
ദേശീയപാത – 66 നിർമാണം: വള്ളുവള്ളി നാലാംമൈൽ മുതൽ കാവിൽനട വരെ മേൽപാലം തുറന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പറവൂർ ∙ ദേശീയപാത – 66 നിർമാണത്തിന്റെ ഭാഗമായി വള്ളുവള്ളി നാലാംമൈൽ മുതൽ കാവിൽനട വരെ പുതുതായി നിർമിച്ച മേൽപാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയതോടെ പുത്തൻ യാത്രാനുഭവവുമായി യാത്രക്കാർ. ഇടപ്പള്ളി – മൂത്തകുന്നം റീച്ചിൽ നിലവിൽ ഇവിടെ മാത്രമാണു മേൽപാലത്തിലൂടെ വാഹനം കടത്തിവിടുന്നുള്ളൂ. ഇടപ്പള്ളി – മൂത്തകുന്നം റീച്ചിലെ നിർമാണം 63 ശതമാനം പൂർത്തിയായതായി നിർമാണം നടത്തുന്ന ഓറിയന്റൽ സ്ട്രക്ചറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതർ പറഞ്ഞു. 2026 മേയിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. മഴക്കാലത്തിനു ശേഷം റോഡ് ടാറിങ്ങിനുള്ള കാര്യങ്ങൾ സജീവമാകും.
വരുന്ന ഏതാനും മാസങ്ങളിൽ മഴ ശക്തമാകുമ്പോൾ നിർമാണം പൂർണമായി നിലയ്ക്കും.മണ്ണ്, കല്ല് എന്നിവയുടെ ദൗർലഭ്യം ഇപ്പോഴും തുടരുന്നതു നിർമാണത്തെ ബാധിക്കുന്നുണ്ട്. 2022 ഒക്ടോബറിൽ ആരംഭിച്ച നിർമാണം രണ്ടര വർഷം പിന്നിട്ടിട്ടും ഓറിയന്റൽ കമ്പനിക്ക് കല്ലെടുക്കാൻ ക്വാറി ലഭിച്ചിട്ടില്ല. അടുത്തിടെ സർക്കാർ ചാലക്കുടിയിൽ ക്വാറി അനുവദിച്ചെങ്കിലും തുടർനടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്. നിർമാണത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ കരാർ കമ്പനി ചാലക്കുടിയിൽ സ്ഥാപിച്ച ക്രഷർ യൂണിറ്റ് ഇതുവരെ പ്രവർത്തിപ്പിക്കാനും കഴിഞ്ഞിട്ടില്ല. പലയിടത്തും മണ്ണെടുക്കുന്നതിനു ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കുന്നു.
മണ്ണും ചെളിയും പുഴയിൽ നിന്നെടുക്കാൻ സർക്കാർ തീരുമാനം വന്നിട്ടുണ്ടെങ്കിലും ഡ്രജ് ചെയ്ത് തുടങ്ങിയിട്ടില്ല. മണ്ണിന്റെയും കല്ലിന്റെയും ദൗർലഭ്യം പരിഹരിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിലവിൽ തമിഴ്നാട്ടിൽ നിന്നാണ് കല്ല് കൊണ്ടുവരുന്നത്. റോഡ് നിർമാണത്തിലേക്ക് കടന്നാൽ കല്ലും മണ്ണും ധാരാളം വേണം. ആ സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവരിക പ്രായോഗികമല്ല. ഉയരം കൂട്ടി വരാപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിൽ 3 വരി പാതയാണ് ഉണ്ടാകുക. നിലവിലുള്ള പാലം 2 വരിയായി നിലനിർത്തും. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മൂടിപ്പോയ കാനകൾ മഴക്കാലത്തിനു മുൻപേ തുറക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു.