ഫോർട്ട്കൊച്ചി∙ കൊച്ചി രൂപത മെത്രാൻ ഡോ. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേകത്തിനു പരേഡ് മൈതാനം ഒരുങ്ങി.
12,000 പേരുടെ ഇരിപ്പിടത്തോടു കൂടിയ പന്തലിന്റെയും 300 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേജിന്റെയും നിർമാണം പൂർത്തിയായി. തിരുക്കർമങ്ങൾ ഉച്ചയ്ക്ക് 2.30നു മെത്രാസന മന്ദിരത്തിൽനിന്നു പ്രദക്ഷിണത്തോടെ ആരംഭിക്കും.
തിരുവസ്ത്രങ്ങൾ അണിഞ്ഞ മെത്രാന്മാരും വൈദികരും ചേർന്ന് നിയുക്ത മെത്രാനെ പരേഡ് മൈതാനത്തെ സാന്താക്രൂസ് സ്ക്വയറിലേക്ക് ആനയിക്കും. കൊച്ചി രൂപതയിലെ 51 ഇടവകകളിൽനിന്ന് എത്തുന്ന പ്രതിനിധികൾ ദർശനക്കുരിശേന്തി മുൻനിരയിൽ അണിനിരക്കും.
ഇടവകക്കുരിശിന്റെ ഇടതുവശത്ത് ഇടവകയുടെ കൊടിയും വലതു വശത്ത് പേപ്പൽ പതാകയേന്തിയ, പരമ്പരാഗത വേഷമണിഞ്ഞ ഇടവക പ്രതിനിധികളും അണിനിരക്കും.
1505ൽ സ്ഥാപിക്കപ്പെട്ട പ്രഥമ ബസിലിക്കയുടെ അവശേഷിക്കുന്ന തൂണുകളിലൊന്നിൽ നിയുക്ത മെത്രാനും കാർമികരും പുഷ്പാർച്ചന നടത്തും.
വേദിയുടെ പ്രധാന കവാടത്തിലൂടെ നിയുക്ത മെത്രാനും വിശിഷ്ട വ്യക്തികളും വേദിയിലേക്കു പ്രവേശിക്കും.
3 മണിയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. തിരുവസ്ത്രങ്ങളണിഞ്ഞ മെത്രാന്മാരും വൈദികരും വേദിയിലേക്ക് 3ന് എത്തും.
പരേഡ് മൈതാനവും പരിസര പ്രദേശങ്ങളും മെത്രാസന മന്ദിരവും വർണ ബൾബുകളാൽ അലങ്കരിച്ചിട്ടുണ്ട്.
വഴിയോരങ്ങളിൽ കട്ടൗട്ടുകളും ആശംസാ ബോർഡുകളും നിരന്നു. ഐഎൻഎസ് ദ്രോണാചാര്യ റോഡിലെ കൂറ്റൻ മഴമരങ്ങളുടെ തടിയിൽ മഞ്ഞ, വെള്ള തുണികൾ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്.
12 കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.
ഇന്നു ഗതാഗത നിയന്ത്രണം
ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. കാറുകളും ഇരുചക്രവാഹനങ്ങളും പപ്പങ്ങമുക്കിൽനിന്നു വലതുഭാഗത്തേക്കു തിരിഞ്ഞ് ബീച്ച് റോഡ് വഴി ദ്രോണാചാര്യയുടെ മുൻപിലുള്ള റോഡിലൂടെ പാർക്കിങ് സ്ഥലങ്ങളിലേക്കു പോകണം. കാറുകൾ സാന്താക്രൂസ് സ്കൂൾ മൈതാനം, ഡെൽറ്റ സ്റ്റഡി സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ഇരുചക്രവാഹനങ്ങൾ സെന്റ് ആൻഡ്രൂസ് പേ ആൻഡ് പാർക്കിലും ആംഫോഴ്സ് ട്രൈബ്യൂണൽ ഓഫിസ്, പട്ടാളം മൈതാനം, സൗത്ത് ബീച്ച് മൈതാനം, ഫാത്തിമ സ്കൂൾ മൈതാനം എന്നീ സ്ഥലങ്ങളിലും പാർക്ക് ചെയ്യണം.
ബസുകൾ, മിനി ബസ്, ടെംപോ ട്രാവലറുകൾ എന്നിവ കഴുത്തുമുട്ട് ജംക്ഷനിൽനിന്നു തിരിഞ്ഞ് കൂവപ്പാടം, വെളി ജംക്ഷൻ, കെ. ബി.
ജേക്കബ് റോഡിലൂടെ ഞാലിപ്പറമ്പിൽ യാത്രികരെ ഇറക്കിയശേഷം അതത് പാർക്കിങ് ഏരിയയിലേക്കു പോകണം. ബസുകൾ വെളി കോർപറേഷൻ മൈതാനം, ഇഎംജിഎച്ച്എസ് മൈതാനം, സാന്താ മരിയ ഗ്രൗണ്ട് (പരിപ്പ് ജംക്ഷൻ), മുണ്ടംവേലി സെന്റ് ലൂയീസ് പള്ളി മൈതാനം എന്നിവിടങ്ങളിലാണു പാർക്ക് ചെയ്യേണ്ടത്.
ഗായകസംഘത്തിൽ 170 പേർ
170 പേർ അടങ്ങുന്ന ഗായകസംഘമാണു തിരുക്കർമങ്ങളിൽ ഗാനങ്ങൾ ആലപിക്കുക.
മലയാളം, ലത്തീൻ ഭാഷകളിൽ ഇവർ ഗാനങ്ങൾ ആലപിക്കും. ഫാ.
റാഫി കൂട്ടുങ്കൽ, ഫാ. ബിബിൻ ജോർജ് തറേപ്പറമ്പിൽ എന്നിവർ ഗായകസംഘത്തിനു നേതൃത്വം നൽകും.
ജർസൻ ആന്റണി, ജിൻസൻ പീറ്റർ, ജാക്സൺ അരൂജ, പ്രിൻസ് ജോസഫ് തുടങ്ങിയവരാണു സംഗീതം നൽകുന്നത്. കെസ്റ്റർ, ബിബിൻ, റിയാ ദാസ് തുടങ്ങിയവർ പാടും.
മെത്രാഭിഷേക ശുശ്രൂഷാഗാന പ്രകാശനം ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ നിയുക്ത ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു.
ചാൻസലർ ഫാ.
ഡോ. ജോണി സേവ്യർ പുതുക്കാട്ട്, മീഡിയ കമ്മിറ്റി കൺവീനർ ഫാ.
പ്രിൻസ് മാളിയേക്കൽ, ഫാ. പോൾ, ഫാ.
പ്രിൻസ് പുത്തൻചക്കാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കൊച്ചിയിലെ ബെൻസ് മ്യൂസിക് ആണ് ശുശ്രൂഷാകർമത്തിലെ 5 ഗാനങ്ങളുടെ പ്രൊഡക്ഷൻ നിർവഹിച്ചത്.
ബനഡിക്ട് ക്ലീറ്റസ് ആണു പ്രൊഡ്യൂസർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

