ബസ് ഓടിയാലേ കെഎസ്ആർടിസിക്കു കാശ് കിട്ടൂ. പക്ഷേ, മെട്രോ അങ്ങനെയല്ല, ഓടിയാൽ കൂടുതൽ കാശ്, ഓടിയില്ലേലും കാശ്.
ടിക്കറ്റ് വരുമാനത്തിനു പുറമേ പണമുണ്ടാക്കുന്നതിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മോശക്കാരല്ല. രാജ്യത്തെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പത്തിൽ അൽപം പിന്നിലാണെങ്കിലും വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിനും മെട്രോ മുന്നിലാണ്.
എന്തിനേറെ, സോഷ്യൽ മീഡിയ റീലുകളിൽ നിന്നുപോലും മെട്രോ പണമുണ്ടാക്കിത്തുടങ്ങി. സ്വന്തമായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുകയും അതിൽനിന്നു വരുമാനമുണ്ടാക്കുകയും ചെയ്യുന്ന ഏക മെട്രോ കൊച്ചിയിലേതാണ്.
പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം ഒരു ലക്ഷം കവിഞ്ഞിട്ടു മാസങ്ങളായി.
പുതുവർഷത്തിൽ ഒന്നര ലക്ഷത്തോളം ആളുകൾ മെട്രോയിലും ഫീഡർ ബസിലുമായി യാത്ര ചെയ്തു. ദിവസം ഒരുലക്ഷം യാത്രക്കാരുണ്ടായാൽ ടിക്കറ്റ് വരുമാനം 35 ലക്ഷം കുറയില്ല.
മെട്രോയുടെ പ്രതിദിന നടത്തിപ്പു ചിലവിന് ഇതുമതി. ടിക്കറ്റിനു പുറമേയുണ്ടാക്കുന്ന വരുമാനം മെട്രോയുടെ ലാഭം.
കഴിഞ്ഞ വർഷത്തെ പ്രവർത്തന ലാഭം 35 കോടി. കാക്കനാട് ലൈൻ കൂടി വരുമ്പോൾ പ്രതിദിന യാത്രക്കാർ ഒന്നര ലക്ഷമാകും.
ടിക്കറ്റ് ഇതര വരുമാനവും കൂടും. ലാഭത്തിലോടാനുള്ള സൗഭാഗ്യം ലഭിച്ച രാജ്യത്തെ ഏതാനും മെട്രോകളിൽ ഒന്നാണു നമ്മുടെ മെട്രോ.
മെട്രോ നിർമാണത്തിനെടുത്ത വായ്പയുടെ തിരിച്ചടവ് ഇൗ കണക്കിൽ ഉൾപ്പെടുന്നില്ല.
ടിക്കറ്റെടുക്കാതെ 70 കോടി
മെട്രോ ട്രെയിൻ ഓടുന്നതു വൈദ്യുതിയിലാണെങ്കിലും കെഎംആർഎലിനു പെട്രോൾ, ഡീസൽ കച്ചവടമുണ്ട്. കളമശേരി സ്റ്റേഷനോടു ചേർന്നുള്ള പമ്പിൽനിന്നു ലഭിക്കുന്ന വരുമാനവും മെട്രോ അക്കൗണ്ടിലെത്തും.
കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ സർക്കാർ മെട്രോയ്ക്കു വിട്ടുനൽകിയ സ്ഥലത്തുനിന്നു 5 ഏക്കർ സ്ഥലം കെഎംആർഎൽ പാട്ടത്തിനു നൽകിയിട്ടുണ്ട്. പ്രതിവർഷം ഇതിൽനിന്നു മാത്രം 4.3 കോടി രൂപ വരുമാനം ലഭിക്കുന്നു.
സൗത്തിൽ കൊച്ചി മെട്രോ സ്റ്റേഷനോടു ചേർന്നുള്ള സ്ഥലത്ത് ഇൻഫോപാർക്ക് ക്യാംപസുണ്ട്. കുസാറ്റ് സ്റ്റേഷന്റെ ഭാഗമായ 7 നിലക്കെട്ടിടത്തിൽ ഐഐഎം ക്യാംപസ് പ്രവർത്തിക്കുന്നു.
ഇടപ്പള്ളി സ്റ്റേഷനോടു ചേർന്ന് ആഡംബര ഹോട്ടൽ വരുന്നു– സാധ്യതകളുള്ള ഒരു കച്ചവടവും മെട്രോ വിട്ടുകളയുന്നില്ല.
