മോർച്ചറിയിൽ മൃതദേഹം ജീർണിച്ചതായി പരാതി: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എറണാകുളം∙ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച യുവാവിന്റെ മൃതദേഹം ഫ്രീസറിന്റെ സ്വിച്ച് പ്രവർത്തിക്കാത്തതു കാരണം ജീർണിച്ചെന്ന പരാതി ആർഡിഒ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് എറണാകുളം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. ആർഡിഒയ്ക്ക് പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ ജില്ലാ പൊലീസ് മേധാവി, ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി അധികൃതരുടെയും മരിച്ചയാളുടെ അടുത്ത ബന്ധുക്കളുടെയും മൊഴി ആർഡിഒ രേഖപ്പെടുത്തണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. മരിച്ച എഴുപുന്ന സ്വദേശി സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തീയതി മരണ തീയതി, മരണകാരണം, എന്നിവ മെഡിക്കൽ രേഖകൾ പരിശോധിച്ച് റിപ്പോർട്ടിൽ രേഖപ്പെടുത്തണം. ഇൻക്വസ്റ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥന്റെ വിശദാംശങ്ങൾ, മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച തീയതി, ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്താൻ കാലതാമസമുണ്ടായെങ്കിൽ കാരണം, മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്താനുള്ള കാരണം, ഫ്രീസറിന് തകരാറുണ്ടോ, അതേ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മറ്റ് മൃതദേഹങ്ങൾ ജീർണിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളും അന്വേഷണവിധേയമാക്കണം.
മൃതദേഹം ജീർണിക്കാനുള്ള കാരണങ്ങൾ സംബന്ധിച്ച വിദഗ്ധ മെഡിക്കൽ ഉപദേശം ആർഡിഒ വാങ്ങണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. ജൂലൈയിൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ആർഡിഒ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കളമശേരിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ എഴുപുന്ന സ്വദേശി സാബു (45) നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചത്.