തിരുവനന്തപുരം ∙ അങ്കമാലി–എരുമേലി ശബരി റെയിൽപാതയുടെ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകൾ കേരളം വഹിക്കണമെന്നും ഇത് സംസ്ഥാനത്തിന്റെ 50% വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ.
ഭൂമിയേറ്റെടുക്കൽ ഓഫിസുകൾ തുറക്കുന്നതിന്റെയും അവയുടെ നടത്തിപ്പിന്റെയും ചെലവു പങ്കിടുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു ഗതാഗത വകുപ്പ് നൽകിയ കത്തിനുള്ള മറുപടിയിലാണു റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി ചെലവിന്റെ പകുതി വിഹിതമായ 1,900 കോടി രൂപ കിഫ്ബി വഴി അനുവദിക്കുമെന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിൽ 1,300 കോടി രൂപ ഭൂമിയേറ്റെടുക്കാൻ വേണ്ടി വരുമെന്നാണു പ്രതീക്ഷിക്കുന്നത്. റെയിൽവേ ബജറ്റിൽ 505 കോടി രൂപ ശബരി പദ്ധതിക്കായി അനുവദിച്ചിട്ടുണ്ടെങ്കിലും ഭൂമിയേറ്റെടുക്കാതെ ഈ പണം ചെലവഴിക്കാൻ കഴിയില്ല.
ഭൂമിയേറ്റെടുക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ സാമ്പത്തികവർഷം തീരുന്ന മുറയ്ക്കു പണം പാഴായി പോകാൻ സാധ്യതയുണ്ട്.
ഇത് ഒഴിവാക്കാൻ അങ്കമാലി–കാലടി പാതയിലെ ശേഷിക്കുന്ന പണികൾ പൂർത്തിയാക്കണമെന്നു ശബരി ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ ആവശ്യപ്പെട്ടു.
പാത വൈദ്യുതീകരണം, ചില സ്ഥലങ്ങളിൽ ട്രാക്ക് നിർമാണം എന്നിവയാണു ബാക്കിയുള്ളത്. 50 കോടി രൂപ ചെലവഴിച്ചാൽ 6 മാസം കൊണ്ടു പാത ഗതാഗത യോഗ്യമാക്കി കാലടിയിൽ നിന്നു മെമു സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നു ശബരി പദ്ധതിയിൽ പ്രവർത്തിച്ച മുൻ റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
പാലങ്ങളുടെ നിർമാണത്തിനു കരാറുകൾ ക്ഷണിച്ചാൽ ബജറ്റ് വിഹിതം ഈ വർഷം തന്നെ ഉപയോഗിക്കാൻ കഴിയുമെന്നും ഇവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

