
കൊച്ചി∙ നഗരഹൃദയത്തിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ആരോരുമറിയാതെ കള്ളൻ കൊണ്ടുപോയത് 7 ലക്ഷം രൂപയുടെ ബൊള്ളാഡ് ലൈറ്റുകൾ. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സിഎസ്എംഎലിന്റെ സഹകരണത്തോടെ സ്ഥാപിച്ച 58 ലൈറ്റുകളിൽ 40 എണ്ണമാണു മോഷണം പോയത്.
24 മണിക്കൂറും സുരക്ഷാ ജീവനക്കാരുള്ള ഗ്രൗണ്ടിലെ വൻ മോഷണം അധികൃതർ അറിഞ്ഞതാകട്ടെ 16 ദിവസത്തിനു ശേഷം! ലൈറ്റ് സ്ഥാപിക്കാൻ കരാറെടുത്ത ല്യൂമ്ൻ എൻജിനീയറിങ് കമ്പനിയുടെ പാർട്ണർ തൃശൂർ കാരമുക്കു സ്വദേശി കെ.കെ.സംഗീതിന്റെ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തു.
ജൂൺ 12ന് പുലർച്ചെ 4ന് മോഷണം നടന്നതായാണു ഗ്രൗണ്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്.
ഈ സമയത്ത് ഒരാൾ ലൈറ്റുകൾ വലിച്ചിളക്കുന്നതു ദൃശ്യങ്ങളിലുണ്ട്. എന്നാൽ മുഖം വ്യക്തമല്ല.
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനങ്ങളുടെയോ മറ്റോ സിസിടിവികളിൽ പതിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കും.പൂന്തോട്ടങ്ങളിലും നടപ്പാതകളിലും വെളിച്ചം ലഭിക്കാൻ തറ നിറപ്പിൽ നിന്ന് ഒരടിയോളം ഉയരത്തിൽ സ്ഥാപിക്കുന്ന എൽഇഡി ലൈറ്റുകളാണു ബൊള്ളാഡ് .
സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ജനുവരിയിലാണ് ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി 58 ലൈറ്റുകൾ സ്ഥാപിച്ചത്.
രണ്ടു തരം ലൈറ്റുകളാണു സ്ഥാപിച്ചത്. ഒരിനത്തിൽപെട്ട
6 എണ്ണവും മറ്റൊരിനത്തിലെ 52 ലൈറ്റുകളുമാണ് ഉണ്ടായിരുന്നത്.
ഇവ തെളിയുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ 24ന് ഡിടിപിസി അധികൃതർ വിളക്കുകൾ സ്ഥാപിച്ച കമ്പനിയെ വിവരം അറിയിച്ചു.
ലൈറ്റുകൾ തകരാറാറിലായെന്നാണ് ആദ്യം കരുതിയത്.എന്നാൽ, 27ന് കമ്പനി ജീവനക്കാരെത്തി പരിശോധിച്ചപ്പോൾ ലൈറ്റുകൾ കൂട്ടത്തോടെ ഇളക്കിക്കൊണ്ടു പോയതാണെന്നു വ്യക്തമായി. പ്രഭാത, സായാഹ്ന സവാരിക്കാർ ഉൾപ്പെടെ ഒട്ടേറെ പേർ എപ്പോഴുമെത്തുന്ന തിരക്കേറിയ സ്ഥലത്തു നിന്ന് ആരുടെയും ശ്രദ്ധയിൽപെടാതെ ഇത്രയേറെ ലൈറ്റുകൾ കവർന്നത് അധികൃതരെ ഞെട്ടിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]