
എംസി റോഡ് പൊളിക്കുന്ന ജോലികൾ 15ന് ആരംഭിക്കും; സയാന ബാർ മുതൽ കച്ചേരിത്താഴം വരെ പൊളിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂവാറ്റുപുഴ∙ നഗരറോഡ് വികസനത്തിന്റെ ഭാഗമായി എംസി റോഡ് പൊളിക്കുന്ന ജോലികൾ 15ന് ആരംഭിക്കും. സയാന ബാർ മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗമാണ് പൊളിക്കുക. റോഡ് ഒരു മീറ്റർ വരെ കുഴിച്ച് മണ്ണിട്ടു നികത്തി അതിനു മുകളിൽ കോൺക്രീറ്റിങ് നടത്തി ഉയർത്തിയ ശേഷമാണ് ടാറിങ് ആരംഭിക്കുക. ഇതോടെ കച്ചേരിത്താഴം ഭാഗത്ത് റോഡിന്റെ ഉയരം വർധിക്കും.
ഒരു മാസം നീളുന്ന നിർമാണപ്രവർത്തനങ്ങൾ ഇവിടെയുള്ള വ്യാപാര ശാലകളെ ഉൾപ്പെടെ ബാധിച്ചേക്കും. നഗര ഗതാഗതവും പ്രതിസന്ധിയിലാകാൻ സാധ്യത ഉണ്ട്. ഇതു മുന്നിൽ കണ്ട് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ഇന്ന് നഗരസഭയുടെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി യോഗം ചേരും.
ആധുനിക രീതിയിലുള്ള റോഡ് നിർമാണമാണ് നഗരത്തിൽ നടക്കുക. റോഡിന്റെ ഒരു ഭാഗം മാത്രമാണ് ആദ്യം പൊളിക്കുക. മറു ഭാഗത്തു കൂടി ഒറ്റ വരി ഗതാഗതം സാധ്യമാക്കാനാണു ശ്രമം. റോഡ് പൊളിക്കുന്നതിനു മുന്നോടിയായി നഗരത്തിലെ വൈദ്യുതി പോസ്റ്റുകൾ നീക്കുന്ന ജോലികൾ 12ന് പൂർത്തിയാകും. നഗരത്തിലൂടെ വലിച്ചിരിക്കുന്ന സ്വകാര്യ കേബിളുകൾ ഉടൻ നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് ബന്ധപ്പെട്ടവർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ജല അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചു. ബിഎസ്എൻഎൽ കേബിളുകളും മാറ്റിത്തുടങ്ങി.
വൈദ്യുതി, ജലം, ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷൻ കേബിളുകളും പൈപ്പുകളും എല്ലാം കോൺക്രീറ്റ് ചേംബറുകളിലൂടെ കടത്തിവിട്ട് നഗരത്തെ കേബിൾ വലകളിൽ നിന്നു മോചിപ്പിക്കുന്ന രീതിയിലാണ് റോഡ് നിർമാണം. വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി നടത്തുന്നത്. റോഡ് കുഴിച്ച് മണ്ണിട്ട് നികത്തുന്ന ജോലികൾ നടക്കുമ്പോൾ സ്വാഭാവികമായും പൊടിപടലം ഉയരാനും വ്യാപാര കേന്ദ്രങ്ങളിലേക്ക് പൊടി എത്താനും സാധ്യത ഉണ്ട്. ഇക്കാര്യം അധികൃതർ വ്യാപാരികളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.