
ഏലൂർ ∙വീടിന്റെ ഭിത്തിയിലെ ദ്വാരങ്ങളെല്ലാം കടലാസും മറ്റും വച്ച് അടച്ചാണു പലരും വീടിനുള്ളിൽ കഴിയുന്നതെന്ന് ഒരു കൗൺസിലർ തുറന്നു പറയുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഇൻഹേലർ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥ.വൈകിട്ടായാൽ വാർഡിൽ നിന്നു നെബുലൈസർ ആവശ്യപ്പെട്ടുകൊണ്ടുള്ള വിളികളാണെന്നു ആശാവർക്കർ കൂടിയായ കൗൺസിലർ എൽഡ ഡിക്രൂസ് പറയുന്നു.
മറുനാടുകളിൽ പഠിക്കാൻ പോയവരും ജോലിക്കു പോയവരും അവധിക്കു നാട്ടിൽ വരുമ്പോൾ ദുർഗന്ധം സഹിക്കാനാകാതെ അവധി മതിയാക്കി തിരികെ പോകുന്നതു വരെ പതിവായി. സഹിക്കാനാകാത്ത ദുർഗന്ധമാണെന്നും ഈ പ്രദേശത്തെ ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും നഗരസഭാധ്യക്ഷൻ എ.ഡി.സുജിലും സാക്ഷ്യപ്പെടുത്തുമ്പോൾ ഏലൂരിലെ ജീവിതത്തിന്റെ ദുരവസ്ഥ വ്യക്തം.
ഏലൂരിൽ ദിവസം മുഴുവൻ വീട്ടിലിരിക്കുന്ന വീട്ടമ്മമാരുടെ അവസ്ഥ പരിതാപകരമാണ്.
വീടാകെ കരി നിറയും. എന്നും വീടിന്റെ അകവും പുറവും തുടച്ചു വൃത്തിയാക്കിയില്ലെങ്കിൽ ജീവിക്കാനാവില്ല.
വസ്ത്രങ്ങൾ അലക്കി വെളിയിൽ ഉണങ്ങാനിടാനാവില്ല. വീടുകളുടെ ആയുസ്സും കുറയുന്നു. കുട്ടികളിൽ ഭൂരിഭാഗം പേർക്കും ഇൻഹേലറും നെബുലൈസറും വേണ്ടിവരുന്നു.
കുട്ടികളുടെ ബുദ്ധിമുട്ടുകാണുമ്പോൾ നെഞ്ചുപിടയുകയാണെന്നു അമ്മമാർ കണ്ണീരോടെ പറയുന്നു.
വിഷപ്പുകയും ദുർഗന്ധവും ഉറക്കം നഷ്ടപ്പെടുത്തുന്നു. ക്ഷീണവും ആരോഗ്യ പ്രശ്നങ്ങളും വിട്ടുമാറുന്നില്ല.
മഴക്കാലത്തു ദുരിതം ഇരട്ടിയാകും. ശ്വാസകോശ രോഗങ്ങളാണു പലർക്കും. ആശുപത്രിയിലെത്തുമ്പോൾ ഈ പ്രദേശത്തു നിന്നു മാറിത്താമസിക്കാൻ ഡോക്ടർമാർ ആവശ്യപ്പെടുന്നു.
ഏലൂരിലെ വായുമലിനീകരണത്തേക്കുറിച്ചുള്ള അനുഭവമാണിവർ പറയുന്നത്.വിഷപ്പുകയും ദുർഗന്ധവും ഏലൂരിന്റെ ആരോഗ്യാവസ്ഥയെ തകിടം മറിക്കുകയാണ്.മലിനീകരണം താങ്ങാനാവാതെ പാതാളത്തു നിന്നുമാത്രം മുപ്പതോളം വീട്ടുകാർ മറ്റിടങ്ങളിലേക്കു താമസം മാറ്റിയെന്നു കൗൺസിലർ പി.എം.അയൂബ് വ്യക്തമാക്കി,
2004ൽ ഏലൂരിലെ 9 വാർഡുകളിലാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയർന്നതെങ്കിൽ ഇപ്പോൾ നഗരസഭ മൊത്തത്തിൽ ഇൻഷുറൻസ് പരിരക്ഷ വേണമെന്ന നിലയിലായി. ജില്ലയിൽ ഏറ്റവും ഹോട്ട് സ്പോട്ട് ആയിട്ടുള്ള പ്രദേശമാണ് ഏലൂരെന്നു മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) തുറന്നു സമ്മതിക്കുന്നു.
എടയാറിൽ പ്രവർത്തിക്കുന്ന കമ്പനികൾ നടത്തുന്ന മലിനീകരണത്തിന്റെ ദുരിതം അനുഭവിക്കുന്നത് ഏലൂർ നഗരസഭയിലെ ജനങ്ങളാണ്. ദുർഗന്ധവും വിഷപ്പുകയും അനുഭവിക്കാനാകാതെ കുടുംബങ്ങൾ ഭൂമി വിറ്റും വാടകവീടു തേടിയും ഇവിടം വിടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]