
കൊച്ചിയിൽ സമഗ്ര ഗതാഗത സംവിധാനം ലക്ഷ്യം: കെഎംആർഎൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മെട്രോയുടെ ഫീഡർ സംവിധാനമായി വാട്ടർ മെട്രോയും ബസ് സർവീസുകളും ചേർത്തു കൊച്ചിയിൽ സമഗ്ര ഗതാഗത സംവിധാനം പൂർണമാക്കാനാണു ശ്രമിക്കുന്നതെന്നു കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ. കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളിൽ 95 ശതമാനം പേരും സുരക്ഷിതത്വം അനുഭവിക്കുന്നതായി സർവേ വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇന്ത്യ – ജർമനി സഹകരണത്തിന്റെ ഭാഗമായി നടത്തുന്ന ഗ്രീൻ ആൻഡ് സസ്റ്റെയ്നബിൾ ഡവലപ്മെന്റ് (ജിഎസ്ഡിപി) കൊച്ചി എഡിഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ഡിപിയുടെ ‘ഗ്രീൻ ആൻഡ് ഇൻക്ലൂസീവ് മൊബിലിറ്റി’ ഏഴാം പതിപ്പാണു ഹൈക്കോടതി വാട്ടർമെട്രോ സ്റ്റേഷനിൽ അരങ്ങേറിയത്.
സുസ്ഥിരവും പ്രകൃതിക്ക് ഇണങ്ങിയതുമായ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ കൊച്ചി വാട്ടർ മെട്രോ മാതൃകയാക്കണമെന്നു പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. ഗതാഗത സംവിധാനം നഗരത്തിന്റെ സിരയാണെന്നും എല്ലാ പൗരൻമാരിലേയ്ക്കും അതെത്തുമ്പോഴാണു ശരിയായ അർഥത്തിൽ സമഗ്രമാകുന്നതെന്നും ജർമൻ എംബസിയിലെ ഡവലപ്മെന്റ് കോർപറേഷൻ അധ്യക്ഷ കാരൻ ബ്ലൂം പറഞ്ഞു.
കൊച്ചി മെട്രോ പോലെ തന്നെ ഡൽഹി മെട്രോയും യാത്രക്കാർക്കു സുരക്ഷിതത്വം നൽകുന്നതാണെന്നു സന്നദ്ധ സംഘടനയായ ‘സാമർഥ്യം’ സഹസ്ഥാപക ഡോ. അഞ്ജലി അഗർവാൾ പറഞ്ഞു. സന്നദ്ധ സംഘടനയായ ‘സേഫ്റ്റിപിൻ’ സിഇഒ ഡോ. കൽപന വിശ്വനാഥ്, സി – ഹെഡ് പ്രോജക്ട് മാനേജർ സിമ്മി ശശി തുടങ്ങിയവരും പാനൽ ചർച്ചകൾ നയിച്ചു. കൊച്ചി മെട്രോയിലെയും വാട്ടർ മെട്രോയിലെയും അനുഭവങ്ങൾ പങ്കുവച്ചു വനിതാ ഡ്രൈവർമാരും കൂട്ടായ്മയിൽ പങ്കു ചേർന്നു. വാട്ടർ മെട്രോയിലൂടെ യാത്ര ചെയ്ത സംഘം സ്റ്റേഷനുകളും സന്ദർശിച്ചു.