പരസ്യം, സ്ഥലം പാട്ടത്തിനു നൽകൽ, സ്റ്റേഷനുകളിലെ കിയോസ്കുകൾ, ഓഫിസ്, മൾട്ടി ലവൽ പാർക്കിങ്, ടെലികോം ടവർ, ഒപ്റ്റിക്കൽ ഫൈബർ എന്നിങ്ങനെ പണം കണ്ടെത്താൻ എന്തൊക്കെ വഴി. ടിക്കറ്റ് ഇതര വരുമാനത്തിൽനിന്ന് ഇൗ വർഷം 70 കോടി രൂപയാണു മെട്രോ പ്രതീക്ഷിക്കുന്നത്.
ഇതുവരെ 49 കോടി രൂപ ലഭിച്ചുകഴിഞ്ഞു.വൈഫൈ പാർട്ണർ, ടെലികോം ടവർ, പ്രമോഷനൽ ക്യാംപെയ്ൻ തുടങ്ങിയവയിലൂടെയും അധികവരുമാനം നേടാനൊരുങ്ങുന്നു. സ്റ്റേഷൻ പരിസരത്തെ സ്ഥലം പാട്ടത്തിനു നൽകി 8.4 കോടി രൂപയും കിയോസ്കുകൾ വാടകയ്ക്കു നൽകി 2.2 കോടി രൂപയും പെട്ടിയിലാക്കുന്നു.
സ്വന്തം പേരിൽ മെട്രോ
സ്വന്തം പേരിലോ, സ്ഥാപനത്തിന്റെ പേരിലോ മെട്രോ സ്റ്റേഷൻ തുടങ്ങാം.
കെഎംആർഎലിനു പണം നൽകിയാൽ മതി. ഇതിനകം 19 സ്റ്റേഷനുകൾക്കു പേരുകളായി.
സൗത്ത്, വൈറ്റില, മഹാരാജാസ് കോളജ്, കടവന്ത്ര സ്റ്റേഷനുകളിൽ അവസരമുണ്ട്. സ്വന്തം പേരിടാൻ സൗത്തിൽ 52 ലക്ഷം രൂപയും വൈറ്റിലയിൽ 42 ലക്ഷവും, മഹാരാജാസ് കോളജിൽ 42 ലക്ഷവും കടവന്ത്രയിൽ 37 ലക്ഷവുമാണു മിനിമം നിരക്ക്.
ട്രെയിനിൽ പരസ്യം പൊതിയാനും വകുപ്പുണ്ട്, പണം കൊടുത്താൽ മതി.
ഫൈബർ വേണോ?
മെട്രോയുടെ ഒപ്റ്റിക്കൽ ഫൈബർ സംവിധാനം 46 ഏജൻസികൾക്ക് ഉപയോഗിക്കാം. 6 ഏജൻസികൾ ഇതിനകം ഇൗ സേവനം ഉപയോഗിക്കുന്നുണ്ട്.
നാട്ടുകാരുടെ എതിർപ്പും സമരങ്ങളുമൊന്നുമില്ലാതെ മൊബൈൽ ടവർ സ്ഥാപിക്കണമെന്നുള്ളവർക്കു മെട്രോ സ്റ്റേഷനിലേക്കു വന്നാൽ മതി, സ്റ്റേഷൻ കെട്ടിടത്തിൽതന്നെ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിക്കുന്നു.
വെള്ളത്തിലും വരയ്ക്കാം
മെട്രോ ട്രെയിനിൽ പരസ്യമാവാമെങ്കിൽ എന്തുകൊണ്ടു വാട്ടർ മെട്രോയിൽ ആയിക്കൂടാ? ബോട്ടുകൾക്കുള്ളിൽ പരസ്യങ്ങൾ, ബോട്ട് ടെർമിനലുകളിൽ കിയോസ്കുകൾ, ടെർമിനലുകളിലെ അധിക സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക തുടങ്ങിയ മാർഗങ്ങളിലൂടെയാണു വാട്ടർ മെട്രോ വരുമാന സാധ്യത തേടുന്നത്.
ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിനോടു ചേർന്നു നിർമിച്ച 8 കിയോസ്കുകളുടെ ടെൻഡർ ഉടൻ പൂർത്തിയാക്കും. കഫേകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി ചെറുപ്പക്കാരുടെ ഹാങ്ഒൗട്ട് സ്പേസുകളായി വാട്ടർ മെട്രോ ടെർമിനലുകൾ മാറ്റാനും ശ്രമം ഉണ്ട്.
കാക്കനാട്, വൈറ്റില ടെർമിനലുകളാണ് ഇതിനായി കണ്ടുവച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

