
സുരക്ഷ കടലിലൊഴുക്കി അന്ധകാരനഴി ബീച്ച്: അപകടങ്ങൾ പതിവുകാഴ്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരൂർ ∙ അന്ധകാരനഴി ബീച്ചിൽ അടിസ്ഥാന സൗകര്യവും സുരക്ഷയുമില്ലാത്തത് ബീച്ചിലെത്തുന്ന സഞ്ചാരികളെ അപകടത്തിൽപ്പെടുത്തുന്നത് നിത്യസംഭവമായി. ഞായറാഴ്ചയും ഒഴിവുദിവസങ്ങളിലെല്ലാം ഇവിടെ സഞ്ചാരികളെ കൊണ്ടു നിറയുകയാണ്. കടലിൽ ഇറങ്ങുന്നവർക്കു യാതൊരുവിധ സുരക്ഷ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തു തന്നെ ഏറ്റവും പ്രാധാന്യമുള്ള ബീച്ചുകളിൽ ഒന്നാണ് അന്ധകാരനഴി ബീച്ച്.
അതുകൊണ്ടുതന്നെ ഇവിടെ ബീച്ചിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അത്യാവശ്യമാണ്. സൂനാമി ഫണ്ട് ഉപയോഗിച്ച് സഞ്ചാരികൾക്കായി കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ ഉപയോഗശൂന്യമായ നിലയിലാണ്. ശുചിമുറികളുടെ ഗ്ലാസ് വാതിലുകൾ സാമൂഹിക വിരുദ്ധർ തല്ലിത്തകർത്ത് കെട്ടിടങ്ങൾക്കുള്ളിൽ ലഹരി സംഘത്തിന്റെ താവളമായി. വർഷങ്ങളായി ഇങ്ങനെ അവശിഷ്ടങ്ങളായി കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ പോലും അധികൃതർക്കു തയാറായിട്ടില്ല.
അന്ധകാരനഴി ബീച്ചിലെ കടൽ സൗന്ദര്യം ആസ്വദിക്കുന്നതിന് കടൽ ഭിത്തിയോട് ചേർന്ന് നിർമിച്ച നടപ്പാതയിൽ കൈവരികളും തകർന്ന നിലയിലാണ്. കൈവരികൾ നഷ്ടപ്പെട്ട നടപ്പാതയിലൂടെ സഞ്ചാരികൾ കയറിയിറങ്ങുന്നതു കുട്ടികൾ പലരും ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവാണ്. സഞ്ചാരികൾ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നതല്ലാതെ ജനങ്ങൾക്കാവശ്യമായ ഒരു കാര്യവും ബീച്ചിൽ ചെയ്തിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു.
വേനലവധിയായതോടെ മുതിർന്നവരും കുട്ടികളും എത്തുന്നതോടെ തിരക്കേറും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സുരക്ഷ കൂടുതൽ ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.