കൊച്ചി ∙ ന്യൂട്രാസ്യൂട്ടിക്കൽ (ആരോഗ്യ ഫുഡ് സപ്ലിമെന്റ്) മേഖലയിൽ രാജ്യം ആഗോളക്കുതിപ്പിന് ഒരുങ്ങുമ്പോൾ വിപണിയിൽ കേരളവും കരുത്തറിയിക്കുന്നു. നിലവിൽ 2.50 ലക്ഷം കോടി രൂപ മൂല്യമുള്ള രാജ്യത്തെ ന്യൂട്രാസ്യൂട്ടിക്കൽ വ്യാപാരരംഗത്തു 11–13 % പ്രതിവർഷ വളർച്ചയുണ്ട്.
ഇന്ത്യൻ വിപണിയുടെ ഏതാണ്ട് 20% ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. കേരളത്തിൽ ഇപ്പോൾ 20,000 കോടി രൂപയുടെ വിപണിയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കോവിഡിനു ശേഷം ആരോഗ്യകാര്യത്തിലുണ്ടായ ശ്രദ്ധയാണ് ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ ഉപയോഗം വർധിപ്പിച്ചത്.
ജീവിതശൈലി രോഗങ്ങൾ വർധിച്ചതോടെ യുവതലമുറയും മുതിർന്നവരും മരുന്നുകൾക്കു പുറമേ ആരോഗ്യ സപ്ലിമെന്റുകൾ കൂടി കഴിക്കുന്നു. അശ്വഗന്ധ, മഞ്ഞൾ തുടങ്ങിയ ഹെർബൽ സപ്ലിമെന്റുകളും പ്രോബയോട്ടിക്സും യോഗർട്ടും ഉൾപ്പെടുന്ന ഫങ്ഷനൽ ഫുഡുകളും ആയുർവേദ ഔഷധമായ ച്യവനപ്രാശവുമൊക്കെ വൻതോതിൽ വിറ്റഴിയുകയാണ്.
കേരളത്തിന് വൻ സാധ്യത
ലോകവ്യാപകമായി സസ്യകേന്ദ്രീകൃതമായ ഉൽപന്നങ്ങൾക്ക് ആവശ്യമേറിയതു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ആഗോള സാധ്യതയാണ് തുറന്നിടുന്നത്.
സംസ്ഥാന സർക്കാർ കെഎസ്ഐഡിസിക്കു കീഴിൽ തോന്നയ്ക്കലിൽ ആരംഭിച്ച സെന്റർ ഫോർ എക്സലൻസ് ഈ പാതയിലെ മികച്ച കാൽവയ്പാണ്. കേരളത്തിലെ നിറ്റ ജലറ്റിൻ, സിന്തൈറ്റ് ഇൻഡസ്ട്രീസ്, സൈമെഗ ഫുഡ്സ് തുടങ്ങിയ കമ്പനികൾ ന്യൂട്രാസ്യൂട്ടിക്കൽ ഉതൽപന്നങ്ങൾ ഒരുക്കുന്നുണ്ട്.
രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പേരുകേട്ട ചൈനീസ് ഔഷധസസ്യമായ ‘ജിൻസെംഗി’നോടു കിടപിടിക്കുന്നതാണ് നാട്ടിൽ സുലഭമായ ‘അശ്വഗന്ധ’.
മഞ്ഞളിലെ കുർക്കുമിൻ, അശ്വഗന്ധ, ചക്കരക്കൊല്ലി, ഒമേഗ 3, പ്രോബയോട്ടിക്സ് എന്നിവയാണ് വിപണിയിൽ പ്രചാരത്തിലുള്ള ന്യൂട്രാസ്യൂട്ടിക്കൽ ഘടകങ്ങൾ.കസ്തൂരി വെണ്ട, ചെറൂള, ബ്രഹ്മി, തഴുതാമ, കണിക്കൊന്ന തുടങ്ങി നൂറ്റിമുപ്പതോളം ഔഷധഗുണമുള്ള സസ്യങ്ങൾ സംസ്ഥാനത്തുണ്ട്. ഇതു വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനായാൽ കർഷകർക്കു കൂടി ഗുണമുണ്ടാകുമെന്ന് കേരള ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ.ഡി.രാമനാഥൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]