
മലയാറ്റൂർ∙ അടിവാരത്തെ മണപ്പാട്ടുചിറയുടെ തെക്കുഭാഗത്ത് തടയണ ചോർന്ന് വെള്ളം ഒഴുകുന്നത് ആശങ്കയുയർത്തുന്നു. 110 ഏക്കർ വിസ്തൃതിയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന മണപ്പാട്ടുചിറയുടെ പ്രധാന തടയണയിലാണ് ചോർച്ച.
ഇതു വർധിച്ചാൽ തടയണ പൊട്ടാനും ചിറയിലെ വെള്ളം ഗ്രാമപ്രദേശത്തേക്ക് കുത്തിയൊലിച്ച് വെള്ളപ്പൊക്കത്തിനു സമാനമായ നാശനഷ്ടം ഉണ്ടാകാനും കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷവും തടയണയിൽ ചോർച്ചയുണ്ടായിരുന്നു. ഇതേ തുടർന്ന് ഇടമലയാർ ഇറിഗേഷൻ വകുപ്പ് 30 ലോഡ് കല്ലും മണ്ണും ഇട്ടു ചോർച്ചയടച്ചു.
ഈ ഭാഗത്തു തന്നെയാണ് ഇപ്പോഴും ചോർച്ച.
ചിറയുടെ പടിഞ്ഞാറു ഭാഗത്ത് നേരത്തെയുണ്ടായ ചോർച്ചയും അടച്ചിരുന്നു. വേനൽക്കാലത്ത് ചിറയിലെ വെള്ളം വറ്റിച്ച് തടയണയിലെ ചോർച്ച പരിശോധിച്ച് പരിഹാരം കാണണമെന്നും അല്ലാതെ ചോർച്ചയുണ്ടാകുമ്പോൾ അതടച്ചതു കൊണ്ട് കാര്യമില്ലെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ ചിറയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല.
ചിറയുടെ അവകാശം സംബന്ധിച്ച് മലയാറ്റൂർ–നീലീശ്വരം പഞ്ചായത്തും ഇടമലയാർ ജലസേചന വകുപ്പും തമ്മിലുള്ള തർക്കം ഹൈക്കോടതിയിലാണ്.
2015ൽ ആണ് ചിറയുടെ അവകാശം പൂർണമായും അവകാശപ്പെട്ട് ഇടമലയാർ ജലസേചന വകുപ്പ് ചിറയിൽ ബോർഡ് സ്ഥാപിച്ചത്. അതുവരെ ചിറയുടെ ഉത്തരവാദിത്വം പഞ്ചായത്തും വെള്ളത്തിന്റെ ചുമതല മൈനർ ജലസേചന വകുപ്പുമാണ് നിർവഹിച്ചിരുന്നത്.
ഇടമലയാർ ജലസേചന കനാലിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഇപ്പോൾ ചിറ നിറച്ചു നിർത്തുന്നത്. ഇതേ തുടർന്നാണ് ഇടമലയാർ ജലസേചന വകുപ്പ് ചിറയുടെ പൂർണ അവകാശം ഉന്നയിച്ചത്. പഞ്ചായത്തും ഇടമലയാർ ജലസേചന വകുപ്പും തമ്മിലുള്ള തർക്കം മൂലം ചിറയിലെ വിനോദ സഞ്ചാര ബോട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.
പിന്നീട് കലക്ടറുടെ ഇടപെടലിനെ തുടർന്ന് ഇപ്പോൾ ടൂറിസം വകുപ്പാണ് ചിറയിൽ ബോട്ടിങ് നടത്തുന്നത്.
ചിറയോടു ചേർന്ന് കുട്ടികളുടെ പാർക്കുമുണ്ട്. നാടിനെയും വിനോദ സഞ്ചാരത്തെയും പ്രതികൂലമായി ബാധിക്കാതിരിക്കാൻ ചിറയുടെ ചോർച്ച അടയ്ക്കുന്ന കാര്യത്തിൽ അടിയന്തര നടപടി വേണമെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് കേരള കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ടി.ഡി.സ്റ്റീഫൻ അധികൃതർക്ക് നിവേദനം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]