
നെടുമ്പാശേരി ∙ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രജൻ പ്ലാന്റും ഹൈഡ്രജൻ ഇന്ധന വിതരണ കേന്ദ്രവും കൊച്ചി രാജ്യാന്തര വിമാനത്താവളത്തോടു ചേർന്ന് പ്രവർത്തന സജ്ജമായി. പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകാതെ നടക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് അത്താണി ദേശീയപാതയിൽ നിന്നാരംഭിക്കുന്ന റോഡരികിൽ ഗോൾഫ് കോഴ്സിന് എതിർ വശത്തായാണ് പ്ലാന്റും ഇന്ധന വിതരണ കേന്ദ്രവും സജ്ജമായിരിക്കുന്നത്.
ബിപിസിഎല്ലും കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയും (സിയാൽ) സംയുക്തമായാണ് പദ്ധതി പ്രാവർത്തികമാക്കിയിരിക്കുന്നത്.
25 കോടി രൂപയോളമാണ് പദ്ധതിയുടെ ചെലവ്.1000 കിലോവാട്ട് ആണ് സ്ഥാപിത ശേഷി.
പ്ലാന്റിന്റെ നിർമാണവും പ്രവർത്തനവും ബിപിസിഎൽ നിർവഹിക്കുമ്പോൾ പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സ്ഥലം, പ്ലാന്റിന്റെ പ്രവർത്തനത്തിനാവശ്യമായ ജലം തുടങ്ങിയവ സിയാൽ നൽകി. പ്രതിദിനം 220 കിലോഗ്രാം ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കാനാകും.
ആദ്യ ഘട്ടത്തിൽ വിമാനത്താവളത്തിലെ വ്യോമ ഭാഗത്ത് ഓടുന്ന ബസുകളിൽ ആയിരിക്കും ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുക. പുണെ കേന്ദ്രമായി പ്രവർത്തിക്കുന്ന കെപിഐടി ടെക്നോളജീസ് ഹൈഡ്രജൻ സെൽ ഉപയോഗിച്ച് ഓടുന്ന ബസ് ഇതിനായി തയാറാക്കിയിട്ടുണ്ട്. 9 മീറ്റർ നീളമുള്ള ബസിൽ 30 യാത്രക്കാരെ കയറ്റാനാകും. പിന്നീട് സംസ്ഥാനത്ത് ഹൈഡ്രജൻ വാഹനങ്ങൾ പ്രചാരത്തിലാകുന്നതോടെ പൊതു ജനങ്ങൾക്കും ലഭ്യമാക്കുന്ന വിധത്തിലാണ് പ്ലാന്റും വിതരണ കേന്ദ്രവും സജ്ജമാക്കിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]