
അങ്കമാലി ∙ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന എറണാകുളം ബൈപാസ് (കുണ്ടന്നൂർ ബൈപാസ്) അവലോകന യോഗത്തിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങളും ചർച്ച ചെയ്യാത്തതിൽ ഭൂവുടമകൾക്കു നിരാശ.
യോഗത്തിൽ ഭൂവുടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തില്ല. യോഗത്തിൽ പങ്കെടുപ്പിച്ചതുമില്ല.
കഴിഞ്ഞ ഏപ്രിൽ 23ന് നടത്താൻ തീരുമാനിച്ച യോഗത്തിൽ ഭൂവുടമ പ്രതിനിധികളെയും ഉൾപ്പെടുത്തിയിരുന്നു. മാറ്റിവച്ച യോഗം രണ്ടുമാസം കഴിഞ്ഞു നടത്തിയപ്പോൾ ഭൂവുടമകളെ ഒഴിവാക്കി.
ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച മറ്റു പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു ഭൂവുടമകളെയും ആക്ഷൻ കൗൺസിൽ ഭാരവാഹികളെയും ഉൾപ്പെടുത്തി യോഗം വിളിക്കണമെന്ന് അങ്കമാലി– കുണ്ടന്നൂർ എൻഎച്ച് 544 ബൈപാസ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ബൈപാസ് കടന്നുപോകുന്ന 18 വില്ലേജുകളിലെയും ഭൂവുടമകൾക്കു നിയമപരമായി ലഭിക്കേണ്ട
എല്ലാ അവകാശങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മന്ത്രി പി.രാജീവിനു നിവേദനം നൽകി. ബൈപാസിനായി കിടപ്പാടവും ഭൂമിയും കെട്ടിടസമുച്ചയങ്ങളും കച്ചവടസ്ഥാപനങ്ങളും കാർഷികവിളകളും ഏറ്റെടുക്കുമ്പോൾ 2013ലെ എൽഎആർആർ ആക്ട് പൂർണമായും പാലിച്ച് നഷ്ടപരിഹാരം നിശ്ചയിക്കണമെന്നാണു പ്രധാന ആവശ്യം.
സ്ഥലമെടുപ്പിൽ കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ചു തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
ഇതു സംബന്ധിച്ചു കഴിഞ്ഞ ഏപ്രിലിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ മന്ത്രിസഭ തീരുമാനിക്കണം. കാലപ്പഴക്കം കണക്കാക്കാതെയുള്ള നഷ്ടപരിഹാരം ദേശീയപാത–66, ദേശീയപാത-966 എന്നീ പദ്ധതികൾക്കു മാത്രമാണ് ബാധകമാകൂയെന്നും മറ്റ് സ്ഥലമെടുപ്പുകൾക്കു ബാധകമല്ലെന്നുമാണ് സർക്കാർ ഉത്തരവ്.
തീർപ്പുണ്ടാകുന്നതിനായി ആക്ഷൻ കൗൺസിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയപാതയിൽ അങ്കമാലിയിലെ കരയാംപറമ്പിൽ നിന്നാരംഭിച്ചു കുണ്ടന്നൂരിനു സമീപം നെട്ടൂരിൽ അവസാനിക്കുന്ന ബൈപാസിന്റെ സർവേ നടപടികൾ അടുത്ത മാസം 15നകം പൂർത്തിയാക്കാനാണ് യോഗത്തിലെ തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]