പറവൂർ ∙ മികച്ച കളിക്കളം ഇല്ലാത്തതിനാൽ സ്കൂൾ കായിക മേളയിലെ അത്ലറ്റിക്സ് മത്സരങ്ങൾ തുടർച്ചയായ 13–ാം വർഷവും നടത്തിയത് ഉപജില്ലയ്ക്ക് പുറത്ത്. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലായിരുന്നു 2 ദിവസത്തെ മേള.
യാത്രയ്ക്കായി മാത്രം പതിനായിരം രൂപയോളം മുടക്കിയാണ് ഓരോ വിദ്യാലയവും കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ എത്തിച്ചത്. അടുത്ത വർഷമെങ്കിലും ഉപജില്ലയിൽ തന്നെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
5 മുതൽ പ്ലസ്ടു വരെ രണ്ടായിരത്തോളം വിദ്യാർഥികൾ അത്ലറ്റിക്സിൽ പങ്കെടുത്തു. മത്സരങ്ങൾ കഴിഞ്ഞു പലരും തിരിച്ചെത്തിയപ്പോൾ രാത്രിയായി.
ഏറെക്കാലമായി നശിച്ചു കിടന്നിരുന്ന മുനിസിപ്പൽ സ്റ്റേഡിയം 10 കോടി രൂപ ചെലവിൽ നവീകരിക്കുന്നതിനു തുടക്കമിട്ടെങ്കിലും അവിടെ ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയ്ക്കാണ് പ്രാധാന്യം. അത്ലറ്റിക്സിന് കൂടി സൗകര്യമൊരുക്കണമെന്നു കായികാധ്യാപകർ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുള്ള സൗകര്യം മൈതാനിയിൽ ഇല്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ, സ്റ്റേഡിയത്തിൽ 200 മീറ്റർ ട്രാക്ക് എങ്കിലും ഒരുക്കാൻ കഴിയുമായിരുന്നെന്നാണ് കായികാധ്യാപകനായ ടി.ആർ.ബിന്നി പറയുന്നത്.
അത്ലറ്റിക്സിനായി നഗരസഭാതിർത്തിയിൽ വെടിമറയിലുള്ള മൈതാനത്ത് സിന്തറ്റിക് ട്രാക്ക് ഒരുക്കുമെന്നും ഡിപിആർ ഉൾപ്പെടെ എത്രയും വേഗം തയാറാക്കി തിരഞ്ഞെടുപ്പിന് മുൻപു ഭരണാനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്നും മുനിസിപ്പൽ സ്റ്റേഡിയം നവീകരണ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടായാൽ മാത്രമേ അടുത്ത വർഷമെങ്കിലും അത്ലറ്റിക്സ് പറവൂരിൽ തന്നെ നടത്താനാകൂ.
പറവൂർ ഉപജില്ലാ സ്കൂൾ കായികമേള: പുത്തൻവേലിക്കര വിസിഎസ് ഹയർസെക്കൻഡറി സ്കൂൾ ജേതാക്കൾ
പറവൂർ ∙ ഉപജില്ലാ സ്കൂൾ കായികമേളയിൽ 258 പോയിന്റുമായി പുത്തൻവേലിക്കര വിസിഎസ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. 33 സ്വർണവും 19 വെള്ളിയും 11 വെങ്കലവും കരസ്ഥമാക്കി.
123 പോയിന്റ് നേടി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 94 പോയിന്റോടെ കരിമ്പാടം ഡിഡിസഭ ഹൈസ്കൂൾ 3–ാം സ്ഥാനവും നേടി. ജേതാക്കൾക്ക് എഇഒ നിഖില ശശി ട്രോഫി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]