
9ലെ ദേശീയ പണിമുടക്ക്: എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുക്കും: തൊഴിലാളി സംഘടനകൾ
കൊച്ചി∙ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകൾ 9ന് നടത്തുന്ന ദേശീയ പണിമുടക്കിൽ എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുക്കുന്നതിനാൽ എറണാകുളം ജില്ല നിശ്ചലമാകുമെന്നു സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ. 8നു രാത്രി 12 മുതൽ 9നു രാത്രി 12 വരെയാണു പണിമുടക്ക്. ബിഎസ്എൻഎൽ, ബാങ്ക്, ഇൻഷുറൻസ്, കൊച്ചി തുറമുഖം, എഫ്എസിടി, കൊച്ചി റിഫൈനറി തുടങ്ങിയ സ്ഥാപനങ്ങളിലെയും വ്യവസായശാലകളിലെയും സ്ഥിരം, കരാർ തൊഴിലാളികളും വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ, കയറ്റിറക്ക്, നിർമാണം, മത്സ്യം, ടാങ്കർലോറി, ലൈറ്റ് മോട്ടർ, ബസ്, ലോറി–ട്രക്ക് തൊഴിലാളികളും കേന്ദ്ര, സംസ്ഥാന ജീവനക്കാരും, കർഷക തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും.
ശുദ്ധജലം, പാൽ, പത്ര വിതരണം, ആശുപത്രി പ്രവർത്തനം തുടങ്ങിയവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. ജില്ലയിൽ രാവിലെ 8 മുതൽ മണ്ഡലം കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും നടക്കുന്ന പ്രതിഷേധ പ്രകടനം 25 സമര കേന്ദ്രങ്ങളിൽ എത്തുമെന്ന് സിഐടിയു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, എഐടിയുസി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, എച്ച്എംഎസ് ജില്ലാ സെക്രട്ടറി ബാബു തണ്ണിക്കോട്, ഐഎൻഎൽസി ജില്ലാ സെക്രട്ടറി കെ.എസ്. കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
മർച്ചന്റ്സ് അസോസിയേഷനും പണിമുടക്കും
കൊച്ചി∙ കോർപറേറ്റുകളെയും ഓൺലൈൻ വ്യാപാരത്തെയും പ്രോത്സാഹിപ്പിക്കുന്ന, കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
‘പണിമുടക്കിൽനിന്ന് വിട്ടുനിൽക്കും’
തൊഴിലാളി സംഘടനകൾ കേന്ദ്ര സർക്കാരിനെതിരെ 9ന് നടത്തുന്ന ദേശീയ പണിമുടക്കിൽനിന്നു സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) വിട്ടുനിൽക്കും. മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധമുണ്ടെങ്കിലും പത്തിരട്ടി തൊഴിലാളി വിരുദ്ധത കാണിക്കുന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധം ഉയർത്താത്ത പണിമുടക്കിൽ പങ്കെടുക്കേണ്ടതില്ലെന്നാണു തീരുമാനമെന്നു ജില്ലാ ചെയർമാൻ എം.വി. അജിത് കുമാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]