തൃപ്പൂണിത്തുറ ∙ റെയിൽവേ സ്റ്റേഷനിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് ആകാശ നടപ്പാത നിർമിക്കാനുള്ള നടപടി തുടങ്ങിയതായി ഹൈബി ഈഡൻ എംപി. 3 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ രൂപരേഖ കെഎംആർഎൽ തയാറാക്കിയിട്ടുണ്ട്. ഇത് റെയിൽവേയ്ക്ക് സമർപ്പിക്കും.
റെയിൽവേ അനുമതി നൽകുന്നതോടെ പദ്ധതി യാഥാർഥ്യമാകും. കഴിഞ്ഞ ദിവസം റെയിൽവേ ഡിവിഷനൽ മാനേജരുമായി നടന്ന ചർച്ചയിൽ കെഎംആർഎലിന്റെ പ്രോജക്ട് ലഭിക്കുന്ന മുറയ്ക്ക് അംഗീകാരം നൽകാമെന്ന് ഡിവിഷനൽ മാനേജർ അറിയിച്ചതായി എംപി പറഞ്ഞു.
റെയിൽവേ സ്റ്റേഷനും മെട്രോ സ്റ്റേഷനും തമ്മിലുള്ള കണക്ടിവിറ്റി സാധ്യതകൾ വിപുലപ്പെടുത്തണമെന്ന ആവശ്യം മെട്രോ ടെർമിനൽ സ്റ്റേഷൻ പണിത സമയം മുതൽ യാത്രക്കാർ ആവശ്യപ്പെടുന്നതാണ്.
ഈ ആവശ്യം ഉന്നയിച്ചു മലയാള മനോരമയും വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ഏറ്റവും എളുപ്പത്തിൽ മെട്രോ സ്റ്റേഷനിൽ പ്രവേശിക്കാൻ പറ്റുന്ന വിധം ആകാശ നടപ്പാത നിർമിക്കണമെന്നാണ് ആവശ്യം.
പാലരുവി, വേണാട് എക്സ്പ്രസുകളിൽ എത്തുന്ന യാത്രക്കാർ എറണാകുളം ജില്ലയിലെ പല ഓഫിസുകളിലും പഞ്ചിങ് സമയം പാലിക്കാൻ മെട്രോ മാർഗമാണ് ഉപയോഗിക്കുന്നത്.
100 മീറ്ററിൽ താഴെ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനിൽ നിന്നു പടികൾ ഇറങ്ങി പ്ലാറ്റ് ഫോം ചുറ്റി മെട്രോ സ്റ്റേഷനിലെത്താൻ ഇപ്പോൾ 20 മിനിറ്റ് നടപ്പു ദൂരമുണ്ട്. ഈ സമയനഷ്ടം ഒഴിവാക്കാൻ ആകാശ നടപ്പാത വരുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രതിഷേധം രേഖപ്പെടുത്തി
ദീർഘദൂര ട്രെയിനുകൾക്ക് ഉൾപ്പെടെ സ്റ്റോപ്പുകൾ അനുവദിക്കുന്നതിൽ തൃപ്പൂണിത്തുറ സ്റ്റേഷനെ അവഗണിക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിയെന്നു ഹൈബി പറഞ്ഞു.
മംഗലാപുരം – നാഗർകോവിൽ എക്സ്പ്രസ്, കന്യാകുമാരി – പുണെ എക്സ്പ്രസ് എന്നീ 2 ട്രെയിനുകൾക്ക് ഇരു ഭാഗത്തേക്കും തൃപ്പൂണിത്തുറയിൽ സ്റ്റോപ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. നിലവിൽ ഒരു ഭാഗത്തേക്കു ഇവയ്ക്കു സ്റ്റോപ് ഉണ്ട്. സ്റ്റേഷൻ പരിസരത്ത് പൊതുജനങ്ങൾ വഴിയായി ഉപയോഗിക്കുന്ന ഭാഗം മുന്നറിയിപ്പില്ലാതെ അടച്ച് തടസ്സം സൃഷ്ടിച്ച നടപടി പുനഃപരിശോധിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]