
അമ്പലമുകൾ ∙ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ വൈദ്യുത കേബിൾ തീപിടിച്ചുണ്ടായ അപകടം കൈകാര്യം ചെയ്യുന്നതിൽ അധികൃതരുടെ ഭാഗത്തു വീഴ്ചയുണ്ടായോ എന്നതുൾപ്പെടെ അന്വേഷിച്ചു 3 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. കലക്ടർ എൻ.എസ്.കെ.
ഉമേഷിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണു തീരുമാനം. വൈദ്യുതി ബോർഡും റിഫൈനറിയും ഉൾപ്പെട്ട സംഭവമായതിനാൽ ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയറും റിഫൈനറി ടെക്നിക്കൽ വിഭാഗം ഡയറക്ടറും അന്വേഷണ സംഘത്തിലുണ്ടാകും.
ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തയാറാക്കുന്നതും സമിതിയുടെ ചുമതലയാണ്.
അയ്യൻകുഴി നിവാസികളുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു വരുംദിവസങ്ങളിൽ കമ്പനി അധികൃതരുമായി ചർച്ച നടത്തും. തുടർന്നു ചീഫ് സെക്രട്ടറി തലത്തിൽ ഉന്നതതല ചർച്ചയും നടക്കും.
മാറ്റിത്താമസിപ്പിച്ചവരെ തിരികെക്കൊണ്ടു പോകുന്നതിനായി വീടുകൾ താമസയോഗ്യമാണോ എന്നും പരിശോധിക്കും. ചർച്ചയിൽ ബെന്നി ബഹനാൻ എംപി, പി.വി.
ശ്രീനിജിൻ എംഎൽഎ, വടവുകോട്– പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, മറ്റ് ജനപ്രതിനിധികൾ, ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ എം. ശങ്കർ, അയ്യൻകുഴി ജനകീയ സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഞെട്ടൽ മാറാതെ പ്രദേശവാസികൾ
അമ്പലമുകൾ ∙ ചൊവ്വാഴ്ച വൈകിട്ടു തീപിടിത്തമുണ്ടായതു മുതൽ ആകെ ഞെട്ടലിലാണ് അയ്യൻകുഴി നിവാസികൾ.
220 കെവി ലൈനിലെ ട്രെഞ്ചിലാണു തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായതെന്നു കണ്ടെത്താൻ വൈകിയതുമൂലം തീയണയ്ക്കാനും ഏറെ വൈകി. തുടർന്നാണു റിഫൈനറി ഗേറ്റിനു മുൻപിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്.
റിഫൈനറി അപകട സൂചന നൽകുകയോ ആംബുലൻസ് വിട്ടുനൽകുകയോ ചെയ്തില്ലെന്നും ദുരന്ത കൈകാര്യ സംവിധാനം പ്രവർത്തിച്ചില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
ചൊവ്വാഴ്ച രാത്രിതന്നെ 20 കുടുംബങ്ങളെ ചോറ്റാനിക്കരയിലെ ലോഡ്ജിലേക്കു മാറ്റി. 10 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മാറി.
പ്രദേശത്ത് ഇന്നലെയും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു.
ദുരിത ജീവിതത്തിന് നാൽപതാണ്ട്
അമ്പലമുകൾ ∙ വ്യവസായ മേഖലയിലെ അപകടഭീഷണിയിൽ അയ്യൻകുഴി നിവാസികൾ ജീവിതം തുടങ്ങിയിട്ടു 40 വർഷം പിന്നിടുന്നു. സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യത്തിനും അത്ര പഴക്കമുണ്ട്.
റിഫൈനറി, എച്ച്ഒസി കമ്പനികളുടെ മതിലിനോടു ചേർന്നു 10 മീറ്റർ പോലും അകലമില്ലാതെയാണു 42 വീടുകൾ. ഇവിടം താമസ യോഗ്യമല്ലെന്നു മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തേ റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും മാറ്റിത്താമസിപ്പിക്കാൻ സർക്കാരോ കമ്പനികളോ തയാറായിട്ടില്ല.
സ്ഥിതി നിയന്ത്രണവിധേയമെന്ന് റിഫൈനറി
അമ്പലമുകൾ ∙ തീപിടിത്തത്തിനു ശേഷം സ്ഥിതി പൂർണമായി നിയന്ത്രണവിധേയമാണെന്നു കൊച്ചി റിഫൈനറി അധികൃതർ അറിയിച്ചു.
വൈദ്യുതിപ്രവാഹത്തിലെ വ്യതിയാനം മൂലം 220 കെവി ഫീഡറുകൾ തകരാറിലായതിനാലാണ് ഇലക്ട്രിക്കൽ കേബിളുകൾ കടന്നുപോകുന്ന ട്രെഞ്ചിൽ (പ്രത്യേകം തയാറാക്കിയ കിടങ്ങ്) തീപിടിച്ചതും വ്യാപകമായി പുക പരന്നു പലർക്കും അസ്വസ്ഥത ഉണ്ടായതും. അപകടമുണ്ടായ ഉടൻ കെഎസ്ഇബിയുമായി ചേർന്നു സത്വര നടപടികൾ സ്വീകരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]