കൊച്ചി ∙ വൈറ്റിലയിൽ കോർപറേഷൻ മേഖലാ ഓഫിസ് നിൽക്കുന്ന സ്ഥലത്ത് വൈറ്റില സിവിക് സ്ക്വയർ നിർമിക്കാൻ നിർദേശം. കാലപ്പഴക്കം ചെന്ന കോർപറേഷൻ കെട്ടിടത്തിനു പകരം വൈറ്റിലയുടെ പ്രാധാന്യം വിളിച്ചോതുന്നതും ജനശ്രദ്ധ ആകർഷിക്കുന്നതുമായ തരത്തിലുള്ള കെട്ടിട
രൂപകൽപനയാണു തദ്ദേശ വകുപ്പിലെ ആസൂത്രണ വിഭാഗം തയാറാക്കിയ വൈറ്റില പ്രാദേശിക വികസന പദ്ധതിയിൽ (ലാപ്) നിർദേശിക്കുന്നത്.
സോണൽ ഓഫിസ്, കൃഷി ഭവൻ, സ്പെഷൽ തഹസിൽദാർ ഓഫിസ് എന്നിവ നിലവിൽ വൈറ്റിലയിലെ കോർപറേഷൻ കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. കോർപറേഷന് അധിക ചെലവില്ലാതെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ – ഡിബിഎഫ്ഒടി) മോഡലിൽ കെട്ടിടം നിർമിക്കാനാണു നിർദേശം.
കെട്ടിട നിർമാണത്തിന് 3 വർഷവും 30 വർഷത്തെ നടത്തിപ്പുമുൾപ്പെടെ 33 വർഷം സ്ഥലം സ്വകാര്യ പങ്കാളിക്കു കൈമാറും.
33 വർഷത്തിനു ശേഷം സ്ഥലവും കെട്ടിടവും കോർപറേഷനു തിരികെ കൈമാറും.
നിലവിലുള്ള ഓഫിസുകളും വാണിജ്യ കെട്ടിടങ്ങളും നിലനിർത്തിയാണു പദ്ധതി നടപ്പാക്കുക. 1,791.63 ചതുരശ്ര മീറ്റർ സ്ഥലത്തു പരമാവധി 45 മീറ്റർ ഉയരത്തിലാണ് ഇവിടെ കെട്ടിടം നിർമിക്കാൻ അനുമതി ലഭിക്കുക.
അതു പ്രയോജനപ്പെടുത്തി 12 നിലകളും 10,749.78 ചതുരശ്രമീറ്റർ വിസ്തീർണവുമുള്ള കെട്ടിടം നിർമിക്കാനാണു നിർദേശം.
ഉയർന്ന തറ വിസ്തീർണ അനുപാതം (എഫ്എആർ), കെട്ടിട നിർമാണ ചട്ടങ്ങളിലെ ഇളവുകൾ എന്നിവ പ്രയോജനപ്പെടുത്തി കൂടുതൽ ഓഫിസ്, കൊമേഴ്സിൽ, റസിഡൻഷ്യൽ സ്ഥലങ്ങൾ ലഭ്യമാക്കാൻ പുതിയ കെട്ടിടം നിർമിക്കുന്നതിലൂടെ കഴിയുമെന്നും തദ്ദേശ വകുപ്പ് ആസൂത്രണ വിഭാഗം വിലയിരുത്തുന്നു.
ഈ പദ്ധതിയുൾപ്പെടെ വൈറ്റില ലാപ്പിന്റെ കരട് രൂപം ഇന്നു ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം പരിഗണിക്കും.
വൈറ്റിലയിലെ സോണൽ ഓഫിസ് കെട്ടിടം ഓഫിസ് കം വാണിജ്യ സമുച്ചയമായി പുനർ നിർമിക്കുമെന്നു കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വൈറ്റില ജംക്ഷനിലെ പാർക്കിങ് പരിമിതികൾ കൂടി കണക്കിലെടുത്ത് പാർക്കിങ് സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തി രൂപകൽപന ചെയ്യുന്ന കെട്ടിടത്തിന് 52 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

