പരിതാപകരം, ജനത ഫെറി: ബോട്ട് സർവീസ് അവസാനിപ്പിച്ചത് 12 വർഷം മുൻപ്
കുമ്പളങ്ങി∙ അരൂർ – കുമ്പളങ്ങി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ജനത ഫെറിയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. 12 വർഷം മുൻപാണ് സുരക്ഷാ മാനദണ്ഡങ്ങളില്ലന്ന കാരണത്താൽ ഫെറിയിലെ ബോട്ട് സർവീസ് അവസാനിപ്പിച്ചത്. പിന്നീടിത് പുനഃസ്ഥാപിക്കാൻ മാറി മാറിയെത്തിയ പഞ്ചായത്ത് ഭരണ സമിതികൾക്ക് കഴിയാഞ്ഞതാണ് പ്രശ്നമായത്. സർവീസ് നിർത്തലാക്കിയതോടെ വിദ്യാർഥികളടക്കമുള്ള നൂറുകണക്കിനാളുകളാണ് ദുരിതത്തിലായത്.
കുമ്പളങ്ങി ജനത ഫെറിയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെതിരെ കെഎൽസിഎയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ബോർഡ്.
ബോട്ട് സർവീസ് ഇല്ലാത്ത ഫെറിയിലേക്ക് ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കാതായി. കാലപ്പഴക്കം മൂലം ജെട്ടി കായലിലേക്ക് ഇരുന്നു പോയി. വേലിയേറ്റ സമയങ്ങളിൽ കായലിൽ നിന്ന് ജെട്ടിയിലേക്കും റോഡിലേക്കും വെള്ളം കയറുന്നു. മാത്രമല്ല, രാത്രികാലങ്ങളിൽ ഇവിടെ അറവു മാലിന്യമടക്കം തള്ളുന്നു.
ജെട്ടിയോട് ചേർന്നുള്ള സ്ഥലത്തു ഭക്ഷ്യ – പ്ലാസ്റ്റിക് മാലിന്യം നിറയുന്നു.
വേലിയേറ്റവും ദുർഗന്ധവും മൂലം പ്രദേശത്തുള്ളവർക്ക് ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥ. മുൻപ് മീൻപിടിത്ത വള്ളങ്ങൾ കയറ്റിവച്ചിരുന്ന ഫെറിയുടെ അവസ്ഥ ശോചനീയമായതോടെ മത്സ്യത്തൊഴിലാളികളും ബുദ്ധിമുട്ടുന്നു. മാത്രമല്ല, പഞ്ചായത്ത് 5 , 6 വാർഡുകൾ അതിർത്തി പങ്കിടുന്ന ഫെറിയിലേക്കുള്ള റോഡ് കാടുകയറിയിട്ടുണ്ട്. കാടുവെട്ടിത്തെളിക്കണമെന്നു പഞ്ചായത്തിനോട് സമീപവാസികൾ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. പ്രതിഷേധവുമായി സംഘടനകൾ
ജനത ഫെറിയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു കെഎൽസിഎയും മത്സ്യത്തൊഴിലാളി കോൺഗ്രസും രംഗത്തെത്തി.
ഫെറിയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെതിരെ കെഎൽസിഎ രൂപത സമിതിയും സേക്രഡ് ഹാർട്ട് പള്ളി യൂണിറ്റും ചേർന്ന് പള്ളിക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചു. അടുത്ത ദിവസം തന്നെ കോൺവന്റ് പരിസരത്തു പ്രതിഷേധ പരിപാടി നടത്തുമെന്ന് രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ പറഞ്ഞു.
ജനത ഫെറി പുനർനിർമിച്ചു മത്സ്യത്തൊഴിലാളികളുടെ വള്ളവും തൊഴിലുപകരണങ്ങളും സംരക്ഷിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടു മത്സ്യത്തൊഴിലാളി കോൺഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് കമ്മിറ്റി നാളെ 10നു ഫെറിയിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ഷിജു കുരിശുപറമ്പിൽ, ജില്ലാ സെക്രട്ടറി ആന്റണി തട്ടാലിത്തറ എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]