
കൊച്ചി ∙ ക്ലാസ് മുറികൾ പിഎസ്സി പരീക്ഷയെഴുതാനെത്തുന്നവർ കയ്യടക്കുമ്പോൾ അധ്യയന ദിവസങ്ങളിൽ പോലും വിദ്യാർഥികൾ ക്ലാസിനു പുറത്ത്. എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനികൾക്കാണ് ഈ ദുരവസ്ഥ.
10, 12 ക്ലാസുകളിൽ പഠിക്കുന്നവർ ഉൾപ്പെടെയാണ് കൃത്യസമയത്ത് സ്കൂളിലെത്തിയാലും ഏറെ സമയം പുറത്തു കാത്തുനിൽക്കേണ്ടി വരുന്നത്.ഈ വർഷം സ്കൂൾ പ്രവൃത്തിസമയം ദീർഘിപ്പിച്ചതു കണക്കിലെടുക്കാതെ പിഎസ്സി പരീക്ഷാ നടത്തിപ്പിനായി ക്ലാസ് മുറികൾ വിട്ടുനൽകുന്നതു കൊണ്ടാണ് അധ്യയനസമയം നഷ്ടമാകുന്നതും ഇരിക്കാനിടമില്ലാതെ കുട്ടികൾ ബുദ്ധിമുട്ടുന്നതും.
പ്രവൃത്തി ദിനങ്ങളിൽ പോലും ഗേൾസ് ഹൈസ്കൂളിനെ പരീക്ഷാ കേന്ദ്രമാക്കുന്നതിൽ എതിർപ്പുയർത്തുകയാണ് രക്ഷാകർത്താക്കൾ.രാവിലെ 9.05നാണ് ഗവ. ഗേൾസ് ഹൈസ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നത്. ഹയർസെക്കൻഡറി ക്ലാസുകൾ രാവിലെ 8.45ന് ആരംഭിക്കും.
എന്നാൽ പിഎസ്സി പരീക്ഷകൾ നടക്കുന്ന ദിവസം സ്കൂളിലെത്തുന്നവർ അര മണിക്കൂറിൽ കൂടുതൽ ക്ലാസിനു പുറത്ത് കാത്തുനിന്നു കാൽ കഴയ്ക്കുന്ന സ്ഥിതിയാണ്.സ്കൂൾ ഓഡിറ്റോറിയം ഉൾപ്പെടെ പരീക്ഷയ്ക്കു നൽകുന്നതിനാൽ വിദ്യാർഥിനികൾക്ക് ഇരിക്കാൻ മറ്റു സൗകര്യങ്ങളില്ല.
കഴിഞ്ഞയാഴ്ച മാത്രം സ്കൂളിൽ മൂന്നു പരീക്ഷകൾ ഉണ്ടായിരുന്നതായി രക്ഷാകർതൃ സംഘടന പ്രതിനിധികൾ പറഞ്ഞു.പരീക്ഷാ നടത്തിപ്പു മൂലം അധ്യയനത്തിൽ പോരായ്മയുണ്ടാകുമെന്ന വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും ആശങ്ക ശരിവയ്ക്കുന്നതാണ് സ്കൂളിലെ സാഹചര്യം. പിഎസ്സി പരീക്ഷകൾക്ക് ഇൻവിജിലേറ്റർമാരാകേണ്ടത് ഹൈസ്കൂൾ തലത്തിലുള്ള അധ്യാപകരാണ്.
അതിരാവിലെ സ്കൂളിലെത്തി പരീക്ഷ നടത്തിപ്പിനു ശേഷം ഒൻപതരയോടെ പുറത്തിറങ്ങുന്ന അധ്യാപകർ പിന്നീട് ക്ലാസിലെത്തുമ്പോഴേക്കും ആദ്യത്തെ പിരിയഡ് (45 മിനിറ്റ്) ഏതാണ്ട് പൂർണമായും നഷ്ടപ്പെടും.
8, 9, 10 ക്ലാസുകളിലായി 258 വിദ്യാർഥിനികളാണ് ഇവിടെ പഠിക്കുന്നത്.പിഎസ്സി പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ രാവിലെ കായിക പരിശീലനത്തിനെത്തുന്ന കുട്ടികൾ ഗേറ്റിനു പുറത്ത് ഏറെ നേരം കാത്തുനിൽക്കേണ്ടി വരുന്നു.
പരീക്ഷ തുടങ്ങി ഏതാനും സമയം കഴിഞ്ഞശേഷമേ വിദ്യാർഥികളെ അകത്തുകയറ്റാറുള്ളൂ. നേരത്തെ കലാകായിക രംഗത്ത് സജീവമായിരുന്ന സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങളും ഇപ്പോൾ നടക്കുന്നില്ല.
സുരക്ഷയും മുഖ്യം
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ വളപ്പിനുള്ളിൽ അധ്യയന ദിവസങ്ങളിൽ രാവിലെ അപരിചിതരായ ആളുകൾ എത്തുന്നതിലെ സുരക്ഷാപ്രശ്നങ്ങൾ കൂടി ഗൗരവത്തോടെ കാണേണ്ടതാണ്.പിഎസ്സി പരീക്ഷ എഴുതാനെത്തുന്നവരുടെ ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സ്കൂൾ വളപ്പിലാണ്.
ഏതാണ്ട് 300 പേർ വരെ ഇവിടെ പരീക്ഷയെഴുതാൻ എത്താറുണ്ട്.
സ്കൂൾ രാവിലെ 9.05ന് ആണ് തുടങ്ങുന്നതെങ്കിലും പിഎസ്സി പരീക്ഷ പൂർത്തിയായതിനു ശേഷമാണ് ആദ്യ ബെൽ അടിക്കാറുള്ളതെന്ന് വിദ്യാർഥികൾ പറയുന്നു. വാഹനങ്ങളെടുത്തു പോകുന്നവർക്കിടയിലൂടെയാണ് വിദ്യാർഥികൾ ക്ലാസുകളിലേക്ക് പോകേണ്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]