
രക്ഷപ്പെടാൻ മാർഗങ്ങൾ തുറന്നുകാട്ടി മോക്ഡ്രിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമുള്ള മാർഗങ്ങൾ തുറന്നു കാട്ടി കലക്ടറേറ്റിൽ മോക്ഡ്രിൽ അരങ്ങേറി. കലക്ടർ എൻ.എസ്.കെ.ഉമേഷ്, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് വിനോദ് രാജ്, ഡപ്യൂട്ടി കലക്ടർമാരായ കെ.മനോജ്, വി.ഇ.അബ്ബാസ്, പി.സിന്ധു, എസ്.ബിന്ദു, റെജീന തുടങ്ങിയവരുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ജീവനക്കാർ പരേഡ് ഗ്രൗണ്ടിൽ കേന്ദ്രീകരിച്ചു. ‘തീയും പുകയും’ അടങ്ങിയ ശേഷം ജീവനക്കാർ തിരികെ ഓഫിസിലെത്തി. പിന്നീടു നടന്ന അവലോകന യോഗത്തിൽ ‘രക്ഷാപ്രവർത്തന’ത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി. കലക്ടറേറ്റ് സമുച്ചയത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനുള്ള പ്രധാന വഴിയിലെ ഇരുമ്പു ഗ്രിൽ തുരുമ്പിച്ചതു മൂലം പൂർണമായി തുറക്കാൻ കഴിഞ്ഞില്ലെന്നു രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് ലിങ്ക് റോഡിൽ നിന്ന് പരേഡ് ഗ്രൗണ്ടിലേക്കുള്ള കവാടം കോൺക്രീറ്റ് തൂണുകൾ കൊണ്ടു ബ്ലോക്ക് ചെയ്തിരിക്കുന്നതും പോരായ്മയാണ്. സീപോർട്ട് എയർപോർട്ട് റോഡിലും ഇൻഫോപാർക്ക് റോഡിലും കുരുക്കുണ്ടായാൽ ഫയർ എൻജിനുകൾക്ക് സിവിൽ ലൈൻ റോഡു വഴി കലക്ടറേറ്റ് വളപ്പിലേക്കുള്ള പ്രവേശന കവാടമാണ് കോൺക്രീറ്റ് തൂണുകൾ നാട്ടി അടച്ചിരിക്കുന്നത്. ഫയർ സ്റ്റേഷൻ ഓഫിസർമാരായ ബി.ബൈജു (തൃക്കാക്കര), പി.ബി.വിശ്വാസ് (അങ്കമാലി), എൻ.എച്ച്.ഹസൈനാർ (പട്ടിമറ്റം), ടി.കെ.സുരേഷ് (പെരുമ്പാവൂർ) എന്നിവരും തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എ.കെ.സുധീറും മോക്ഡ്രില്ലിനു നേതൃത്വം നൽകി. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ ബൈജു, ഡെൽവിൻ ഡേവിസ്, എസ്.ജയൻ, രാജേഷ് കുമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.