പെരുമ്പാവൂരിൽ വൈദ്യുതി വിതരണം മെച്ചപ്പെടുത്താൻ പദ്ധതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙വ്യവസായ മേഖലയായ പെരുമ്പാവൂരിൽ വൈദ്യുതി വിതരണം മെച്ചപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിച്ചതായി എൽദോസ് കുന്നപ്പിളളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. പെരുമ്പാവൂർ ഡിവിഷന് കീഴിൽ ടൗണിന്റെ തെക്കു ഭാഗത്തുള്ള വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് കീഴില്ലം ഭാഗത്ത് സബ്സ്റ്റേഷൻ സ്ഥാപിക്കാനും സ്ഥലം ഏറ്റെടുക്കാനും പദ്ധതിയുണ്ട്. കൂവപ്പടി, വേങ്ങൂർ ഭാഗങ്ങളിലായി സബ്സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതി ഡിപിആർ സഹിതം 2 മാസത്തിനുള്ളിൽ വൈദ്യുത ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കും.
ഓടക്കാലി സബ്സ്റ്റേഷൻ 110 കെവി വോൾട്ടേജ് നിലയിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതി നിലവിൽ ഉണ്ട്. പെരുമ്പാവൂർ സബ്സ്റ്റേഷന്റെ ശേഷി വർധിപ്പിക്കൽ പുരോഗമിക്കുകയാണ്. പുതിയ ട്രാൻസ്ഫോമറുകൾ ലഭ്യമായതിനാൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ കഴിയുന്നുണ്ട്. ചിലയിടങ്ങളിൽ വോൾട്ടേജ് വ്യതിയാനം നേരിടുന്നുണ്ടെങ്കിലും ട്രാൻസ്ഫോമറുകൾ സ്ഥാപിക്കുന്നതിനെ പൊതുജനങ്ങളുടെ എതിർപ്പു നേരിടേണ്ടി വരുന്നു.
കഴിഞ്ഞവർഷം 15 % വരെ വൈദ്യുതി ഉപയോഗം വർധിച്ചതിനാൽ വേനൽക്കാലത്ത് 40ലധികം ട്രാൻസ്ഫോമറുകൾ അമിതഭാരം മൂലം കേടായി. ഇത്തവണ ഇത് മുന്നിൽ കണ്ട് ഭൂരിഭാഗം പ്രദേശങ്ങളിലും ട്രാൻസ്ഫോമർ സ്ഥാപിക്കാൻ കഴിഞ്ഞു. നിയോജകമണ്ഡലത്തിൽ 11 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ 2. 43 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.7. 2 കിലോമീറ്റർ കേബിൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി വരികയാണ്. ഒക്കൽ പഞ്ചായത്തിലെ പറമ്പത്ത് കടവ് പ്രദേശത്ത് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി റോഡ് മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല.
പാത്തിപ്പാലം, ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിലേക്കു നഗരസഭയുടെ അനുമതി ലഭ്യമായെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭ്യമായിട്ടില്ല. ഭൂഗർഭ കേബിൾ പദ്ധതി കൂടാതെ 6 കോടി രൂപയുടെ എച്ച്ടി/ലിറ്റർ എബിസി വർക്കുകൾ ദ്രുതഗതിയിൽ നടപ്പാക്കുകയാണ്. റയോൺപുരം മുതൽ റയോൺസ് ജംക്ഷൻ വരെ 2. 25 കോടി രൂപയുടെ വർക്കിൽ 83 ലക്ഷം രൂപയുടെ ജോലി പൂർത്തിയായി. എംഎൽഎ പ്രോജക്ട് ചെയർമാൻ എൻ.പി. ആന്റണി, ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ്. സഹിത, എക്സിക്യൂട്ടീവ് എൻജിനീയർമാരായ അനിൽ പോൾ , എം.എ. ബിജുമോൻ ,ബി.ഷീജ എന്നിവർ പ്രസംഗിച്ചു.