ചോറ്റാനിക്കര ∙ കൊച്ചിൻ റിഫൈനറിയിലെ തീപിടിത്തത്തെ തുടർന്നു ജില്ലാ കലക്ടർ ഇടപെട്ട് ചോറ്റാനിക്കരയിലെ ലോഡ്ജിലേക്കു മാറ്റിത്താമസിപ്പിച്ച അയ്യൻകുഴി നിവാസികളെ ലോഡ്ജിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തിൽ കലാശിച്ചു. ലോഡ്ജിലെ മുറികൾ ഉടമ പൂട്ടിയതോടെയാണു പ്രതിഷേധത്തിന്റെ തുടക്കം.
താമസക്കാർ ജോലിക്കു പോയ സമയത്താണു മുറികൾ ഉടമ പൂട്ടിയത്. താമസക്കാർ തിരിച്ചെത്തിയപ്പോഴാണു വിവരം അറിയുന്നത്.
ഇതോടെയാണ് ഇവർ ലോഡ്ജിനു മുന്നിൽ പ്രതിഷേധം ആരംഭിച്ചത്. പ്രശ്നപരിഹാരത്തിനു ചർച്ചയ്ക്കെത്തിയ സബ് കലക്ടർ ഗ്രന്ഥ സായി കൃഷ്ണയെ രാത്രി വൈകിയും ലോഡ്ജിൽ പ്രതിഷേധക്കാർ തടഞ്ഞു വച്ചു.
ജൂലൈ 8നു റിഫൈനറിയിലെ ഭൂഗർഭ കേബിൾ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ പ്രദേശമാകെ പുക വ്യാപിച്ചതിനെ തുടർന്നാണു അയ്യൻകുഴിയിൽ താമസിച്ചിരുന്ന 29 കുടുംബങ്ങളെ താൽക്കാലികമായി ലോഡ്ജിലേക്കു മാറ്റിയത്.
സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേർ ഇവിടെ താമസിക്കുന്നുണ്ട്. റിഫൈനറിയിൽ നിന്നാണ് ഇവർക്കു ഭക്ഷണവും നൽകിയിരുന്നത്.
കഴിഞ്ഞ 26 മുതൽ റിഫൈനറി ഇതു നിർത്തി.
അന്നു തന്നെ ലോഡ്ജിൽ നിന്നു മാറണമെന്നു ഉടമ താമസക്കാരെ അറിയിച്ചു. എന്നാൽ ഉത്തരവാദിത്തപ്പെട്ട
അധികാരികൾ അറിയിക്കാതെ ഇവിടെ നിന്നു മാറില്ലെന്നായിരുന്നു ഇവരുടെ നിലപാട്. 5 തവണ മലിനീകരണ നിയന്ത്രണ ബോർഡ് തങ്ങളുടെ വീടിരിക്കുന്ന സ്ഥലം താമസ യോഗ്യമല്ലെന്ന് കണ്ടെത്തിയതിനാൽ തിരികെ പോകാൻ കഴിയില്ലെന്നാണു താമസക്കാർ പറഞ്ഞിരുന്നത്.
ഇതിനിടെയാണ് ഇന്നലെ ലോഡ്ജ് ഉടമ ഇവർ താമസിച്ചിരുന്ന 22 മുറികൾ പൂട്ടിയത്.
ഇതിനെതിരെ പ്രതിഷേധം ആരംഭിച്ചതോടെയാണു സബ് കലക്ടർ ചർച്ചയ്ക്കെത്തിയത്. പൂട്ടിയ മുറികളിൽ താമസിച്ചിരുന്നവരോട് കമ്യൂണിറ്റി ഹാളിലേക്കു മാറാനായിരുന്നു അധികൃതരുടെ നിർദേശം.
എന്നാൽ ഇതിനു വിസമ്മതിച്ചാണ് സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാർ ലോഡ്ജിനുള്ളിൽ സബ് കലക്ടറെ തടഞ്ഞു വച്ചു പ്രതിഷേധം തുടർന്നത്. സംഭവ ശേഷം തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ചു സ്ഥലം എംഎൽഎ പി.വി.ശ്രീനിജിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. രാത്രി 11.20ന് ആണു സബ് കലക്ടർ മടങ്ങിയത്.
സമരക്കാർ രാത്രിയും ലോഡ്ജിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]