
അരൂർ∙ എഴുപുന്ന – കുമ്പളങ്ങി നിവാസികൾക്ക് യാത്രാ ക്ലേശത്തിന് ഇനിയും പരിഹാരമില്ല. എഴുപുന്ന–കുമ്പളങ്ങി പാലം പൂർത്തിയായിട്ട് ഒന്നര പതിറ്റാണ്ടു പിന്നിടുന്നു.
ദേശീയപാതയ്ക്കു സമാന്തരമായി പശ്ചിമ കൊച്ചിയെയും ആലപ്പുഴയുടെ തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന കുമ്പളങ്ങി–തുറവൂർ റോഡിലൂടെ സർക്കാർ ബസുകളും മറ്റു യാത്രാ സംവിധാനങ്ങളും ഉണ്ടാകുമെന്നാണ് അധികാരികൾ പറഞ്ഞിരുന്നത്.
എന്നാൽ എഴുപുന്ന–ചെല്ലാനം മേഖലകളിലേക്ക് യാത്രാ സൗകര്യം കുറവാണ്.കോവിഡ് കാലത്തിനു മുൻപ് ചേർത്തലയിൽ നിന്നും തോപ്പുംപടിയിലേക്കു ഉണ്ടായിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. മുൻപ് ചേർത്തല, എറണാകുളം ഡിപ്പോകളിൽ നിന്നു കുമ്പളങ്ങി പാലം വഴി ചേർത്തല, എറണാകുളം എന്നിവിടങ്ങളിലേക്ക് 12 ബസുകൾ സർവീസ് നടത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ ഈ സർവീസുകൾ വെട്ടിക്കുറയ്ക്കുകയും പിന്നീട് പൂർണമായും നിർത്തുകയു ചെയ്തു.
ചേർത്തല– എറണാകുളം, ഹൈക്കോടതി, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, തോപ്പുംപടി എന്നീ സ്ഥലങ്ങളിലേക്കു പുലർച്ചെ 5.25നു തുടങ്ങുന്ന ബസ് സർവീസ് വൈകിട്ട് 8 വരെ ഉണ്ടായിരുന്നു.
8 സർവീസുകളാണ് നടത്തിയിരുന്നത്. എറണാകുളത്തു നിന്നു കുമ്പളങ്ങി പാലം വഴി തുറവൂർ, കാക്കനാട്, ചെല്ലാനം, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് 4 സർവീസുകൾ ഉണ്ടായിരുന്നതും നിലച്ചു.പാലം തുറന്നപ്പോൾ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തിയിരുന്നു.
എഴുപുന്ന- കുമ്പളങ്ങി പാലം വഴി കൂടുതൽ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും നടപടിയില്ല.
കെഎസ്ആർടിസി സർക്കുലർ ബസ് സർവീസ് ആരംഭിക്കുകയാണെങ്കിൽ തുറവൂർ, പറയകാട്, കുത്തിയതോട്, എരമല്ലൂർ, എഴുപുന്ന മേഖലകളിൽ നിന്ന് ആയിരക്കണക്കിന് യാത്രക്കാർക്ക് കുമ്പളങ്ങി പെരുമ്പടപ്പ്, തോപ്പുംപടി, മട്ടാഞ്ചേരി മേഖലകളിലേക്ക് പോകാൻ സാധിക്കും. കൂടാതെ ഉയരപ്പാതയുടെ നിർമാണ പ്രവർത്തനം മൂലം ഗതാഗതക്കുരുക്കുകളിൽപ്പെടുന്ന യാത്രക്കാർക്കും ,വാഹനങ്ങൾക്കും ദേശീയപാതയ്ക്കു സമാന്തരമായുള്ള തീരദേശ പാത യാഥാർഥ്യമാകും. ഇതുവഴി കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിനായി പാസഞ്ചേഴ്സ് അസോസിയേഷൻ എഴുപുന്ന മേഖല പ്രസിഡന്റ് കെ.എസ്. അനിൽ കുമാർ അധികാരികൾക്ക് നിവേദനം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]