കാക്കനാട് ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവമൊഴിഞ്ഞു. പ്രചാരണ സാമഗ്രികൾ നിരത്തുകളിൽ നിന്നു നീക്കി.
ഇനി 13 വരെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്. തൃക്കാക്കര നഗരസഭ പരിധിയിലെ ഭൂരിഭാഗം വാർഡുകളിലും വോട്ടെടുപ്പു കഴിഞ്ഞതോടെ സ്ഥാനാർഥികളും പ്രവർത്തകരും മുൻകയ്യെടുത്ത് പ്രചാരണ സാമഗ്രികളെല്ലാം നീക്കി.
ചില വാർഡുകളിൽ ഇപ്പോഴും സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും തുടരുന്നുണ്ട്. വാർഡ് നിറയെ സ്ഥാപിച്ചിരുന്ന ബോർഡുകൾ തിങ്കളാഴ്ച വൈകുന്നേരത്തോടെ അഴിച്ചെടുത്ത് പോളിങ് ബൂത്തുകളിലേക്കുള്ള വഴികളിലേക്ക് മാറ്റിയിരുന്നു.
വോട്ടു ചെയ്യാനെത്തുന്നവരുടെ ശ്രദ്ധയിൽ തങ്ങളുടെ സ്ഥാനാർഥികളുടെ മുഖം വീണ്ടും പതിയട്ടെയെന്ന ചിന്തയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പോളിങ് ബൂത്തുകളിലേക്കുള്ള വഴികൾ നിറയെ പ്രചാരണ ബോർഡുകളും മറ്റു സാമഗ്രികളും സ്ഥാപിച്ചിരുന്നു.
നഗര പ്രദേശങ്ങളിൽ പോളിങ് ബൂത്തിന് 100 മീറ്റർ ദൂരെ വരെ ഇവ സ്ഥാപിക്കാൻ അനുമതി നൽകി. പഞ്ചായത്തു പ്രദേശങ്ങളിൽ ബൂത്തിൽ നിന്ന് 200 മീറ്റർ അകലെ വരെ മാത്രമേ പ്രചാരണ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നുള്ളു.
പോളിങ് ബൂത്തിലേക്കുള്ള വഴികളിൽ പൊതു സ്ഥലത്തും സ്ഥാനാർഥികളുടെ ബോർഡുകൾ ഇടം പിടിച്ചപ്പോൾ ഒരു ദിവസത്തേക്കല്ലേയെന്ന മട്ടിൽ അധികാരികൾ അതു കണ്ടതായി നടിച്ചതുമില്ല.
ചൊവ്വാഴ്ച വൈകിട്ട് 6ന് വോട്ടെടുപ്പ് പൂർത്തിയാക്കി വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തു വിട്ടതോടെ പ്രവർത്തകർ ബൂത്തിലേക്കുള്ള ഭൂരിഭാഗം പ്രചാരണ സാമഗ്രികളും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലേക്ക് മാറ്റി. ശേഷിക്കുന്നവ ഇന്നലെ നീക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

