽഡിഎഫും പറയുന്നു.
30–35 സീറ്റാണ് യുഡിഎഫ് അവകാശവാദം. എൽഡിഎഫ് 30 സീറ്റ് വരെ കണക്കുകൂട്ടുന്നു.
എൽഡിഎഫ് ഭരണത്തിലുള്ള ഏലൂരിൽ യുഡിഎഫ് അട്ടിമറി സ്വപ്നം കാണുന്നു. ബിജെപി മറ്റു രണ്ടു മുന്നണികൾക്കൊപ്പം വന്ന് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന സാഹചര്യവും ഉണ്ടായേക്കാം.
പറവൂരിൽ എൽഡിഎഫ് ഭരണമാറ്റത്തിന്റെ കാറ്റ് പ്രതീക്ഷിക്കുന്നു.
തുടർച്ചയായി 3 ടേം യുഡിഎഫിനായിരുന്നു ഇവിടെ ഭരണം. ബിജെപിക്ക് നിലവിൽ 3 സീറ്റുണ്ട്.
അത് അതേപടി തുടർന്നേക്കാം. ആലുവയിൽ ആരും അത്ഭുതം പ്രതീക്ഷിക്കുന്നില്ല.
യുഡിഎഫ് തന്നെ അധികാരത്തിലെത്താനാണു സാധ്യത. അതേ സമയം ബിജെപിയുടെ അംഗ സംഖ്യ കുറയാനും സാധ്യതയുണ്ട്. അങ്കമാലിയിൽ കൂടുതൽ കരുത്തോടെ തുടരുമെന്ന് യുഡിഎഫും 21 സീറ്റ് വരെ നേടുമെന്ന് എൽഡിഎഫും അവകാശപ്പെടുന്നു.
പെരുമ്പാവൂരിൽ എൽഡിഎഫിനു നേരിയ മേൽക്കൈ ഉണ്ടെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. ബിജെപിക്ക് നിലവിലുള്ള 4 സീറ്റ് 6 വരെ ഉയർന്നേക്കാം.
എൽഡിഎഫ് പ്രതീക്ഷ 16 സീറ്റാണ്. യുഡിഎഫ് 17 പ്രതീക്ഷിക്കുന്നു.
ബിജെപി 15 സീറ്റ് അവകാശപ്പെടുന്നു. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കൗൺസിൽ വരാനും സാധ്യതയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

