വൈപ്പിൻ∙ മൂത്തു പഴുത്ത ചക്കര മാമ്പഴത്തേക്കാൾ മധുരമുണ്ടാകും ഈ മനസ്സുകൾക്ക്. തലമുറകളായി ഒരു നാടിനെ തേനൂട്ടിയ മാവുകളുടെ ചുവട്ടിൽ നാട്ടുകാർക്കൊപ്പം മാങ്ങാ മധുരം നുണയാൻ ഇക്കുറി ഇവരുമുണ്ടാകും.
കോതമംഗലത്തുകാരൻ ജിം വർഗീസും സുഹൃത്തുക്കളായ സോജൻ മത്തായിയും സാജു ഏബ്രഹാമും. മലയാള പഴനിയെന്ന് പേരുകേട്ട
ചെറായി ഗൗരീശ്വര ക്ഷേത്രാങ്കണത്തിലെ നൂറ്റാണ്ട് പഴക്കമുള്ള മൂന്ന് മാവുകളുടെ വിസ്മൃതിയിലായ മാമ്പഴരുചി തിരികെ പിടിക്കാനാണ് ഇവരുടെ വരവ്. അതിന് എല്ലാ പിന്തുണയുമായി ക്ഷേത്രത്തിന്റെ ഉടമസ്ഥരായ വിജ്ഞാന വർധിനി സഭയുടെ ഭാരവാഹികളുമുണ്ട്.
മൺമറഞ്ഞു പോകുന്ന തനത് മാവുകളെ സംരക്ഷിക്കാനായി രൂപം കൊണ്ട
‘നാടൻ മാവുകൾ’ എന്ന സാമൂഹിക മാധ്യമ കൂട്ടായ്മയിലെ സജീവ അംഗമാണ് ജിം വർഗീസ്. കേരളത്തിൽ ഉടനീളം സഞ്ചരിച്ച് അറിയപ്പെടാത്ത മാമ്പഴ ഇനങ്ങളെ കണ്ടെത്തി അവയുടെ രുചി മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും ഒപ്പം അവയുടെ വിത്തുകൾ ശേഖരിച്ച് ഇനം കുറ്റിയറ്റു പോകുന്നത് തടയുകയും ചെയ്യുന്നത് ദിനചര്യയാക്കിയവരാണ് ഗ്രൂപ്പിലെ അരലക്ഷത്തിലേറെ വരുന്ന അംഗങ്ങൾ.
നാടൻ മാവുകളുടെ സംരക്ഷണത്തിനായി ഐഎംടിസി (ഇൻഡിജീനസ് മാംഗോ ട്രീ കൺസർവേഷൻ പ്രൊജക്ട്) എന്ന ഒരു പദ്ധതിയും ഇവർ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
കൂട്ടായ്മയുടെ നേതൃത്വത്തിൽ അടുത്ത കാലത്ത് തൃശൂരിൽ നടത്തിയ പ്രദർശനത്തിൽ സംഘാടകരെ പോലും അതിശയിപ്പിച്ച് കേരളത്തിൽ നിന്നു മാത്രം എത്തിയത് ആയിരത്തോളം ഇനം മാങ്ങകളാണ്.പന്തൽ,ചക്കര,കടുക്കാച്ചി ഇനങ്ങളിൽപ്പെട്ട മൂന്ന് പ്രായമേറിയ മാവുകൾ ചെറായി ക്ഷേത്ര മൈതാനത്ത് ഉണ്ടെന്ന വിവരമാണ് ജിം വർഗീസിനെയും സുഹൃത്തുക്കളെയും ഇവിടേക്ക് എത്തിച്ചത്.
മാമ്പഴം രുചിക്കാമെന്നും വിത്ത് ശേഖരിക്കാമെന്നുമുള്ള പ്രതീക്ഷയോടെയായിരുന്നു വരവെങ്കിലും മൂന്നു മാവുകളിലെയും മാങ്ങകൾ കണ്ണിമാങ്ങ പരുവത്തിൽ തന്നെ വിറ്റു പോകുന്നതാണ് പതിവെന്ന വിവരമാണ് അവരെ കാത്തിരുന്നത്.
അതുകൊണ്ടു തന്നെ നാട്ടുകാർക്ക് പോലും മാവുകളിലെ വ്യത്യസ്ത രുചികൾ അപരിചിതം. എങ്കിൽ അതൊന്ന് അവരെ പരിചയപ്പെടുത്തിയിട്ട് തന്നെ കാര്യം എന്ന് ഉറപ്പിച്ചു ജിമ്മും കൂട്ടരും.
അത് നടപ്പാവണമെങ്കിൽ ആരും പറിക്കാതെ മാങ്ങകൾ മൂത്തു പഴുത്തു കിട്ടണം. അതിനായി 15,000 രൂപയോളം നൽകി മൂന്നു മാവുകളിലെയും മാങ്ങയുടെ അവകാശം സുഹൃദ് സംഘം സ്വന്തമാക്കി. പക്ഷേ മാങ്ങ പഴുത്തു കഴിഞ്ഞാൽ ആ അവകാശം അവർക്കു മാത്രമല്ല മാവിൻ ചുവട്ടിലെത്തുന്ന എല്ലാവർക്കും ഉണ്ടായിരിക്കുമെന്നു മാത്രം.
ആർക്കും മൈതാനത്തെത്തി മാമ്പഴം പെറുക്കാം, രുചിക്കാം, വിത്തു നട്ട് നാടാകെ തൈകൾ നിറയ്ക്കാം. സാക്ഷികളായി നിറഞ്ഞ മനസ്സോടെ ജിം വർഗീസും കൂട്ടുകാരും ഉണ്ടാവും.
കടുക്കാച്ചി മാവിനെപ്പോലും ഞെട്ടിക്കുന്ന കിടുക്കാച്ചി ഐഡിയയെന്ന് വിശേഷിപ്പിച്ച് നാട്ടുകാരും ഈ ഉദ്യമത്തിന് തങ്ങളുടെ പിന്തുണയറിയിച്ചു കഴിഞ്ഞു.
‘എനിക്കാവതില്ലേ പൂക്കാതിരിക്കാൻ …’ എന്ന കവി വാക്യം പടിഞ്ഞാറൻ കാറ്റിൽ തലയാട്ടി നിൽക്കുന്ന മാവുകളും മനസ്സിൽ മൂളുന്നുണ്ടാവാം. ഇക്കുറി ഒരു നാടിനെയാണല്ലോ അവർക്ക് മധുരമൂട്ടേണ്ടത്. മൈതാനത്തിനൊപ്പം മനസ്സും നിറയ്ക്കുന്ന ആ ദിനത്തിനായാണ് ഇനി ചെറായിയുടെ കാത്തിരിപ്പ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

