മൂവാറ്റുപുഴ∙ ശബരി റെയിൽവേ നിർമാണ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് ഉണ്ടായിട്ടും പദ്ധതി മരവിപ്പിച്ച നടപടി ഇതുവരെ പിൻവലിച്ചതായി അറിയിപ്പില്ല. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചില്ല.
ജൂലൈയിൽ സ്ഥലം ഏറ്റെടുപ്പ് തുടങ്ങുമെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനം. പദ്ധതി മരവിപ്പിച്ചതു മാറ്റാനും പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാനും നിർമാണ ചെലവ് ആര് വഹിക്കും എന്നതിൽ വ്യക്തത വരുത്താനും കേന്ദ്ര റെയിൽവേ മന്ത്രിയും മുഖ്യമന്ത്രിയും മുൻ കൈ എടുക്കണമെന്നു ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ ആവശ്യപ്പെട്ടു.
ജൂൺ 3 ന് മുഖ്യമന്ത്രിയും സംസ്ഥാന റെയിൽവേ മന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയെ സന്ദർശിച്ച ശേഷമാണ് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായത്.
ശബരി റെയിൽവേ നിർമാണത്തിന് കേന്ദ്ര സർക്കാർ മുൻഗണന കൊടുക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി രണ്ടാമത്തെ തവണയാണ് പൊതുവേദിയിൽ പ്രഖ്യാപിക്കുന്നത്. 2024 നവംബർ 3 ന് തൃശൂരിൽ ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
പിന്നീട് ത്രികക്ഷി കരാർ, സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയർത്തൽ വിവാദങ്ങളെ തുടർന്നു പദ്ധതി മരവിപ്പിക്കപ്പെട്ടു.
മൂന്നര പതിറ്റാണ്ടായി പലപ്പോഴായി ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് ഇതെല്ലാം വിസ്മരിക്കപ്പെടുന്നതാണ് പതിവ്. ഇതേ അവസ്ഥ ഇത്തവണയും ഉണ്ടാകുമോ എന്നാണ് ആശങ്ക ഉയരുന്നത്.
മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിയുടെയും പ്രഖ്യാപനത്തോടെ പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങൾ ഏറെ പ്രതീക്ഷയിലാണ്. ഈ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തരുത് എന്നാണു ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷന്റെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]