കൊച്ചി ∙ ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് കല്ലെറിഞ്ഞയാളെ പിടികൂടി. അരൂർ ചന്തിരൂർ പള്ളിച്ചിറയിൽ പി.കെ.സനീഷിനെ (38)യാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 30ന് വൈകിട്ടായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നു പുറപ്പെട്ട
ട്രെയിൻ അരൂർ വെളുത്തുള്ളി റെയിൽവേ ഗേറ്റിനു സമീപത്ത് എത്തിയപ്പോഴായിരുന്നു കല്ലേറ്. ചില്ലു തകർത്തെത്തിയ കല്ല് എൻജിൻ ക്യാബിനുള്ളിൽ പതിച്ചെങ്കിലും ലോക്കോ പൈലറ്റ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
അന്നു തന്നെ അന്വേഷണം നടത്തിയെങ്കിലും ആരാണു കല്ലെറിഞ്ഞതെന്നു കണ്ടെത്താനായിരുന്നില്ല.
തുടർന്ന് എറണാകുളം സൗത്ത് ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കല്ലേറു നടന്നതിനു സമീപത്തും സമീപ റോഡുകളിലുമുള്ള നൂറ്റൻപതോളം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ആർപിഎഫ് അരിച്ചു പെറുക്കി പരിശോധിച്ചു.
ഇതിനു പുറമേ അരൂർ മേഖലയിൽ രഹസ്യാന്വേഷണവും നടത്തി. മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സനീഷിന്റെ ദൃശ്യങ്ങൾ പരിശോധനയിൽ കണ്ടെത്തിയതു വഴിത്തിരിവായി.
തുടർന്ന് സനീഷിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. സനീഷ് മുൻപ് അടിപിടിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ പോയിട്ടുണ്ടെന്നും ആദ്യമായാണ് ട്രെയിനിനു കല്ലെറിയുന്നതെന്നും ആർപിഎഫ് അറിയിച്ചു.
ക്രൈം പ്രിവൻഷൻ ഡിറ്റൻഷൻ സ്ക്വാഡ് എസ്ഐ കെ.എസ്.മണികണ്ഠൻ, എഎസ്ഐ കെ.എസ്.രാജീവ്, ഹെഡ് കോൺസ്റ്റബിൾമാരായ അനൂപ് കൃഷ്ണൻ, ഷാജി, എം.വി.സുനിൽ, അജയഘോഷ്, ജോസഫ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.
പ്രതിയെ ആലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]