പെരുമ്പാവൂർ∙ പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 10 മാസം മുൻപു നിർമാണോദ്ഘാടനം നടത്തിയ വല്ലം–തൊടാപറമ്പ്–കാവുംപറമ്പ്– വഞ്ചിപ്പറമ്പ് റോഡ് നിർമാണം ഇഴയുന്നു. ഒക്ടോബർ 30നകം നിർമാണം പൂർത്തിയാക്കേണ്ട റോഡിന്റെ നിർമാണം 10% പോലും ആയിട്ടില്ല.
റോഡ് കുത്തിപ്പൊളിച്ചതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പൊടി ശല്യവും രൂക്ഷമായി.
ആയത്തുപടി, കല്ലമ്പലം, തൊടാപറമ്പ്, പിഷാരിക്കൽ, കാവുമ്പുറം വഴി വഞ്ചിപ്പറമ്പ് വരെ 5.97 കിലോമീറ്റർ ദൂരമുള്ള റോഡിനു 4.24 കോടി രൂപ ആണ് എസ്റ്റിമേറ്റ് തുക. റോഡിൽ 10 കലുങ്കുകൾ വേണം.
റോഡിന്റെ വീതി 4.05 മീറ്റർ ആണ് വേണ്ടത്. റോഡ് 17 സെന്റീമീറ്റർ കനത്തിൽ ഉയർത്തിയിട്ടു വേണം ടാറിങ് നടത്താൻ. പലസ്ഥലങ്ങളിലും 5 സെന്റീ മീറ്റർ കനത്തിൽ പോലും റോഡ് പൊക്കിയിട്ടില്ല.
എസ്റ്റിമേറ്റ് അനുസരിച്ച് കൃത്രിമ മണലും മെറ്റലും ചേർന്ന മിശ്രിതം (ജിഎസ്പി) 3158.22 ഘന മീറ്ററിൽ വിരിക്കണം.10 % ജിഎസ്പി വിരിച്ചിട്ടില്ല.
10 കലുങ്കുകൾ നിർമിക്കേണ്ടിടത്തു 2 കലങ്കുകളുടെ പണി മാത്രമാണ് നടക്കുന്നത്. 5 കലുങ്കുകൾക്കു പകരം ചപ്പാത്തുകൾ സ്ഥാപിക്കാനാണ് നീക്കമെന്നു നാട്ടുകാർ പറയുന്നു.
ആയത്തു പടി കല്ലമ്പലം തൊടാപ്പറമ്പ് പിഷാരിക്കൽ കാവുംപുറം പ്രദേശങ്ങൾ ഉൾപ്പെടുന്ന കൂവപ്പടി പഞ്ചായത്തിന്റെ നാലു വാർഡുകളിൽ കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്.
റോഡ് തുറക്കണം: ബിജെപി
പെരുമ്പാവൂർ ∙ എസ്റ്റിമേറ്റിൽ പറഞ്ഞത് അനുസരിച്ചുള്ള പണികൾ കൃത്യമായി ചെയ്തു സമയബന്ധിതമായി പൂർത്തിയാക്കി തുറന്നു കൊടുക്കണമെന്ന് ബിജെപി ന്യൂനപക്ഷമോർച്ച എറണാകുളം നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ, ന്യൂനപക്ഷമോർച്ച പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് ഷിജൻ ജോസഫ്, ബിജെപി മണ്ഡലം സെക്രട്ടറി മാർട്ടിൻ വർഗീസ് ബിജെപി കൂവപ്പടി ഏരിയ പ്രസിഡന്റ് പി.ടി. ഗോപകുമാർ, ജനറൽ സെക്രട്ടറി പി.
മോഹനൻ, ഏരിയ സെക്രട്ടറി ജോബി സാലസ്, ശശി വെള്ളിമറ്റം, കെ. പുരുഷോത്തമൻ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]