ആലങ്ങാട് ∙ കരുമാലൂർ മേഖലയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മോഷണം. ഇന്നലെ പുലർച്ചെ 12.10 നു മറിയപ്പടി പാലയ്ക്കൽ ഭാഗത്തെ കെട്ടിടത്തിലാണു കവർച്ച ശ്രമം.
കെട്ടിടത്തിലെ സ്റ്റോർ റൂമിൽ കയറി ചെമ്പു കമ്പികളും മറ്റും മോഷ്ടിക്കുകയായിരുന്നു. വിദേശത്തു താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ അബ്ദുൽ ഹുസൈൻ ഗഫാർ സിസിടിവി ദൃശ്യം വഴി മോഷ്ടാവ് അകത്തു കയറുന്നതു കണ്ടതോടെ, ഉടനെ കെട്ടിടം നോക്കാൻ ഏൽപിച്ച ആളെ വിളിച്ചു പറഞ്ഞു.
തുടർന്ന് ഇവർ വരുന്നതു കണ്ട മോഷ്ടാവ് മതിൽ ചാടി കടന്നുകളയുകയായിരുന്നു.
ഉടനെ പൊലീസിനെ വിവരമറിയിച്ചു. ആലങ്ങാട് പൊലീസെത്തി നടത്തിയ പരിശോധനയിൽ മോഷ്ടാവ് കൊണ്ടുവന്ന ബാഗും മോഷണത്തിനുപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി.
ഇതിനു തൊട്ടു മുൻപുള്ള ദിവസം കരുമാലൂർ പുറപ്പിള്ളിക്കാവ് ഭാഗത്തു വീടു കുത്തിത്തുറന്നു 8000 രൂപയും കാൽ പവൻ തൂക്കം വരുന്ന സ്വർണാഭരണവും കവർന്നിരുന്നു. അതിനു തൊട്ടു മുൻപുള്ള ദിവസം കരുമാലൂർ തട്ടാംപടി ഭാഗത്തെ വീടു കുത്തിത്തുറക്കാൻ ശ്രമം നടന്നിരുന്നു.
മോഷ്ടാവ് വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതു വീട്ടുകാർ സിസിടിവി വഴി കണ്ടതോടെ ഒച്ച വയ്ക്കുകയും മോഷ്ടാവ് ഓടി രക്ഷപ്പെടുകയും ചെയ്തു.കൂടാതെ രണ്ടാഴ്ച മുൻപു കോട്ടപ്പുറം ഭാഗത്തെ ഗോഡൗൺ കുത്തിത്തുറന്നു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കവർച്ച ചെയ്ത സംഭവവും ഉണ്ടായിരുന്നു.
ഈ സംഭവങ്ങളിലൊന്നും ആലങ്ങാട് പൊലീസിനു പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. അപരിചിതരായ പലരും ആലങ്ങാട്– കരുമാലൂർ മേഖലയിൽ ചുറ്റിത്തിരിയുന്നതു കണ്ടതായി നാട്ടുകാർ പറയുന്നു.
യുവാക്കളുടെ സംഘമാണു മോഷണം നടത്തുന്നതിൽ ഏറെയും.ലഹരി സംഘങ്ങളുടെയും മോഷ്ടാക്കളുടെയും ശല്യമുള്ളതിനാൽ വീട്ടുകാർ പലരും പേടിച്ചിട്ടു രാത്രിസമയത്തു പുറത്തിറങ്ങാറില്ല. ഈ അവസരം മുതലെടുത്താണു അതിക്രമങ്ങൾ നടക്കുന്നത്.സ്ഥിരമായി മോഷണങ്ങൾ നടക്കുന്നതിനാൽ ആലങ്ങാട് പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]