കൊച്ചി∙ മലയാള സിനിമയുടെ അന്നോളമുള്ള രീതികളെയും സമ്പ്രദായങ്ങളെയും കീഴ്മേൽമറിച്ച നടി ആക്രമണക്കേസിൽ വിചാരണയ്ക്കു വനിതാ ജഡ്ജിയെ ലഭിച്ചത് അതിജീവിതയുടെ ഹർജിയിൽ. ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയും അന്നത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന ഡോ.
കൗസർ എടപ്പഗത്താണു വിചാരണ നടപടികൾ തുടങ്ങിയതെങ്കിലും വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. അന്ന് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായിരുന്ന അഡീ.
സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ കോടതിയിലേക്കു വിചാരണയ്ക്കുവേണ്ടി കേസ് മാറ്റി.
വിചാരണയ്ക്കിടെ ജഡ്ജിക്കു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചതോടെ വിചാരണ വീണ്ടും അവിടേക്കുതന്നെ എത്തി.
വിചാരണ തുടങ്ങിയശേഷം പുതിയ വെളിപ്പെടുത്തലുകളും തെളിവുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തെ സമീപിച്ചതോടെ വിചാരണ നിർത്തി തുടരന്വേഷണം നടത്തി. ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി.
ശരത്തിനെ 13–ാം പ്രതിയായി കേസിൽ ഉൾപ്പെടുത്തി വിചാരണ പുനരാരംഭിച്ചു. രോഗബാധിതനായ ബാലചന്ദ്രകുമാർ സാക്ഷി മൊഴി നൽകി അധികം വൈകാതെ മരിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു എം. പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
ആദ്യ പ്രതിപ്പട്ടികയിലെ പത്താം പ്രതി വിഷ്ണു മാപ്പുസാക്ഷിയായി. അഭിഭാഷകരായ പതിനൊന്നാം പ്രതി പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയാണു വിചാരണ തുടങ്ങിയത്.
പ്രതികളെ കോടതി മുറിയിൽനിന്ന് പിടികൂടിയത് സിനിമ സ്റ്റൈലിൽ
കൊച്ചി∙ കേരള പൊലീസിനു മുൻപിൽ കേരള സമൂഹം എഴുന്നേറ്റു നിന്നു കയ്യടിച്ച നിമിഷമായിരുന്നു കേസിലെ മുഖ്യപ്രതി എൻ.എസ്.
സുനിൽകുമാറിന്റെയും (പൾസർ സുനി) കൂട്ടാളി തലശ്ശേരി സ്വദേശി വിജീഷിന്റെയും അറസ്റ്റ്. 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ കുറ്റകൃത്യത്തിലെ മുഖ്യപ്രതി സുനിൽകുമാർ അറസ്റ്റിലാവുന്നത് 23നാണ്.
ഈ ദിവസങ്ങൾക്കിടയിൽ 4 തവണ പ്രതികൾ പൊലീസിനെ വെട്ടിച്ചു കടന്നിരുന്നു. പ്രതികൾ എറണാകുളത്ത് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുമെന്ന രഹസ്യവിവരത്തെ തുടർന്ന് എംജി റോഡ്, പാർക്ക് അവന്യു, ഷൺമുഖം റോഡ്, ബാനർജി റോഡ് എസ്എ റോഡ് എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
എന്നിട്ടും കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോൾ പ്രതികൾ രണ്ടുപേരും പൊലീസിനെ കബളിപ്പിച്ചു കോടതിയുടെ ഉള്ളിലെത്തി.
പ്രതിഭാഗം അഭിഭാഷകർ അഭിഭാഷക വേഷത്തിൽ അവരുടെ വണ്ടിയിൽ പ്രതികളെ കോടതിവളപ്പിലെത്തിച്ചെന്ന രഹസ്യവിവരത്തെ തുടർന്ന് അന്നത്തെ സെൻട്രൽ എസ്ഐ എ. അനന്തലാലും സംഘവും കോടതിയിലെത്തിയപ്പോഴേക്കും പ്രതികൾ കോടതിക്കുള്ളിൽ കയറിയിരുന്നു.
സിനിമാ സ്റ്റൈലിൽ കോടതിമുറിയിൽ കയറിയാണു പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതിഭാഗം അഭിഭാഷകർ പ്രതിഷേധിച്ചെങ്കിലും മജിസ്ട്രേട്ട് കോടതി മുറിയിൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ പൊലീസിന്റെ നടപടിയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ജുഡീഷ്യറിയുടെ പൊതുവായ നിലപാട്.
സിനിമ മേഖലയെ തകിടം മറിച്ച കേസ്
കൊച്ചി∙ മലയാള സിനിമയുടെ അന്നോളമുള്ള രീതികളെയും സമ്പ്രദായങ്ങളെയും കീഴ്മേൽമറിച്ച കേസാണു നടി ആക്രമണക്കേസ്.
നടിയെ പീഡിപ്പിച്ചു ദൃശ്യം പകർത്താൻ ക്വട്ടേഷൻ നൽകിയത് പ്രമുഖ മലയാള നടനാണെന്ന ആരോപണം പുറത്തുവന്നതോടെ, ഇരുവരും അംഗമായിരുന്ന അമ്മയടക്കമുള്ള സിനിമാ സംഘടനകൾ പ്രതിസന്ധിയിലായി. രണ്ടുപേരും ‘അമ്മ’യുടെ മക്കളാണെന്നും രണ്ടുപേരെയും കൈവിടില്ലെന്നുമുള്ള വിചിത്ര ന്യായങ്ങൾ നേതാക്കളിൽ ചിലർ നിരത്തിയെങ്കിലും ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തെ അമ്മ അടക്കമുള്ള സംഘടനകളിൽനിന്നു പുറത്താക്കി.
