കാക്കനാട്∙ ചൊവ്വാഴ്ചത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഇലക്ഷൻ ഓഫിസർ കൂടിയായ കലക്ടർ ജി.പ്രിയങ്ക. നാളെ രാവിലെ വോട്ടെടുപ്പു സാമഗ്രികളുമായി ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകളിലേക്കു പുറപ്പെടും.
വൈകുന്നേരത്തോടെ എല്ലാ ബൂത്തുകളും സജ്ജമാകും. ബൂത്തുകളിലെ പോരായ്മകൾ കണ്ടെത്താനും വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറുണ്ടായാൽ പരിഹരിക്കാനുമായി പട്രോളിങ് യൂണിറ്റുകൾ രംഗത്തുണ്ടാകും.
സംസ്ഥാന സർക്കാർ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാരെയാണു പോളിങ് ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ഇവരെ ബൂത്തുകളിലെത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
2,220 വാർഡുകളിലായി 7,374 സ്ഥാനാർഥികൾ
ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലെ 2,220 വാർഡുകളിലേക്കാണു തിരഞ്ഞെടുപ്പ്.
7,374 സ്ഥാനാർഥികൾ മത്സരിക്കുന്നു. 26,67,746 വോട്ടർമാർക്കായി 3,021 പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.
82 ഗ്രാമ പഞ്ചായത്തുകളിലെ 1,467 വാർഡുകളിലായി 4,827 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 14 ബ്ലോക്ക് പഞ്ചായത്തുകളിലെ 202 വാർഡുകളിലേക്ക് 636 സ്ഥാനാർഥികളും ജില്ലാ പഞ്ചായത്തിലെ 28 ഡിവിഷനുകളിലേക്ക് 108 സ്ഥാനാർഥികളും മത്സരിക്കുന്നു.
കൊച്ചി കോർപറേഷനിലെ 76 ഡിവിഷനുകളിൽ 363 സ്ഥാനാർഥികളുണ്ട്. 13 മുനിസിപ്പാലിറ്റികളിലെ 447 വാർഡുകളിലായി 1,440 സ്ഥാനാർഥികൾ മത്സരിക്കുന്നു.
സ്ഥാനാർഥികളിൽ കൂടുതൽ വനിതകൾ
ജില്ലയിലെ വോട്ടർമാരിലും സ്ഥാനാർഥികളിലും സ്ത്രീകളാണു കൂടുതൽ.
13,88,544 സ്ത്രീകളും 12,79,170 പുരുഷൻമാരും 32 ട്രാൻസ്ജെൻഡർ വിഭാഗക്കാരും വോട്ടർ പട്ടികയിലുണ്ട്. 3,917 വനിത സ്ഥാനാർഥികളും 3,457 പുരുഷ സ്ഥാനാർഥികളുമാണു മത്സരരംഗത്തുള്ളത്.
ഗ്രാമ പഞ്ചായത്തുകളിൽ മാത്രം 2,579 വനിതകളും 2,248 പുരുഷൻമാരും മത്സരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 336 വനിതകളും 300 പുരുഷൻമാരുമാണു സ്ഥാനാർഥികൾ.
മുനിസിപ്പാലിറ്റികളിലേക്ക് 750 വനിതകളും 690 പുരുഷൻമാരും കൊച്ചി കോർപറേഷനിലേക്ക് 202 വനിതകളും 161 പുരുഷൻമാരും മത്സരിക്കുന്നു. ജില്ലാ പഞ്ചായത്തിൽ മാത്രമാണു സ്ഥാനാർഥികളുടെ എണ്ണത്തിൽ പുരുഷന്മാർക്കു മുൻതൂക്കം– 58 പുരുഷൻമാരും 50 വനിതകളും.
ബൂത്തുകളിലേക്ക് 10,526 യന്ത്രങ്ങൾ
വോട്ടു ചെയ്യാനായി ജില്ലയിലെ പോളിങ് ബൂത്തുകളിലേക്ക് 10,526 വോട്ടിങ് യന്ത്രങ്ങളാണ് നൽകുന്നത്.
7,490 ബാലറ്റ് യൂണിറ്റുകളും 3,036 കൺട്രോൾ യൂണിറ്റുകളുമാണ് ഇതിലുൾപ്പെടുന്നത്. പഞ്ചായത്ത് ബൂത്തുകളിൽ 3 വോട്ടുകൾ ചെയ്യണമെന്നതിനാൽ 3 ബാലറ്റ് യൂണിറ്റുകളുണ്ടാകും.
മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും ഒരു ബാലറ്റ് യൂണിറ്റാണ് ഉണ്ടാകുക. നോട്ട
ഇല്ലാത്തതിനാൽ നിഷേധ വോട്ടു ചെയ്യാനാകില്ല. ബൂത്തിലെത്തിയാൽ വോട്ടു ചെയ്യേണ്ടി വരും.
