
വൈറ്റിലയിലെ കുരുക്കഴിക്കുമെന്നു മന്ത്രി ഗണേഷ്; തൃപ്പൂണിത്തുറയ്ക്കും കടവന്ത്രയ്ക്കും ഒറ്റവരി ഗതാഗതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ വൈറ്റില ജംക്ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി ജംക്ഷനിൽനിന്നു കടവന്ത്ര ഭാഗത്തേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും ഗതാഗതം ഒറ്റവരിയാക്കും. ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംക്ഷനായ വൈറ്റിലയിൽ നേരിട്ടു പരിശോധനയ്ക്ക് ഉന്നത ഉദ്യോഗസ്ഥരുമായി എത്തിയതായിരുന്നു മന്ത്രി. ജംക്ഷനിൽനിന്നു തൃപ്പൂണിത്തുറ റോഡിലേക്കു താൽക്കാലിക ഡിവൈഡർ കെട്ടിയാകും ഗതാഗതം ഒറ്റവരിയാക്കുക. കുരുക്ക് ഒഴിവാക്കാനുള്ള പ്രാഥമിക നടപടിയാണു ഗതാഗതം ഒറ്റവരിയാക്കൽ.
കടവന്ത്രയിൽ നിന്നു പാലാരിവട്ടം–ഇടപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു വൈറ്റിലയിൽ ഇടത്തേക്കു തടസ്സമില്ലാതെ നീങ്ങാൻ ഫ്രീ ലെഫ്റ്റ് ഒരുക്കും. വൈറ്റില മേൽപാലത്തിനു താഴെയുള്ള ഡിവൈഡർ പൊളിച്ചുനീക്കി റോഡിനു വീതി കൂട്ടും. ഡിവൈഡർ പൊളിക്കുന്നതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷ. ഇടപ്പള്ളി–പാലാരിവട്ടം ഭാഗത്തേക്കുള്ള വാഹനങ്ങൾ വളരെ മുൻപുതന്നെ ഫ്രീ ലെഫ്റ്റ് ലൈനിൽ കയറി പോകാൻ ബോർഡ് വച്ചു മുന്നറിയിപ്പു നൽകും. ആലപ്പുഴ, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഈ ലൈനിൽ വരുന്നതു തടയും. ഇവർ ജംക്ഷനിലെത്തി റൗണ്ട് തിരിഞ്ഞുപോകണം. ആലപ്പുഴ ഭാഗത്തേക്കു തിരിയുമ്പോഴുള്ള ബസ് സ്റ്റോപ് അൽപംകൂടി മുന്നിലേക്കു മാറ്റി തടസ്സം ഒഴിവാക്കും.
വൈകിട്ടു നാലരയോടെ എത്തിയ മന്ത്രിയും സംഘവും ഒന്നര മണിക്കൂറോളം ജംക്ഷനിൽ പരിശോധന നടത്തി. മേയർ എം.അനിൽകുമാർ, ഗതാഗത സെക്രട്ടറി പി.ബി.നൂഹ്, റോഡ് സേഫ്റ്റി കമ്മിഷണർ നിതിൻ അഗർവാൾ, ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു, കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, കൗൺസിലർ സുനിത ഡിക്സൺ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയും: മന്ത്രി
കൊച്ചി∙ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ കർശന നടപടിയെടുക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ. വൈറ്റിലയിൽ ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് എത്തിയതായിരുന്നു അദ്ദേഹം. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസുകൾക്കു 10 മിനിറ്റ് ഇടവേളയിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ. ഗതാഗത കമ്മിഷണറുടെയും റോഡ് സുരക്ഷാ കമ്മിഷണറുടെയും റിപ്പോർട്ട് ലഭിച്ചാലുടൻ ഇതുസംബന്ധിച്ച ഉത്തരവിറക്കും. ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ അതിനെ സർക്കാർ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.