ഏലൂർ ∙ കുറ്റിക്കാട്ടുകര ഗവ.യുപി സ്കൂളിന്റെ മതിൽ തകർത്തു ഭൂമി കയ്യേറി സ്വകാര്യവ്യക്തി നടത്തിയ കടമുറി നിർമാണം പൊലീസെത്തി തടഞ്ഞു. സ്കൂൾ പ്രധാനാധ്യാപകന്റെ പരാതിയിലാണ് പൊലീസ് നടപടി.
ഓണം അവധി ദിനങ്ങളുടെ മറവിലാണു ഭൂമി കയ്യേറ്റവും നിർമാണവും നടത്തിയത്. നഗരസഭാധികൃതരുടെ അറിവോടെയാണു താൻ നിർമാണ ജോലി നടത്തിയതെന്നു സ്വകാര്യ വ്യക്തി പൊലീസിനോടു പറഞ്ഞു.
ജോലികൾ നിർത്തിവയ്പിച്ച പൊലീസ്, അനുമതിയില്ലാതെ ഇനി നിർമാണം നടത്തരുതെന്നും നിർദേശം നൽകി.
രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണു കയ്യേറ്റം നടന്നതെന്നും അവരാരും എതിർപ്പുമായി മുന്നോട്ടുവരാത്തത് അതുകൊണ്ടാണെന്നും ആക്ഷേപം ഉയർന്നു. അവധി ദിവസങ്ങളിൽ നടന്ന കയ്യേറ്റത്തെക്കുറിച്ചു പിടിഎയും പരാതിപ്പെട്ടില്ല.
കയ്യേറ്റവും നിർമാണവും അറിഞ്ഞില്ലെന്നും ആരും ശ്രദ്ധയിൽപെടുത്തിയില്ലെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. സ്കൂളിന്റെ സുരക്ഷ കണക്കിലെടുത്ത് അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്ന് പ്രധാനാധ്യാപകൻ പരാതിയിൽ ആവശ്യപ്പെട്ടു.
റോഡ് വികസനവുമായി ബന്ധപ്പെട്ടു റോഡിന്റെ പ്രവേശന ഭാഗത്തുള്ള പെട്ടിക്കട ഒഴിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
ഇതിനെതിരെ പെട്ടിക്കട ഉടമ കോടതിയെ സമീപിച്ചു.
അധികം ദൂരെയല്ലാതെ, തുല്യമായ സ്ഥലം പെട്ടിക്കടയ്ക്കു കണ്ടെത്തണമെന്നു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പെട്ടിക്കടയ്ക്കായി സമീപത്തായി 3 വെൻഡിങ് സോണുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ബങ്ക് നിർമാണത്തിനായി 9 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും നഗരസഭ പറയുന്നു. തുടക്കത്തിൽ 3 ബങ്കുകൾ നിർമിക്കുമെന്നും അതിലൊരെണ്ണം ഈ പെട്ടിക്കട
ഉടമയ്ക്കു നൽകുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. കേസ് നിലവിൽ കോടതി പരിഗണിക്കുമ്പോഴാണ് പെട്ടിക്കട
ഉടമ സ്കൂൾ മതിൽ തകർത്ത് സ്ഥലം കയ്യേറി കട നിർമിക്കാൻ ശ്രമിച്ചത്.
ഇത് കോടതിയലക്ഷ്യമാണെന്നും അധികൃതർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]