
അങ്കമാലി ∙ ദേശീയപാതയിലെ ബാങ്ക് ജംക്ഷനിൽ കനത്ത അപകടാവസ്ഥ. ഒരു നിയന്ത്രണങ്ങളുമില്ലാതെയാണ് ഇവിടെ വാഹനങ്ങൾ പായുന്നത്. ദേശീയപാതയുടെ ഇരുനിരകളിലൂടെയും അതിവേഗത്തിലാണ് വാഹനങ്ങൾ പോകുന്നത്. അതിനിടയിലൂടെ എൻഎച്ച് ലിങ്ക് റോഡിൽ നിന്നു ബസിലിക്ക പള്ളി റോഡിലേക്കും തിരികെയും വാഹനങ്ങൾ കടക്കുന്നു.
എൻഎച്ച് ലിങ്ക് റോഡിൽ നിന്ന് ടൗണിലേക്കു യു ടേൺ തിരിയാനും കാത്തുനിൽക്കുന്ന വാഹനങ്ങൾ. ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന ജംക്ഷനാണിത്.
5 വർഷം മുൻപു സംഭവിച്ചതുപോലെയുള്ള അപകടങ്ങൾ ഇനിയും ഉണ്ടാകുമോയെന്ന ഭീതിയിലാണ് ജനം.
2019 നവംബർ 25നു ബസും ഓട്ടോറിക്ഷയും ഇടിച്ച് ബാങ്ക് ജംക്ഷനിൽ 4 പേരാണു മരിച്ചത്. ബാങ്ക് ജംക്ഷനിൽ നിന്ന് ബസിലിക്ക പള്ളി റോഡിലേക്ക് ഓട്ടോറിക്ഷ കടക്കുന്നതിനിടെ മൂക്കന്നൂർ മഞ്ഞിക്കാടിനു പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയെ മുന്നോട്ടു വലിച്ചുകൊണ്ടുപോയി.
ഇടതുവശത്തെ കടകളിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. ബസിന്റെ മുൻചക്രങ്ങൾക്ക് അടിയിൽപെട്ട്, ഓട്ടോയിലുണ്ടായിരുന്ന നാലുപേരും തൽക്ഷണം മരിച്ചു.
അപകടങ്ങൾ പതിവായതു കൂടാതെ ജംക്ഷൻ പലപ്പോഴും ഗതാഗതം കുരുക്കിലാണ്. ദേശീയപാതയ്ക്കു കുറുകെ ഇരുവശത്തേക്കും വഴികളുള്ള ജംക്ഷൻ കടക്കാൻ കാൽനടയാത്രക്കാർ മണിക്കൂറുകൾ കാത്തുനിൽക്കണം.
ഒട്ടേറെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ജംക്ഷനിലൂടെ കടന്നുപോകുന്നത്. ജംക്ഷനിൽ അപകടത്തിൽപെട്ടവരിൽ ഭൂരിഭാഗവും കാൽനട യാത്രക്കാരാണ്.
ട്രാഫിക് നിയന്ത്രിക്കാൻ ജംക്ഷനിൽ പൊലീസ് ഇല്ലാത്തത് ഗതാഗതക്കുരുക്കും അപകടങ്ങളും വർധിപ്പിക്കുന്നുണ്ട്.
അപകടം കുറയ്ക്കാൻ നടപടികളില്ല
അപകടത്തിൽ നാലുപേർ മരിച്ചതിനെ തുടർന്ന് ഒട്ടേറെ യോഗങ്ങൾ ചേർന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യോഗ തീരുമാനങ്ങളൊന്നും നടപ്പായിട്ടില്ല. ദേശീയപാതയിലെ അനധികൃത കയ്യേറ്റങ്ങൾ അളന്നു തിട്ടപ്പെടുത്തി ഒഴിപ്പിക്കുന്നതിനു ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു.
ജംക്ഷൻ ഉൾപ്പെടുന്ന ചർച്ച നഗർ റസിഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റ് ഡാന്റി കാച്ചപ്പിള്ളി, വാർഡ് കൗൺസിലറും സ്ഥിരസമിതി അധ്യക്ഷയുമായ ലക്സി ജോയി, സെന്റ് ആൻസ് കോളജ് ചെയർമാൻ ജോർജ് കുര്യൻ പാറയ്ക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൽകിയ നിവേദനങ്ങളെ തുടർന്നു ദേശീയപാത അധികൃതർ ബാങ്ക് ജംക്ഷനിൽ പരിശോധന നടത്തിയിരുന്നു.
ഇതേത്തുടർന്നു അപകടസാധ്യതയുള്ള സ്ഥലമാണെന്നു കാണിക്കുന്നതിനുള്ള സൂചനാ ബോർഡ് സ്ഥാപിക്കുക മാത്രമാണ് ദേശീയപാത അധികൃതർ ചെയ്തത്. ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കുകയാണെങ്കിൽ കുത്തഴിഞ്ഞ ഗതാഗതത്തിന് ഒരുപരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ജംക്ഷനിൽ പൊലീസിനെ നിയോഗിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]