സിനിമാ മേഖലയിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകൃതമായ വിമൻ ഇൻ സിനിമ കലക്ടീവും അവരുടെ കൂടി ശ്രമഫലമായി നിലവിൽ വന്ന ജസ്റ്റിസ് കെ. ഹേമ കമ്മിഷനും സിനിമാ സെറ്റുകളിൽ വനിതകളുടെ സംരക്ഷണം ഉറപ്പാക്കാൻവേണ്ടിയുള്ള സമിതികളുമെല്ലാം ഒരർഥത്തിൽ നടി ആക്രമണക്കേസിന്റെ ഉപോൽപന്നങ്ങളാണ്.
വാർത്തകളിൽ നിറഞ്ഞ് കേസ്; രാജി വച്ച് പ്രോസിക്യൂട്ടർമാർ
കൊച്ചി∙ രഹസ്യവിചാരണയായിരുന്നിട്ടും ഉപഹർജികളിലൂടെയും മേൽക്കോടതികളിലെ അപ്പീലുകളിലൂടെയും വാർത്തകളിൽ നിറഞ്ഞ കേസാണു നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്.
മുൻപു കേട്ടിട്ടില്ലാത്ത വിധം വിചാരണക്കോടതിക്ക് അകത്തും പുറത്തും പ്രോസിക്യൂഷൻ അസംതൃപ്തിയും പ്രതിഷേധവും അറിയിച്ച കേസ്. സർക്കാർ നിയോഗിച്ച 2 സ്പെഷൽ പ്രോസിക്യൂട്ടർമാരാണു വിസ്താരത്തിനിടെ രാജിവച്ചത്.
എ. സുരേശനാണു വിസ്താരം തുടങ്ങിയകാലത്തെ പ്രോസിക്യൂട്ടർ.
വിചാരണക്കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് അദ്ദേഹം രാജിവച്ച ഒഴിവിലാണു സിബിഐയുടെ ഏറ്റവും ശ്രദ്ധേയരായ പ്രോസിക്യൂട്ടർമാരിൽ ഒരാളായിരുന്ന വി.എൻ. അനിൽകുമാറിനെ ഈ കേസിന്റെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്.
വിചാരണനടപടികളിൽ അതൃപ്തി അറിയിച്ച് അദ്ദേഹവും രാജിവച്ചു. തുടർന്നു പ്രോസിക്യൂട്ടറായി നിയമിതനായ വി.
അജകുമാറാണു സാക്ഷിവിസ്താരം പൂർത്തിയാക്കി അന്തിമവാദം പറഞ്ഞത്.
ദുരന്തരാത്രിയുടെ ഓർമയിൽ…
കൊച്ചി∙ അന്നു രാത്രി, നടനും സംവിധായകനുമായ ലാലിന്റെ വീട്ടിൽ സംഭവിച്ചതു കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്. ഫെബ്രുവരി 17 നു രാത്രി 10.30നാണു നടി കരഞ്ഞുകൊണ്ട് ലാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയത്.
ദേശീയപാതയിൽ കാറിൽ പീഡനത്തിന് ഇരയായ നടി, അക്രമികൾ ഇറങ്ങിപ്പോയ ഉടൻ ലാലിനെ ഫോണിൽ വിവരമറിയിച്ചു. നടിയെ വീടിനകത്തെത്തിച്ച ലാൽ അവരെ ആശ്വസിപ്പിച്ചു.
അതിനിടെ പി.ടി. തോമസ് എംഎൽഎ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 11 മണിയോടെ തൃക്കാക്കര അസി.
പൊലീസ് കമ്മിഷണർ എം. ബിനോയി ലാലിന്റെ വീട്ടിലെത്തി.
11.30 നു പി.ടി. തോമസും ലാലിന്റെ വീട്ടിലെത്തി.
അവിടെവച്ചു പി.ടിയുടെ ഫോണിൽ റേഞ്ച് ഐജിയുമായി നടി നേരിട്ടു സംസാരിച്ച് നടന്ന സംഭവങ്ങൾ കരഞ്ഞുകൊണ്ടു പറഞ്ഞു.
രാത്രി പന്ത്രണ്ടരയോടെ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയും ലാലിന്റെ വീട്ടിലേക്കു പാഞ്ഞെത്തി. നടിയുടെ കാർ ഓടിച്ചിരുന്ന ഡ്രൈവർ മാർട്ടിൻ, നടന്ന സംഭവങ്ങൾ എന്ന രീതിയിൽ കുറെ കാര്യങ്ങൾ പൊലീസിനോടു വിശദീകരിച്ചു.
ആദ്യം പി.ടിയോടു സംഭവങ്ങൾ വിവരിച്ചതു പോലെയായിരുന്നില്ല മാർട്ടിൻ പൊലീസിനോടു വിശദീകരിച്ചത്. ഇക്കാര്യം പി.ടി.
തോമസ് എസി എം. ബിനോയിയുടെ ശ്രദ്ധയിൽപെടുത്തി.
മാർട്ടിന്റെ മൊഴികളിൽ അന്നുതന്നെ പൊലീസിനു സംശയം തോന്നിയെങ്കിലും അവരതു പുറത്തുകാണിച്ചില്ല.പിന്നീടു മാർട്ടിൻ കേസിലെ രണ്ടാം പ്രതിയായി. രാവിലെയാണു നാട്ടുകാർ സംഭവമറിഞ്ഞത്.
പൊലീസും ലാലിന്റെ അടുത്ത സുഹൃത്തുക്കളായ സിനിമാപ്രവർത്തകരും മാത്രമാണു രാത്രി വീട്ടിലുണ്ടായിരുന്നത്. ഇവരിൽ പലരും പിന്നീടു കോടതിയിൽ മൊഴിമാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