അതേസമയം 3 വോട്ടുകൾ ചെയ്യേണ്ട പഞ്ചായത്ത് ബൂത്തുകളിൽ ഒന്നോ രണ്ടോ വോട്ടുകൾ മാത്രം ചെയ്യാൻ സൗകര്യമുണ്ടാകും.
3 വോട്ട് ചെയ്യാൻ താൽപര്യമില്ലാത്തവർ ഒന്നോ രണ്ടോ വോട്ടു ചെയ്ത ശേഷം അവസാന ബാലറ്റ് യൂണിറ്റിലെ എൻഡ് ബട്ടൺ അമർത്തിയാൽ ബൂത്തു വിടാം.
പോളിങ് ഉദ്യോഗസ്ഥർ നാളെ ബൂത്തിലെത്തും
പോളിങ് ബൂത്തുകളിലേക്കുള്ള വോട്ടെടുപ്പ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നാളെ രാവിലെ പുറപ്പെടും. സാമഗ്രികളുടെ വിതരണത്തിനു 28 കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
നാളെ രാവിലെ 8ന് പോളിങ് ജീവനക്കാർ ഈ കേന്ദ്രങ്ങളിലാണ് ഹാജരാകേണ്ടത്. 14,544 ഉദ്യോഗസ്ഥരെയാണ് പോളിങ്ങിനു നിയോഗിച്ചിരിക്കുന്നത്.
ഇതിൽ 20 ശതമാനം പേർ റിസർവിലാണ്. പ്രിസൈഡിങ് ഓഫിസറും 3 പോളിങ് ഓഫിസർമാരുമാണ് ബൂത്തിൽ സേവനമനുഷ്ഠിക്കുക.
സുരക്ഷയ്ക്കു പൊലീസുമുണ്ടാകും. ത്രിതല വോട്ടെടുപ്പ് നടത്തേണ്ടതുള്ളതിനാൽ പഞ്ചായത്ത് ബൂത്തുകളിലേക്കു മാത്രം 10,476 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
മുനിസിപ്പൽ ബൂത്തുകളിലേക്ക് 2,368 പേരെയും കോർപറേഷൻ ബൂത്തുകളിലേക്ക് 1,700 പേരെയുമാണ് വോട്ടെടുപ്പ് ജോലിക്കു നിയോഗിച്ചിരിക്കുന്നത്. പോളിങ് ജീവനക്കാർ നാളെ രാത്രി ബൂത്തുകളിലാകും കഴിയുക.
ചൊവ്വാഴ്ച വോട്ടെടുപ്പു തുടങ്ങും മുൻപു വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത സ്ഥാനാർഥികളെയും അവരുടെ ഏജന്റുമാരെയും ബോധ്യപ്പെടുത്തും.
പ്രശ്ന ബൂത്തിൽ സുരക്ഷ കൂട്ടും
ജില്ലയിൽ 72 പ്രശ്നസാധ്യതാ ബൂത്തുകളുണ്ട്. ഇവിടങ്ങളിൽ സിസി ടിവി ക്യാമറകളും കൂടുതൽ സുരക്ഷ സംവിധാനങ്ങളും ഏർപ്പെടുത്തും.
കലക്ടറേറ്റിലെ കൺട്രോൾ റൂമിലിരുന്നു ഉദ്യോഗസ്ഥർ ഈ ബൂത്തുകളിലെ വോട്ടെടുപ്പ് ലൈവായി വീക്ഷിക്കും. കൂടുതൽ പൊലീസിനെയും നിയോഗിക്കും.
മുൻപ് പ്രശ്നങ്ങളുണ്ടായ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തി പ്രശ്നസാധ്യത ബോധ്യപ്പെട്ടതിനു ശേഷമാണ് 72 ബൂത്തുകളുടെ പട്ടിക കലക്ടർക്കു പൊലീസ് സമർപ്പിച്ചത്. ജനങ്ങളെ ആശങ്കപ്പെടുത്താതിരിക്കാനും വോട്ടെടുപ്പിനെ ബാധിക്കാതിരിക്കാനുമായി പ്രശ്നസാധ്യതാ ബൂത്തുകളുടെ പേരു പരസ്യപ്പെടുത്തിയിട്ടില്ല.
വോട്ടെടുപ്പ് രാവിലെ 7ന് ആരംഭിക്കും
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പു രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ്.
സ്ഥാനാർഥികളുടെ ഏജന്റുമാർ രാവിലെ 6ന് മുൻപ് ബൂത്തുകളിലെത്തണം. 6നാണു മോക് പോളിങ്.
വൈകിട്ട് 6ന് ബൂത്തുകളുടെ ഗേറ്റ് അടക്കും. ആ സമയത്ത് ക്യൂവിൽ നിൽക്കുന്നവർക്കു ടോക്കൺ നൽകും.
അവർ വോട്ടു ചെയ്തു തീരും വരെ വോട്ടെടുപ്പു തുടരും. 6നു ശേഷം ആരെയും ബൂത്തു വളപ്പിലേക്ക് പ്രവേശിപ്പിക്കില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

