കൊച്ചി ∙ വാട്ടർ മെട്രോ മട്ടാഞ്ചേരി, വില്ലിങ്ഡൺ ഐലൻഡ് ടെർമിനലുകൾ 11 നു രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മട്ടാഞ്ചേരി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് അധ്യക്ഷനാകും. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ.ജെ.മാക്സി, ടി.ജെ.വിനോദ് തുടങ്ങിയവർ പ്രസംഗിക്കും. 38 കോടി രൂപ ചെലവിലാണ് 2 ടെർമിനലുകളും നിർമിച്ചത്. ഇതോടെ വാട്ടർ മെട്രോ ടെർമിനലുകളുടെ എണ്ണം 12 ആയി. 8000 ചതുരശ്ര അടി വലിപ്പമുണ്ട് മട്ടാഞ്ചേരി ടെർമിനലിന്.
ഡച്ച് പാലസിന് അടുത്താണ് മട്ടാഞ്ചേരി ടെർമിനൽ. വില്ലിങ്ഡൻ ദ്വീപുമായി ബന്ധപ്പെടുത്തിയാണ് ആദ്യ സർവീസ്.
രാവിലെ 8 മുതൽ രാത്രി 8 വരെ ഹൈക്കോർട്ട്, വില്ലിങ്ഡൻ ദ്വീപ്, മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തും. എക്കൽ മൂലമുള്ള പ്രശ്നവും വേലിയേറ്റ ഇറക്കവും സർവീസിനെ ബാധിക്കാതിരിക്കാൻ കായലിലേക്ക് ഇറക്കിയാണ് ജെട്ടി നിർമിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരത്തിനു അഭിമുഖമായി ഒന്നര ഏക്കർ സ്ഥലത്തു 12 കോടി രൂപ ചെലവിൽ പൗരാണിക രീതിയിലാണ് ടെർമിനലിന്റെ നിർമാണം.
യാത്രികരുടെ സുരക്ഷ ഉറപ്പാക്കുംവിധം റാംപ്, 100 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം, ഫ്ലോട്ടിങ് പോണ്ടൂണുകൾ തുടങ്ങി ആധുനിക രീതിയിലാണ് വാട്ടർ മെട്രോ ടെർമിനൽ പൂർത്തിയാക്കിയത്. 2023ൽ ആദ്യഘട്ട വാട്ടർ മെട്രോ ഉദ്ഘാടന പട്ടികയിൽ മട്ടാഞ്ചേരിയും ഉൾപ്പെട്ടിരുന്നു.
പക്ഷേ, പലവിധ കാരണങ്ങളാൽ നിർമാണം നീളുകയായിരുന്നു. ആദ്യം ടെൻഡർ എടുത്ത കരാറുകാരനെ ഒഴിവാക്കി രണ്ടാം തവണ ടെൻഡർ നടത്തിയാണ് നിർമാണം ആരംഭിച്ചത്.
പഴയ ഫെറി ടെർമിനലിന് അടുത്താണ് 3000 ചതുരശ്രയടി വിസ്തീർണമുള്ള വില്ലിങ്ഡൺ ഐലൻഡ് ടെർമിനൽ. മട്ടാഞ്ചേരിയിലെയും വില്ലിങ്ഡൺ ഐലൻഡിന്റെയും ചരിത്ര പൈതൃകത്തിനു ചേർന്ന നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.
രണ്ട് പ്രദേശത്തെയും വാണിജ്യ, ബിസിനസ്, ടൂറിസം വികസനത്തിനും വാട്ടർമെട്രോയുടെ വരവ് ഊർജം പകരുമെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]