
കൊച്ചി∙ അമ്പലമുകൾ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ കെഎസ്ഇബിയുടെ ഭൂഗർഭ കേബിളിനു തീപിടിച്ചു. സമീപപ്രദേശങ്ങളിൽ പുക വ്യാപിച്ചതോടെ പരിസരവാസികളെ മാറ്റി.
പുക ശ്വസിച്ചു റിഫൈനറിയിലെ അഞ്ച് ജീവനക്കാർക്കും രണ്ടു നാട്ടുകാർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില സുരക്ഷിതമാണെന്നു ഡോക്ടർമാർ പറഞ്ഞു.
സമീപപ്രദേശത്തു കൂടി വാഹനങ്ങളിൽ സഞ്ചരിച്ചവർക്കും രൂക്ഷഗന്ധം അനുഭവപ്പെട്ടു.
റിഫൈനറിയുടെ അഗ്നി സുരക്ഷാ വിഭാഗം തീയണച്ചതായി അധികൃതർ അറിയിച്ചു. രാത്രി ശക്തമായ കാറ്റ് ഇല്ലാതിരുന്നതിനാൽ പുക കൂടുതൽ സമയം അന്തരീക്ഷത്തിൽ തങ്ങി നിന്നതാണു കൂടുതൽ അസ്വസ്ഥതയ്ക്കു കാരണമായത്.
കമ്പനിയുടെ പരിസരവാസികളായ ഏറ്റിക്കര കാവനാക്കുഴി ലെനി (46), കാവനാകുഴി പത്രോസ്(76) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണു ഭൂഗർഭ കേബിൾ പുകഞ്ഞു തുടങ്ങിയതെന്നാണു സൂചന. 7 മണിയോടെ പുക വ്യാപിച്ചതോടെ വീടുവിട്ട് ഇറങ്ങേണ്ടി വന്ന പരിസരവാസികൾ പ്രതിഷേധവുമായി ഒത്തുകൂടി.
റിഫൈനറി പ്രദേശത്തെ സുരക്ഷാ നടപടികളിൽ വീഴ്ച സംഭവിച്ചതായി നാട്ടുകാർ കുറ്റപ്പെടുത്തി.രണ്ടു തവണ പൊട്ടിത്തെറി കേട്ടിട്ടും അപായസൂചന ലഭിച്ചില്ലെന്നും പരിസരവാസികൾ കുറ്റപ്പെടുത്തി. റിഫൈനറി ഗേറ്റിനു മുൻപിൽ തടിച്ചു കൂടിയ പ്രതിഷേധക്കാർ ജീവനക്കാരെ പുറത്തുപോകാൻ അനുവദിച്ചില്ല.
ചിത്രപ്പുഴ–പോഞ്ഞാശേരി റോഡും നാട്ടുകാർ ഉപരോധിച്ചു.
തീയും പുകയും നിയന്ത്രണവിധേയമാണെന്നു സംഭവസ്ഥലം സന്ദർശിച്ച ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ കെ.മനോജ് അറിയിച്ചു. പ്രതിഷേധിച്ച നാട്ടുകാർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്നെത്തിയ ആംബുലൻസിനെയും ഡപ്യൂട്ടി കലക്ടറെയും കമ്പനി ഗേറ്റിൽ തടഞ്ഞു.
നാട്ടുകാരുടെ പ്രതിനിധികളെ കൂടി അകത്തേക്കു കയറ്റിയ ശേഷമാണു ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരെ കടത്തിവിട്ടത്. ഇതിനിടയിലും ഗേറ്റിനു പുറത്തു നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]