
ഇരുമ്പനം പുതിയ റോഡ് ജംക്ഷൻ: വാഹനങ്ങൾ മീഡിയനിലേക്ക് ഇടിച്ചുകയറുന്നു അപകടം ഇരമ്പുന്നു
ഇരുമ്പനം∙ സീപോർട്ട്–എയർപോർട്ട് റോഡിൽ ഇരുമ്പനം പുതിയ റോഡ് ജംക്ഷനിൽ അപകട നിരക്ക് വർധിക്കുന്നു.
നാലു വശങ്ങളിലെയും മീഡിയനുകളിലേക്ക് വാഹനങ്ങൾ ഇടിച്ചു കയറുന്ന സംഭവങ്ങൾ പതിവായി. കഴിഞ്ഞ ദിവസം രാത്രി ഒരേ സമയം 2 കാറുകളാണ് മീഡിയനിലേക്ക് ഇടിച്ചു കയറി അപകടത്തിൽപ്പെട്ടത്.
സീപോർട്ട്–എയർപോർട്ട് റോഡിൽ ഇരുമ്പനം പുതിയ റോഡ് ജംക്ഷനിൽ കാർ മീഡിയനിലേക്ക് ഇടിച്ചു കയറിയ നിലയിൽ.
അപകടത്തിൽ രണ്ട് കാറുകൾക്കും കാര്യമായ തകരാർ സംഭവിച്ചു.
കാറിലുണ്ടായിരുന്നവർക്ക് നേരിയ പരുക്കേറ്റു. അടുത്തിടെ ഇൗ ഭാഗത്ത് ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായത്.
3 മാസം മുൻപ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയ കാർ നിർത്താതെ പോയിരുന്നു. അമ്പലമുകൾ ഭാഗത്തേക്കുള്ള സിഗ്നൽ ലൈറ്റ് വാഹനം ഇടിച്ച് തകർത്തിട്ട് 3 മാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല.
ഏറ്റവും തിരക്കേറിയ റോഡിൽ സിഗ്നൽ സമയം വെറും 15 സെക്കൻഡ് മാത്രമാണ്. ഏറ്റവും പിന്നിലുള്ള വാഹനങ്ങൾക്ക് സിഗ്നൽ കടന്നു കിട്ടണമെങ്കിൽ 3 വട്ടമെങ്കിലും കാത്തിരിക്കണം.
കൂടാതെ സിഗ്നൽ കടക്കാൻ ഏറെ സ്പീഡിൽ വരുന്നതും അപകടം വർധിപ്പിക്കുന്നു. കൂടാതെ അമ്പലമുകളിൽ നിന്നു വരുന്ന ബുള്ളറ്റ് ടാങ്കറുകൾ സിഗ്നൽ കടന്നു കിട്ടണമെങ്കിലും ഏറെ സമയമെടുക്കുന്നുണ്ട്.
4 വശങ്ങളിലെയും മീഡിയനിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൂടാതെ ഇരുമ്പനം മുതൽ ചിത്രപ്പുഴ വരെയുള്ള ഭാഗത്ത് ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങ് അപകടം വിളിച്ചോതുന്നു.
അടുത്തിടെ ഒട്ടേറെ അപകടങ്ങളാണ് ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങും അമിത വേഗവും മൂലം ഉണ്ടായത്. റോഡരികിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നതും, പെട്ടെന്ന് റോഡിലേക്ക് വാഹനം എടുക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]