മുളന്തുരുത്തി ∙ ആരക്കുന്നത്ത് സ്കൂൾ വളപ്പിൽ തുടർച്ചയായ ദിവസങ്ങളിൽ തെരുവുനായ് ആക്രമണം, വിദ്യാർഥിക്കും ബസ് ഡ്രൈവർക്കും കടിയേറ്റു. പത്താം ക്ലാസ് വിദ്യാർഥി സച്ചിൻ സജീവ്, സ്കൂൾ ബസ് ഡ്രൈവർ സനൽ കുര്യാക്കോസ് എന്നിവരെയാണു തെരുവുനായ കടിച്ചത്.
വ്യാഴാഴ്ചയും ഇന്നലെയുമായാണു നായ ആക്രമണം നടത്തിയത്. സ്കൂൾ വളപ്പിലെ തെരുവുനായ ശല്യത്തിനെതിരെ 2 മാസം മുൻപ് സ്കൂൾ അധികൃതർ മുളന്തുരുത്തി പഞ്ചായത്തിൽ പരാതി നൽകിയിരുന്നെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം.
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ ഇടവേളയ്ക്കു ക്ലാസ്മുറിയിൽ നിന്നു പുറത്തേക്കു പോകവേയാണ് വിദ്യാർഥിയെ നായ കടിച്ചത്.
ഓഫിസ് മുറിക്കു സമീപത്തെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ അടിയിൽ കിടന്ന നായയാണു സച്ചിനെ ആക്രമിച്ചത്. പേടിച്ചു നിലവിളിച്ചതിനെത്തുടർന്നു മറ്റു വിദ്യാർഥികളെത്തിയാണു രക്ഷപ്പെടുത്തിയത്.
കുട്ടിയുടെ കാലിൽ ആഴത്തിൽ മുറിവേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആണു സനലിന്റെ കാലിൽ സ്കൂൾ ബസിനടിയിൽ കിടന്ന നായ കടിച്ചത്.
ഇരുവരെയും പിറവം ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു റാബിസ് വാക്സിനേഷനും മൂവാറ്റുപുഴ ഗവ.
ആശുപത്രിയിലെത്തിച്ച് പേ വിഷബാധ ഇആർഐജി കുത്തിവയ്പും എടുത്തു.
സ്കൂൾ വളപ്പിൽ നായ്ക്കൾ വിലസുന്നു
ആരക്കുന്നം സ്കൂൾ വളപ്പിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായിട്ടു കാലങ്ങളായി. കൂട്ടമായെത്തുന്ന നായ്ക്കൾ സ്കൂൾ വളപ്പിലാണു പ്രധാനമായും തമ്പടിക്കുന്നത്. അക്രമകാരികളാകുന്ന നായ്ക്കൾ വിദ്യാർഥികൾക്കടക്കം ഭീഷണിയായതോടെ കഴിഞ്ഞ ജൂലൈയിലാണു പിടിഎ മുളന്തുരുത്തി പഞ്ചായത്തിൽ പരാതി നൽകിയത്.
വിദ്യാർഥികളുടെ ജീവനു വരെ ഭീഷണിയായ വിഷയമായിട്ടും കാര്യമായി നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണ് ആക്ഷേപം.
നായ ശല്യത്തിനെതിരെ പിടിഎ നൽകിയ പരാതി മറ്റ് ഓഫിസുകളിലേക്കു കൈമാറിയിട്ടുണ്ടെന്ന മറുപടി മാത്രമാണു പഞ്ചായത്തിൽ നിന്നു ലഭിച്ചതെന്നു പിടിഎ പ്രസിഡന്റ് എം.മനോജ് കുമാർ പറഞ്ഞു. പത്തോളം നായ്ക്കളെ സ്കൂൾ വളപ്പിൽ സ്ഥിരമായി കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സ്കൂൾ വളപ്പിലും ആരക്കുന്നം പള്ളി ഗ്രൗണ്ടിലും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കടിയിലെ തണലിലാണ് ഇവ പകൽ സമയങ്ങളിൽ കിടക്കുന്നത്. ഇതിനാൽ നായ്ക്കളെ പേടിച്ചു കുട്ടികളെ ഇടവേളകളിൽ പോലും പുറത്തിറക്കാൻ ഭയമാണെന്നാണു സ്കൂൾ അധികൃതർ പറയുന്നത്. ഇതിനിടെയാണു വിദ്യാർഥിയെയും ഡ്രൈവറെയും നായ ആക്രമിച്ചത്.
സംഭവത്തെ തുടർന്നു തെരുവുനായ് ഭീഷണിക്കു ശാശ്വതപരിഹാരം ആവശ്യപ്പെട്ട് പിടിഎ കലക്ടർക്കു പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]