കൊച്ചി∙ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ആദ്യഘട്ട നവീകരണം അവസാന ഘട്ടത്തിലേക്ക്.
ടൈൽ വിരിക്കുന്ന ജോലികളും ഇലക്ട്രിക്, പെയ്ന്റിങ് ജോലികളുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 170 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള മൾട്ടി ലെവൽ പാർക്കിങ്ങിനുള്ള കെട്ടിടം ഉൾപ്പെടെ മൂന്നു കെട്ടിടങ്ങളാണ് റെയിൽവേ പുതിയതായി നിർമിക്കുന്നത്.
നിലവിലെ സ്റ്റേഷൻ കെട്ടിടത്തോടു ചേർന്നുള്ള കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് മൂന്നു മാസത്തിനുള്ളിൽ നോർത്ത് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പാഴ്സൽ ബുക്കിങ് കേന്ദ്രം, റിസർവേഷൻ കൗണ്ടർ, സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്,
ആർപിഎഫ്, ജനറൽ പൊലീസ് തുടങ്ങിയ റെയിൽവേ ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്കു മാറും.
അഞ്ചു നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിലായിരിക്കും റിസർവേഷൻ കൗണ്ടറുകൾ ഉൾപ്പെടെയുള്ളവ. ഒന്നാം നിലയിൽ ആർപിഎഫ്, ജനറൽ പൊലീസ് വിഭാഗവും രണ്ടും മൂന്നും നിലകളിൽ എൻജിനീയറിങ്, മെക്കാനിക്കൽ വിഭാഗം ഓഫിസുകളും പ്രവർത്തിക്കും.
ഇതിനു ശേഷം നിലവിലെ സ്റ്റേഷൻ കെട്ടിടം ഘട്ടംഘട്ടമായി പൊളിക്കും. പുതിയ കെട്ടിടങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലാണു നിർമാണം.
ഇതിന് പൊതുവായ ഇടനാഴിയും ലിഫ്റ്റുകളും ഉണ്ടാകും. ഇതുവഴി യാത്രക്കാർക്കു പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാം.
നോർത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നു മെട്രോ സ്റ്റേഷൻ ഭാഗത്തേക്കുള്ള ഫുട്ഓവർ ബ്രിജും പുതിയ കെട്ടിടവും തമ്മിൽ ബന്ധിപ്പിച്ചു നടപ്പാലം നിർമിക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്.
ഇതു നടപ്പിലായാൽ പാലം വഴി യാത്രക്കാർക്കു റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിലേക്കു നേരിട്ടു പ്രവേശിക്കാനാകും. രണ്ടാമത്തെ പ്ലാറ്റ്ഫോമിനെയും മെട്രോയെയും ബന്ധിപ്പിക്കുന്ന തരത്തിൽ നടപ്പാലം നിർമിക്കുന്ന പദ്ധതി യാഥാർഥ്യമായാൽ യാത്രക്കാർക്കു മെട്രോയിൽ എത്തി സ്റ്റേഷനിലേക്കു നേരിട്ടു പ്രവേശിക്കുകയും ചെയ്യാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

