അങ്കമാലി ∙ അങ്കമാലി- കുണ്ടന്നൂർ ബൈപാസിന്റെ പുനർവിജ്ഞാപനം പ്രതീക്ഷിച്ച് ഭൂവുടമകൾ. ആദ്യം പുറപ്പെടുവിച്ച 3 എ വിജ്ഞാപനം റദ്ദായതിനാൽ 3 എ വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കുമെന്നു ബൈപാസ് പദ്ധതിയുടെ അവലോകന യോഗത്തിൽ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു.
ഈ മാസം തന്നെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് സംസ്ഥാന സർക്കാരും പറയുന്നത്. ദേശീയപാത അതോറിറ്റിയുടെയും സംസ്ഥാനസർക്കാരിന്റെയും വാഗ്ദാനങ്ങൾ നടപ്പായില്ലെങ്കിൽ പ്രതിസന്ധിയിലാകുന്നത് ഭൂവുടമകളാണ്.
ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരം പ്രതീക്ഷിച്ച് മറ്റിടങ്ങളിൽ സ്ഥലം വാങ്ങുന്നതിന് അഡ്വാൻസ് നൽകിയവർ ഒട്ടേറെയാണ്.
വിജ്ഞാപനം റദ്ദായതോടെ റോഡ് കടന്നു പോകുന്ന ജില്ലയിലെ 18 വില്ലേജുകളിലെയും ഭൂവുടമകളും ആശങ്കയിലാണ്. ഭൂരിഭാഗം വില്ലേജുകളിലും കല്ലിടൽ പൂർത്തിയാകുകയും വിജ്ഞാപനം റദ്ദാകുകയും ചെയ്തതോടെ വേറെ സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകിയ തുക നഷ്ടമാകുമെന്ന ഭീതിയുണ്ട്.
ഏറ്റെടുക്കുന്ന സ്ഥലത്ത് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചതിനാൽ ഭൂമി വിൽക്കാനും ബാങ്കിൽ പണയം വയ്ക്കാനും തടസ്സങ്ങളുണ്ട്. പുനർവിജ്ഞാപനം വന്നാൽ 2 മാസത്തിനുള്ളിൽ അവശേഷിക്കുന്ന പ്രദേശത്ത് സർവേ നടപടി പൂർത്തിയാക്കുമെന്നു ദേശീയപാത അധികൃതർ അവലോകന യോഗത്തിൽ അറിയിച്ചിരുന്നു.
അങ്കമാലി വില്ലേജിൽ മഞ്ഞപ്ര റോഡ് മുതൽ ദേശീയപാത വരെയുള്ള 600 മീറ്റർ ഭാഗങ്ങളിലും തുറവൂർ വില്ലേജിലെ കല്ലുപാലം ഭാഗത്ത് 400 മീറ്ററിലും കറുകുറ്റി വില്ലേജിൽ കരയാംപറമ്പ് ഭാഗത്ത് 600 മീറ്റർ നീളത്തിലും നിലവിൽ കല്ലിടൽ പൂർത്തിയാക്കാനുണ്ട്.കല്ലിട്ടതിനു ശേഷമുള്ള സർവേ പറവൂരിലെ ഭൂമി ഏറ്റെടുക്കൽ ഓഫിസിലെ ഉദ്യോഗസ്ഥരാണ് പൂർത്തിയാക്കേണ്ടത്.
സർവേ പൂർത്തിയാക്കിയ 25 % ഭൂമിയുടെ വിവരങ്ങൾ മാത്രമേ മുൻപ് ഈ ഉദ്യോഗസ്ഥർക്കു ഭൂമി രാശി സൈറ്റിൽ അപ് ലോഡ് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു.
50% ഭൂമിയുടെയെങ്കിലും വിവരങ്ങൾ ഭൂമിരാശി പോർട്ടലിൽ അപ്ലോഡ് ചെയ്താൽ മാത്രമേ ദേശീയപാത അതോറിറ്റിക്ക് 3 ഡി വിജ്ഞാപനം ഇറക്കാൻ കഴിയുമായിരുന്നുള്ളു. ഉദ്യോഗസ്ഥരുടെ കുറവാണ് സർവേ വൈകിപ്പിച്ചത്.
ആദ്യം പുറപ്പെടുവിച്ച 3 എ വിജ്ഞാപനം റദ്ദാകുന്നതിനു 2 മാസം മുൻപു മാത്രമാണു സർവേ നടപടികൾക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചത്. ഇക്കാര്യം ഭൂവുടമകളും ജനപ്രതിനിധികളും പലവട്ടം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അതൊക്കെ അവഗണിച്ചു.
3എ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്നതിനു 2 മാസം മുൻപു മാത്രം ചേർന്ന അവലോകനയോഗത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]