
വിഷു: പറക്കും ചക്രം, ഹെലികോപ്റ്റർ, ഫോട്ടോ ഫ്ലാഷ്; ആഘോഷം കളറാക്കാൻ ചെറായി പടക്കവിപണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈപ്പിൻ∙ ജില്ലയിലെ പ്രമുഖ പടക്ക നിർമാണ കേന്ദ്രമായ ചെറായി വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി. വൈവിധ്യമാർന്ന നാടൻ, ചൈനീസ് മോഡൽ പടക്കങ്ങളുടെ വൻ ശ്രേണിയാണ് ഇവിടെ വിൽപനയ്ക്കായി ഒരുക്കിയിട്ടുള്ളത്. പതിവ് ഐറ്റങ്ങൾക്കു പുറമേ പറക്കും ചക്രം, തലയ്ക്കു മീതെ ചീറിപ്പായുന്ന ഹെലികോപ്റ്റർ, തീ കൊടുത്താൽ മിന്നുന്ന ഫോട്ടോ ഫ്ലാഷ്, വേണമെങ്കിൽ കയ്യിൽ പിടിച്ചും പൊട്ടിക്കാവുന്ന അപകടരഹിതമായ 90 വാട്സ് പടക്കം, മോജിറ്റോ, തിരി കൊളുത്തിയാൽ പീലി വിടർത്തുന്ന മയിൽ, കോക്ടെയ്ൽ, ടൊർണാഡോ, വോൾക്കാനോ, ഒറിയോ തുടങ്ങിയവയാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ.
കൂടാതെ വൈവിധ്യമാർന്ന കുറ്റിപ്പൂവുകൾ, വീട്ടുമുറ്റങ്ങളെ പൂരപ്പറമ്പാക്കി മാറ്റി ഒറ്റത്തിരിയിൽ 12 മുതൽ 120 എണ്ണം വരെ ആകാശത്തിലേക്ക് ഉയരുന്ന അമിട്ടുകൾ ഉൾപ്പെടെയുള്ള ചൈനീസ് മോഡലുകളുടെ വൻ നിരയുമുണ്ട്. മറ്റു പടക്ക നിർമാണ– വിപണന മേഖലകളെ അപേക്ഷിച്ചുള്ള വൻ വിലക്കുറവാണ് ചെറായിയിലെ പ്രധാന ആകർഷണമെന്ന് ഇവിടത്തെ പ്രമുഖ പടക്ക നിർമാണ വിതരണ കമ്പനിയായ ചന്ദ്ര ഫയർ വർക്സിന്റെ മാനേജിങ് പാർട്ണർ ഒ.സി.സൈജു പറയുന്നു. കൂടാതെ ഗുണ നിലവാരത്തിലും സുരക്ഷിതത്വത്തിലും ചെറായി പടക്കങ്ങൾ മുന്നിലാണ്.
സർക്കാർ അംഗീകൃത പടക്ക നിർമാണശാലകൾ ഉള്ളതിനാൽ ഫാക്ടറി വിലയ്ക്കു തന്നെ പടക്കങ്ങൾ വിൽപനയ്ക്കെത്തിക്കാൻ കഴിയും. വൈപ്പിൻ ദ്വീപിന്റെ തെക്കൻ മേഖലകളായ നായരമ്പലം, ഞാറയ്ക്കൽ എന്നിവിടങ്ങളിലും ഇക്കുറി വിഷുവിനോടനുബന്ധിച്ച് അംഗീകൃത പടക്കക്കടകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.