
ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞ്: ‘നിധി കാക്കാൻ’ ശിശുക്ഷേമ സമിതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പോറ്റമ്മമാർക്കൊപ്പം ഒന്നര മാസം കഴിഞ്ഞ നാടിന്റെ ‘നിധി’ ഇനി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ. ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞ്, എറണാകുളം ജനറൽ ആശുപത്രിയിൽ ഒന്നര മാസമായി ചികിത്സയിലായിരുന്നു. ജനറൽ ആശുപത്രിയിൽ കുഞ്ഞുമണിയും മണിക്കുട്ടിയും ആയിരുന്ന കുഞ്ഞിനു പിന്നീടാണു നിധിയെന്ന പേരു നൽകിയത്. ജനനസമയത്ത് ഒരു കിലോഗ്രാമിനു താഴെ മാത്രമാണു ഭാരമുണ്ടായിരുന്നത്. ‘മനോരമ’ വാർത്തയെത്തുടർന്നു കുഞ്ഞിനെ സർക്കാർ ഏറ്റെടുത്താണു ജനറൽ ആശുപത്രിയിലെ സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റിൽ പരിചരിച്ചിരുന്നത്.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷായുടെ ഏകോപനത്തിൽ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.ജില്ലാ ശിശുക്ഷേമ സമിതി ചെയർപഴ്സൻ വിൻസന്റ് ജോസഫും ഡോ. ഷാഹിർഷായും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ ജില്ലാ ശിശു സംരക്ഷണ ഓഫിസർ കെ.എസ്. സിനി, നിധിയെ ഏറ്റുവാങ്ങി. സ്പെഷൽ അഡോപ്ഷൻ ഏജൻസിയിലേക്കാണു കുഞ്ഞിനെ മാറ്റിയത്. സാധാരണ കുഞ്ഞുങ്ങളെപ്പോലെ സ്വയം പാൽ കുടിക്കാൻ കഴിയുന്ന അവസ്ഥയിൽ, ആരോഗ്യവതിയാണു നിധിയെന്നു ഡോ. ഷാഹിർഷാ പറഞ്ഞു.
കുഞ്ഞിനെ ഉപേക്ഷിച്ചതിൽ നിയമനടപടികൾ ഉള്ളതിനാൽ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം ഉണ്ടാകും. മാതാപിതാക്കളെത്തി കുഞ്ഞിനെ ആവശ്യപ്പെട്ടാൽ പോറ്റാൻ അവർ പ്രാപ്തരാണോ എന്നത് ഉൾപ്പെടെ പരിശോധിച്ചാകും തുടർ നടപടി. അവകാശികൾ എത്തിയില്ലെങ്കിൽ ദത്തു നടപടികളും ആലോചിക്കും.