കൈതാരം ∙ കോട്ടുവള്ളി പഞ്ചായത്ത് പരിധിയിൽ വീണ്ടും തോടു കയ്യേറ്റം. കഴിഞ്ഞ ദിവസങ്ങളിലായി മഹിളപ്പടി ഭാഗത്തു കുണ്ടേക്കാവ് തോടു കയ്യേറി 50 മീറ്റർ ഭാഗം സംരക്ഷണഭിത്തി കെട്ടിത്തിരിച്ചു.
ബാക്കി ഭാഗം കൂടി നികത്തി കയ്യേറാനുള്ള ശ്രമമാണു നിലവിൽ നടക്കുന്നതെന്നു നാട്ടുകാരുടെ പരാതി.പഞ്ചായത്തിലെ ആറോളം വാർഡുകളുടെ അരികു ചേർന്നൊഴുകി പ്രദേശത്തെ കാർഷിക സമ്പന്നതയ്ക്കു പ്രധാന പങ്കുവഹിച്ചിരുന്ന വലിയ തോടാണു ഭൂമാഫിയയുടെ കയ്യേറ്റം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ചെറിയപ്പിള്ളി പുഴയിൽ നിന്നാരംഭിച്ച് ഏഴിക്കര പുഴയിലേക്ക് ഒഴുകിയെത്തുന്ന ഈ തോട്ടിലൂടെയാണു വലിയ മത്സ്യബന്ധന വള്ളങ്ങൾ വരെ പോയിരുന്നത്. ഒരുകാലത്തു പ്രദേശവാസികൾ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും വരെ ഉപയോഗിച്ച തോടാണു ഭൂമാഫിയയുടെ കയ്യേറ്റം മൂലം ഇല്ലാതാകുന്നത്.
ജനങ്ങളുടെ നിരന്തരമായ പരാതിയെ തുടർന്നു 2019 മാർച്ചിൽ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ മുടക്കി ആഴം കൂട്ടി വൃത്തിയാക്കുകയും നവീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തിയതുമാണ്.
എന്നാൽ പിന്നീടു കുണ്ടേക്കാവ് തോട് സംരക്ഷണത്തിനായി തുടർനടപടി ഇല്ലാതായതോടെയാണു കയ്യേറ്റം വീണ്ടും ആരംഭിച്ചത്. പഞ്ചായത്ത് പരിധിയിലെ വ്യാപകമായി ഇടത്തോടുകളും നിലങ്ങളും മണ്ണടിച്ചു മൂടുകയും പലയിടത്തും കയ്യേറി വീതി കുറയ്ക്കുകയും ചെയ്യുന്നതായുള്ള പരാതി നിലനിൽക്കവെയാണു സംഭവം നടന്നിരിക്കുന്നത്. പല തോടുകളും കയ്യേറി വീതി കുറച്ചതോടെ ഒറ്റ മഴയിൽ തന്നെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാവുകയാണ്.
കെട്ടിക്കിടക്കുന്ന വെള്ളം പോലും ഒഴുകി പോകാത്ത അവസ്ഥയുണ്ട്.
അതിനാൽ കയ്യേറി നികത്തിയതും സംരക്ഷണഭിത്തി കെട്ടി വീതി കുറച്ചതുമായ തോടുകൾ പൂർവസ്ഥിതിയിലാക്കി പരിഹാരം കാണണമെന്നു നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണു നിർമാണ പ്രവർത്തനങ്ങൾ നടന്നതെന്നും പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും കോട്ടുവള്ളി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇറിഗേഷൻ വകുപ്പിന്റെ അനുമതി ഇല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

