കൊച്ചി∙ സിറ്റി ട്രാഫിക് പൊലീസ് കൺട്രോൾ റൂം നമ്പറിലേക്കുള്ള ‘അഭ്യുദയകാംക്ഷികളുടെ’ വിളി കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുകയാണ് വിക്രമൻ പിള്ളയ്ക്ക്. 2009 മുതൽ വിക്രമൻ പിള്ള ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പറിലേക്ക് ട്രാഫിക് പൊലീസ് അല്ലേ എന്നു ചോദിച്ചു ഫോൺ കോളുകൾ വരാൻ തുടങ്ങിയിട്ടു രണ്ടാഴ്ചയായി. വാഹനം അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നു, വാഹനാപകടം ഉണ്ടായി തുടങ്ങി പലവിധ പരാതികളാണ് ഒരോ ദിവസവും ഈ നമ്പറിലേക്ക് എത്തുന്നത്.
ഇന്റർനെറ്റിൽ തിരയുമ്പോൾ ട്രാഫിക് പൊലീസ് കൺട്രോൾ യൂണിറ്റ് നമ്പർ എന്നു പറഞ്ഞ് വിക്രമൻ പിള്ളയുടെ മൊബൈൽ നമ്പർ വരുന്നതാണു പ്രശ്നം.
വിളിക്കുന്നവരോടു മറുപടി പറഞ്ഞു മടുത്തെന്ന് ലുലു അഡ്മിനിസ്ട്രേറ്റീവ് മാനേജർ ആയ കെ. വിക്രമൻ പിള്ള പറഞ്ഞു.
വിക്രമൻ പിള്ളയ്ക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓഫിസിൽ നിന്നു നൽകിയ നമ്പർ ആണ് ഇത്. 16 വർഷമായി ഉപയോഗിക്കുന്നു.
രണ്ടാഴ്ചയായിട്ടാണ് കോൾ പ്രവാഹം. ആരാണ് തന്റെ നമ്പർ ചേർത്തതെന്ന് അറിയില്ലെന്നും പൊലീസിൽ പരാതിപ്പെട്ടപ്പോൾ നിങ്ങൾ തന്നെ നമ്പർ മാറ്റൂ എന്ന മറുപടിയാണ് ലഭിച്ചതെന്നും വിക്രമൻ പിള്ള പറഞ്ഞു. ഇത് എങ്ങനെ ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്ന നിസ്സഹായാവസ്ഥയും വിക്രമൻ പിള്ള പങ്കുവച്ചു.
അസിസ്റ്റന്റ് പൊലീസ് കമ്മിഷണറോടു പരാതി പറഞ്ഞപ്പോൾ അന്വേഷിച്ച് നടപടിയെടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്. ആ പ്രതീക്ഷയിലാണ് വിക്രമൻ പിള്ള.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]