
കൊച്ചി∙ ഇരുമ്പനം, തുതിയൂർ, ചളിക്കവട്ടം ആറാട്ടുകടവ് തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ വൈറ്റിലയിൽ നിന്നു കാക്കനാട്ടേക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് ലോക്ഡൗണിനു മുൻപു വരെ വൈറ്റിലയിൽ നിന്നു ചിറ്റേത്തുകരയിലേക്കു ദിവസേന സർവീസ് നടത്തിയിരുന്ന ബോട്ടിന് ഇരുമ്പനം പാറക്കടവ് ക്വാറി, തുതിയൂർ, വെട്ടുവേലി, എരൂർ കപ്പട്ടിക്കാവ്, ചളിക്കവട്ടം ആറാട്ടുകടവ് എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടായിരുന്നു.
ഇവിടെ നിന്നു വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ ആളുകളാണ് വൈറ്റിലയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്തിരുന്നത്.
എന്നാൽ കോവിഡ് സമയത്തു നിർത്തിയ ബോട്ട് സർവീസ് പിന്നെ തുടർന്നില്ല.വെറ്റില– കാക്കനാട് റൂട്ടിൽ നിലവിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നുണ്ടെങ്കിലും സ്റ്റോപ് ഇല്ലാത്തതിനാൽ ഈ പ്രദേശത്തു നിന്നുള്ളവർക്ക് പ്രയോജനം ലഭിക്കുന്നില്ല. ഇരുമ്പനം, തുതിയൂർ ഭാഗങ്ങളിൽ ഉള്ളവർക്ക് രണ്ടു ബസിൽ കയറി വേണം വൈറ്റില എത്താൻ.
ആറാട്ടുകടവ് ഭാഗത്ത് ആളുകൾ രണ്ടു കിലോമീറ്റർ നടന്നു ബൈപാസിൽ എത്തിയാണ് ബസ് കയറുന്നത്.
കുറഞ്ഞ നിരക്കിൽ ഗതാഗതക്കുരുക്ക് ഇല്ലാതെ വൈറ്റിലയിൽ എത്താൻ കഴിയുന്ന ഗതാഗത സംവിധാനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ അധികൃതരെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചതെന്ന് ചളിക്കവട്ടം ആറാട്ടുകടവ് പ്രദേശം ഉൾപ്പെടുന്ന 47–ാം ഡിവിഷനിലെ കൗൺസിലർ എ.ആർ. പത്മദാസ് പറഞ്ഞു. ഈ റൂട്ടിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നതിനാൽ ബോട്ട് ഇറക്കാൻ കഴിയില്ലെന്ന വാദമാണ് ജലഗതാഗത വകുപ്പ് ഉന്നയിക്കുന്നത്.
തൃപ്പുണിത്തുറ– ആലുവ മെട്രോ റെയിൽ നിർമാണം നടക്കുന്ന സമയത്ത് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി തുടങ്ങിയ ബോട്ട് സർവീസ് ആണ് ഇതെന്നും ജലഗതാഗത വകുപ്പ് പറയുന്നു.
കോവിഡ് ലോക്ഡൗൺ സമയത്ത് നിർത്തിവച്ച സർവീസ് ലോക്ഡൗണിനു ശേഷം പുനരാരംഭിച്ചെങ്കിലും മൂന്നു മാസം സർവീസ് നടത്തിയപ്പോൾ വലിയ നഷ്ടമായിരുന്നെന്നും അധികൃതർ.ബോട്ട് സർവീസ് തുടങ്ങിയ സമയത്ത് ചിറ്റേത്തുകരയിൽ നിന്ന് ഇൻഫോപാർക്ക് ഭാഗത്തേക്ക് മെട്രോ ഫീഡർ ബസുകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ ഇതു പിൻവലിച്ചതോടെ യാത്രക്കാർ കുറഞ്ഞു.
ബോട്ടിനു സ്റ്റോപ്പുള്ള സ്ഥലങ്ങളിൽ നിന്നു വാഹനങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ടും യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായി.
പ്രതിദിനം അഞ്ഞൂറു രൂപ പോലും കലക്ഷൻ ഇല്ലാതെ വന്നതോടെയാണ് സർവീസ് നിർത്തിയതെന്നും അധികൃതർ അറിയിച്ചു. ഇവിടങ്ങളിൽ ബോട്ടു ജെട്ടികൾ ഉണ്ടെങ്കിലും ഫ്ലോട്ടിങ് ബോട്ടു ജെട്ടികൾ അല്ലാത്തതിനാൽ വാട്ടർ മെട്രോയ്ക്ക് ഇവിടേക്ക് ബോട്ട് അടുപ്പിക്കാനും കഴിയില്ല.
എന്നാൽ മേഖലയിലെ ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കുന്ന വിധത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]