കാക്കനാട് ∙ മെട്രോ റെയിൽ നിർമാണം നടക്കുന്ന സിവിൽലൈൻ റോഡിലും സീപോർട്ട് എയർപോർട്ട് റോഡിലും തുടരെ പൈപ്പ് പൊട്ടുന്നതു ശുദ്ധജല വിതരണത്തെ പ്രതിസന്ധിയിലാക്കുന്നു. സിവിൽ ലൈൻ റോഡിലാണ് കൂടുതൽ പ്രതിസന്ധി.
മെട്രോ റെയിലിന്റെ പില്ലർ സ്ഥാപിക്കാനുള്ള പൈലിങ്ങിനിടെയാണു ഭൂഗർഭ പൈപ്പുകൾ തകരുന്നത്. വാഴക്കാല, കമ്പിവേലിക്കകം, പടമുകൾ പ്രദേശങ്ങളിൽ ദിവസങ്ങളായി ശുദ്ധജല വിതരണം തകരാറിലാണ്.
പൈലിങ്ങിനിടെ പൈപ്പ് പൊട്ടിയാൽ കെഎംആർഎൽ തൊഴിലാളികൾ അക്കാര്യം കൃത്യമായി അറിയിക്കുന്നില്ലെന്ന ആക്ഷേപം ജല അതോറിറ്റിക്കുണ്ട്.
റോഡിൽ ഉയരത്തിൽ ബാരിക്കേഡുകൾ കെട്ടി അതിനകത്താണു പൈലിങ്ങ് എന്നതിനാൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് പുറമേ കാണാനാകില്ല. വെള്ളം കിട്ടാതെ നാട്ടുകാർ പരാതി പറയുമ്പോൾ റോഡു നീളെ അന്വേഷണം നടത്തിയാണ് ജല അതോറിറ്റി അധികൃതർ പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്തുന്നത്.ഇത് നന്നാക്കി ജലവിതരണം പുനരാരംഭിക്കുമ്പോഴേക്കും അടുത്ത സ്ഥലത്ത് സമാന രീതിയിൽ പൈപ്പ് പൊട്ടും.
രണ്ടും മൂന്നും ദിവസം ഇടവിട്ടു മാത്രം പമ്പിങ്ങുള്ള പ്രദേശങ്ങൾ ആയതിനാൽ വെള്ളം കിട്ടേണ്ട ദിവസമാണ് പൈപ്പ് പൊട്ടുന്നതെങ്കിൽ അത് നന്നാക്കി വീണ്ടും ഇവിടങ്ങളിൽ വെള്ളം എത്തുമ്പോഴേക്കും ഒരാഴ്ച പിന്നിട്ടുണ്ടാകും.
ഇതുമൂലം പല വീടുകളിലും ഒരിറ്റു വെള്ളം പോലുമില്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.
ജലഅതോറിറ്റിയുടെ വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണു ഭൂരിഭാഗം കുടുംബങ്ങളും. പൈപ്പ് വെള്ളം കിട്ടാതെ വരുമ്പോൾ പൊള്ളുന്ന വില നൽകി ടാങ്കർ വെള്ളം വരുത്തേണ്ട
ഗതികേടിലാണ് നാട്ടുകാർ. നഗരസഭയുടെ കിഴക്കൻ പ്രദേശങ്ങളിലും ജല വിതരണം തടസ്സപ്പെടാറുണ്ട്.പഴയ പൈപ്പ് ലൈനുകളാണ് ഇവിടെ വില്ലൻ.
മർദം താങ്ങാതെ ഇവിടങ്ങളിൽ പൈപ്പ് പൊട്ടുന്നത് പതിവാണ്. പഴകി ദ്രവിച്ച കുടിവെള്ള പൈപ്പുകൾക്കു പകരം പുതിയ പൈപ്പിടാനുള്ള പദ്ധതി ഉടൻ നടപ്പാക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം.
പല പ്രദേശങ്ങളിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പ് ലൈനാണ് നിലവിലുള്ളത്.ഇവ ഘട്ടം ഘട്ടമായി മാറ്റി സ്ഥാപിക്കലാണു ലക്ഷ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]